റാപ്പർ വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിനിടെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കി. പൊയ്നാച്ചി സ്വദേശികളായ വേണുഗോപാൽ, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഡിസംബർ 29-നാണ് ഇവരുടെ മകൻ ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്. മകന്റെ മരണത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു ഇരുവരും. മകന്റെ അപ്രതീക്ഷിത മരണമാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ബേക്കിൽ ബീച്ച് ഫെസ്റ്റിൽ നടന്ന വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിരക്കിനിടെയാണ് ശിവാനന്ദിനെ ട്രെയിനിടിച്ചത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നാണ് വിവരം. പിന്നീട് ഇതുവഴി എത്തിയ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്.
പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് സ്ഥലത്തുണ്ടായിരുന്നത്. ആളുകളെ കയറ്റിവിടുന്നതിൽ സംഘാടകരുടെ ഭാഗത്ത് നിന്നും അനാസ്ഥ സംഭവിച്ചതായി വിവരമുണ്ട്. വേടൻ പരിപാടിക്കെത്താൻ വൈകിയതും തിരക്ക് കൂടാൻ കാരണമാവുകയായിരുന്നു.

