തിരുവനന്തപുരം: സംസ്ഥാനത്തെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ മാർച്ച് 9ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെന്തക്കോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ (SCCC) നേരിടുന്ന വിവിധ വിഷയങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കാൻ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ് സിൻഹ, ടി.വി. അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
പെന്തക്കോസ്ത് സഭാംഗങ്ങളെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണ്ണായക നീക്കം.
ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആനുപാതികമായി ലഭ്യമാക്കുക. ദളിത് ക്രൈസ്തവ സംവരണം അനുവദിക്കുക.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക. പാസ്റ്റർമാർക്കും സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക. സർക്കാർ ബോർഡുകളിലും ന്യൂനപക്ഷ കമ്മീഷനിലും പ്രാതിനിധ്യം ഉറപ്പാക്കുക. ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങളിൽ സത്വര നടപടി സ്വീകരിക്കുക. തുടങ്ങിയവയാണ് നിവേദനത്തിലെ മറ്റ് ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചാണ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുന്നത്.

