അര്‍ദ്ധരാത്രിയില്‍ അയല്‍ക്കാരന്‍റെ പറമ്പിലേക്ക് മാലിന്യസഞ്ചി വലിച്ചെറിയുവാന്‍ പാത്തും പതുങ്ങിയും വരുന്ന കോളേജദ്ധ്യാപകന്‍ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ആ മുഖത്തുണ്ടാകുന്ന ജാള്യത. ജ്വല്ലറിയുടമയോടു കിന്നരിക്കുന്നതിനിടയില്‍ വജ്രമോതിരം വാനിറ്റി ബാഗിലാക്കിയ ഹോളിവുഡ് നടിയെ സിസിടിവി കുടുക്കിയപ്പോഴുള്ള പൊട്ടിക്കരച്ചില്‍. ഫിനോല്‍ഫ്ത്തലീന്‍ പൗഡര്‍ പൂശിയ നോട്ടുകെട്ടുകള്‍ ആര്‍ത്തിയോടെ എണ്ണിയെടുത്ത് ഞെളിഞ്ഞിരിക്കുന്ന തഹസില്‍ദാരുടെ കൈകള്‍ ആന്‍റികറപ്ഷന്‍ ഓഫീസര്‍ പിടിച്ചു വെള്ളത്തില്‍ മുക്കുമ്പോഴുള്ള ആ ഭാവമാറ്റം. ഇവയൊക്കെത്തന്നെ സമൂഹമദ്ധ്യത്തില്‍ വെച്ച് മുഖംമൂടി മാറ്റപ്പെടുമ്പോഴുണ്ടാകുന്ന പരിഭ്രാന്തികളാണ്. നിലയും വിലയും മറന്ന് സ്വന്തം കയ്യിലിരിപ്പുകൊണ്ടു മാത്രം വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങളാണിവ. ആരുടെയും ഒരു സഹതാപവും അവര്‍ അര്‍ഹിക്കുന്നില്ല. 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം' എന്നത് ലോകനീതി. എന്നാല്‍ മനസ്സാഃ വാചാഃ കര്‍മ്മണാഃ യാതൊരു തെറ്റും ചെയ്യാത്ത നിരപരാധികള്‍ അനുഭവിക്കേണ്ടി വരുന്ന ചില നാണക്കേടുകളുണ്ട്. തികച്ചും വേദനാജനകവും ഹൃദയഭേദകവുമായ ആ അവസ്ഥയെക്കുറിച്ച് പ്രശസ്ത അമേരിക്കന്‍ ഹ്യൂമനിസ്റ്റായ 'ബ്രെനി ബ്രൗണ്‍' പറയുന്നു: "ഷെയിം ഈസ് ദി മോസ്റ്റ് പവര്‍ഫുള്‍ ഇമോഷന്‍. ഇറ്റ് ഈസ് ദി ഫിയര്‍ ദാറ്റ് വി ആര്‍ നോട്ട് ഗുഡ് ഇനഫ്." അതെ, പ്രതികരണശേഷി പോലും വിഫലമാകുമ്പോള്‍ ഒരു മനുഷ്യന്‍ താങ്ങേണ്ടിവരുന്ന അപമാനഭാരം. ലോക മലയാളീ സമൂഹം ഇന്ന് നിശ്ശബ്ദമായി അനുഭവിച്ചു തീര്‍ക്കുന്ന അതിഭീകരമായ ഒരു ദുരവസ്ഥയാണിത്. ഭൂമിയിലെവിടെപ്പോയി ഒളിച്ചാലും ഒരു വിഷാദരോഗം പോലെ, മുജ്ജډ ശാപം പോലെ നമ്മെ പിന്തുടരുന്ന ആ മൂകവേദനയെക്കുറിച്ചാണ് ഈ എളിയ ലേഖനം.
ആമുഖമായിത്തന്നെ ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. ധാര്‍മ്മിക ബോധവും മനഃസാക്ഷിയും ആത്മാഭിമാനവും അല്പമെങ്കിലും മനസ്സില്‍ സൂക്ഷിക്കുന്നവരെ മാത്രം ബാധിക്കുന്ന ഒരു വിഷയമാണിത്. പരസ്പര പൂരകങ്ങളായ ആ മൂന്നു ഗുണങ്ങളെയും സംരക്ഷിക്കുവാന്‍ വേണ്ടി അവര്‍ നടത്തുന്ന ധര്‍മ്മയുദ്ധത്തില്‍ എപ്പോഴും മേല്‍ക്കൈ നേടുന്നത് അധര്‍മ്മികളായിരിക്കും. അപ്രതിരോദ്ധ്യമായ ആ ഗതികേടും നിസ്സഹായാവസ്ഥയും അവരെ അവസാനം കൊണ്ടുചെന്നെത്തിക്കുന്നത് ഒരൊറ്റ വാക്കിലായിരിക്കും- 'ലജ്ജിക്കുന്നു.' അര്‍ത്ഥസംപുഷ്ടമായ ആ വാക്ക് ഇന്നു കേരളത്തിലെ യുവാക്കള്‍ ഒരു വായ്ത്താരിപോലെ ഏറ്റെടുത്തിരിക്കുന്നത് എന്തുകൊണ്ടെന്നു നോക്കാം.
ചതിയും വഞ്ചനയും കൊലയും കൊള്ളയും ചെയ്തു പണമുണ്ടാക്കി, ആ പണം കൊണ്ട് സകല കേസുകളും തേയ്ച്ചുമായ്ച്ചു കളഞ്ഞ് അലക്കി വെളുപ്പിച്ച് കുളിച്ചു കുട്ടപ്പനായി സമൂഹ മദ്ധ്യത്തിലേക്കിറങ്ങി വരുന്നവരുടെ ഒരു സുവര്‍ണ്ണ കാലമാണിത്. അത്തരം അഭിനവ ഹരിശ്ചന്ദ്രډാരെ അവജ്ഞയോടെ തള്ളിക്കളയുകയും നാലയലത്തുപോലും കയറ്റാതെ പരമപുച്ഛത്തോടെ അകറ്റിനിര്‍ത്തുകയും ചെയ്തിരുന്ന ഒരു സാംസ്കാരിക കേരളം നമുക്കുണ്ടായിരുന്നു. ആ കാലമൊക്കെയങ്ങു മാറി. ഇന്ന് പോക്സോകേസിലെ പ്രതികളെപ്പോലും വീരാരാധനയോടെ സ്വീകരിച്ചാനയിക്കുന്ന ഒരു സമൂഹമാണ് നമുക്കു ചുറ്റിലുമുള്ളത്. എവിടെ നോക്കിയാലും ഫ്ളെക്സുകള്‍. ലുക്ക്ഔട്ട് നോട്ടീസ് അര്‍ഹിക്കുന്ന നമ്പര്‍ വണ്‍ ക്രിമിനലുകള്‍ക്ക് നാടുനീളെ അതിമനോഹരമായ ഫുള്‍ലെങ്ത് കട്ട്ഔട്ടുകള്‍. "അയ്യോ, ഇവനല്ലേ ആ പ്രായപൂര്‍ത്തിയാകാത്ത പെങ്കൊച്ചിനെ..... നശിച്ചവന്‍...." എന്നു മനസ്സിലോര്‍ത്തുകൊണ്ട് സാധാരണക്കാരന്‍ മൂക്കത്തു വിരല്‍വെച്ചു നില്ക്കുമ്പോഴതാ ആഡംബരക്കാറിന്‍റെ പിന്‍സീറ്റില്‍നിന്നും സുസ്മേരവദനനായി കഥാനായകന്‍ ഇറങ്ങുന്നു. പിന്നെ, വിക്ടറിയുടെ ചിഹ്നമായ രണ്ടു വിരലകത്തിയ കയ്യുയര്‍ത്തിപ്പിടിച്ച് ആരാധകര്‍ക്കിടയിലൂടെ രാജകീയ പദവിയിലുള്ള ഒരു സവാരിയുണ്ട്. അതൊക്കെ സഹിക്കാം. പക്ഷേ, അയാളുടെ മുഖത്തു വിരിഞ്ഞു നില്ക്കുന്ന ആ "ഓഞ്ഞ" ചിരിയുണ്ടല്ലോ. അതിന് വിപുലമായ അര്‍ത്ഥതലങ്ങളുണ്ട്. പാവപ്പെട്ടവന്‍റെ കഴുത്തു ഞെരിക്കുന്ന അടവുകളും തന്ത്രങ്ങളുമെല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. തുടര്‍ന്നുള്ള ജൈത്രയാത്രയില്‍ പണക്കൊഴുപ്പിന്‍റെ തണലും അവിഹിത ബന്ധങ്ങളുടെ സ്വാധീനവും കൊണ്ട് അധികാര സോപാനങ്ങളിലേക്കുകൂടി കടക്കുമ്പോഴാണ് നമ്മെപ്പോലുള്ളവര്‍ പകച്ചു നിന്നുപോകുന്നത്. പക്ഷേ, നമ്മെ അലട്ടുന്ന ഗുരുതരമായ പ്രശ്നം ഇതൊന്നുമല്ല. പിന്നെയോ?
മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇത്തരം കശ്മലډാരെ താണുവണങ്ങേണ്ടി വരുമ്പോള്‍, ഇവരുടെ ഔദാര്യത്തിലാണ് താന്‍ ജീവിക്കുന്നത് എന്നു തിരിച്ചറിയുമ്പോള്‍ ആത്മാഭിമാനമുള്ള മനുഷ്യന്‍ അനുഭവിക്കുന്ന ഒരാത്മപീഢനമുണ്ട്. അതാണ് യഥാര്‍ത്ഥത്തില്‍ ഒരു മലയാളി ഇന്നു നേരിടുന്ന നാണക്കേട്.
"കേരളത്തില്‍ ഈയടുത്തകാലത്തായി സൂര്യനുദിക്കുന്നതുപോലും നാണിച്ചു തല കുനിച്ചുകൊണ്ടാണ്." വന്ദ്യവയോധികനായ ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകന്‍റെ വാക്കുകളാണ്. അത്രമാത്രം അപഹാസ്യമായ വാര്‍ത്തകളുമായിട്ടാണ് ഓരോ സുപ്രഭാതവും പൊട്ടിവിടരുന്നത്. പരിഷ്കൃതലോകത്തിന് അഭിമാനത്തോടെ നോക്കിക്കാണാവുന്ന എന്തെങ്കിലും ഒരു പരിപാടിയോ പദ്ധതിയോ നമുക്കില്ല. പകരം നാണിച്ചു തൊലിയുരിഞ്ഞു പോകുന്ന പത്രവാര്‍ത്തകളും ജുഗുപ്സാവഹങ്ങളായ ടിവി ഷോകളും മാത്രം.
പട്ടിണിക്കാര്‍ക്കു വേണ്ടിയുള്ള ക്ഷേമപെന്‍ഷന്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് പോകുന്നു. കൊടും കുറ്റവാളികള്‍ പത്രസമ്മേളനങ്ങളുമായി സ്വൈര്യവിഹാരം നടത്തുമ്പോള്‍ പോലീസുകാര്‍ പേടിച്ചു വിരണ്ട് ഒളിവില്‍ പോകുന്നു. പരേതാത്മാക്കള്‍ നേരിട്ടുവന്ന് വോട്ടുചെയ്യുന്നു. ആളുമാറി കാലുമുറിച്ചതും കാലുമാറി കമ്പിയിട്ടതും വിരലിനു പകരം നാവു മുറിച്ചതും വയറ്റില്‍ കത്രികവെച്ചു തുന്നിയതുമൊക്കെ ക്ലിഷേകളായിട്ടുണ്ട്. ദോഷം പറയരുതല്ലോ. മൊബൈല്‍ ഫോണിന്‍റെ ഫ്ളാഷ് ലൈറ്റില്‍ വിജയകരമായി പ്രസവമെടുക്കുന്ന സമര്‍ത്ഥരായ ഡോക്ടര്‍മാരും ഐസിയുവില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയുടെ നഗ്നത സ്വന്തം കൈകൊണ്ടു മറച്ചുകൊടുക്കുന്ന വിശാലഹൃദയരായ അറ്റന്‍റര്‍മാരും പ്രബുദ്ധ കേരളത്തിന് ഒരഭിമാനം തന്നെയാണ്. ഇത്രയെല്ലാം കേട്ടിട്ടും നാണം വരാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഇതാ ഒരു പുതിയ വാര്‍ത്ത:- കേരളത്തിലെ വര്‍ക്കിംഗ് വിമെന്‍സ് വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിനു യുവതികള്‍ക്കു കഠിനമായ മൂത്രാശയരോഗങ്ങള്‍. ഒരു നീണ്ട പകലത്രയും ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ ജോലിചെയ്യുന്നതിന്‍റെ തിക്തഫലമാണിത്. പറഞ്ഞിട്ടു കാര്യമില്ലല്ലോ. വെള്ളം കുടിക്കാന്‍ ഭയമാണവര്‍ക്ക്. കുടിച്ചാല്‍ മാത്രം പോരല്ലോ. അതു പുറത്തുകളയാന്‍ ശൗചാലയങ്ങള്‍ വേണ്ടേ. അതില്ലാത്തതാണു പ്രശ്നം. നമുക്കു ലജ്ജിക്കാം. ഒറ്റയ്ക്കല്ല, സംഘടിതമായിത്തന്നെ.
കള്ളം പറയുന്നതും അഴിമതി നടത്തുമൊന്നും ഈ സത്യാനന്തര കാലത്ത് വലിയ കുറ്റകൃത്യമൊന്നുമല്ല. നാഴികയ്ക്കു നാനൂറുവട്ടം മാറ്റിയും മറിച്ചും കള്ളം പറയുന്ന നേതാക്കള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. അവര്‍ക്കു പ്രോത്സാഹനം നല്‍കുന്ന കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ തമ്മില്‍ മത്സരമാണ്. മന്ത്രിമാര്‍ നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞാല്‍ അതിനെ പത്രക്കാര്‍ വിശേഷിപ്പിക്കുന്നത് 'മലക്കം മറിഞ്ഞു' എന്നാണ്. ആ തിരുവായില്‍ നിന്നും ഇനിയുമിനിയും മഹത്തരങ്ങളായ കള്ളമൊഴികള്‍ പ്രതീക്ഷിച്ചുകൊണ്ട് ചാനലുകാര്‍ മൈക്കും നീട്ടിപ്പിടിച്ച് പിന്നാലെ പായുകയാണ്. അതോടെ മുത്തും പവിഴവും പതിച്ച നുണകളുടെ പെരുമഴ ആരംഭിക്കുകയായി. "അതു ഞാനല്ല, എന്‍റെ ഇങ്ങനെയല്ല. അതു ഞാന്‍ പറഞ്ഞതല്ല, ആരോ മിമിക്രിയിട്ടതാണ്. ഫോട്ടോ മോര്‍ഫു ചെയ്തു ചേര്‍ത്തതാണ്. മാദ്ധ്യമസൃഷ്ടി, ഗൂഢാലോചന, പുകമറ, തേജോവധം...."
ഐ.എ.എസ്, ഐ.പി.എസ്, ഡോക്ടര്‍, അഡ്വക്കേറ്റ്, കോളജ് പ്രൊഫസര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പെട്ടെന്നു തോന്നുന്ന ഒരു ബഹുമാനമുണ്ടല്ലോ. അത് വെറും വിഡ്ഢിത്തമാണ്. ഇറച്ചിവെട്ടുകാരനെ തോല്പിക്കുന്ന ഡോക്ടേഴ്സും, കള്ളവാറ്റുകാരനേക്കാള്‍ 'തറ'യായ ഐ.എ.എസ്സുകാരനും, പെണ്‍വാണിഭം നേരിട്ടു നടത്തുന്ന അഡ്വക്കേറ്റ്സും ഉണ്ട് എന്നത് ഒരു ദുഃഖസത്യമാണ്. അതൊക്കെയങ്ങു ക്ഷമിക്കാം. പക്ഷേ, കൈക്കൂലിയായി അര കിലോ ഉണക്കമീന്‍ കിട്ടിയാലും സസന്തോഷം സ്വീകരിക്കുന്ന ഉന്നത പോലീസ് ഓഫീസറും, സ്വന്തം വിദ്യാര്‍ത്ഥിയുടെ കവിത മോഷ്ടിച്ച പ്രൊഫസറും മറ്റും അവതരിപ്പിക്കുന്ന മോട്ടിവേഷന്‍ ക്ലാസ്സുകള്‍ കാണുമ്പോള്‍ ലജ്ജിക്കുക മാത്രമല്ല, ഈ ഭൂമി ഒന്നു പിളര്‍ന്ന് അന്തര്‍ദ്ധാനം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നുവരെ ആശിച്ചു പോകും.
സാംസ്കാരിക രംഗത്തെ ഈ അപചയങ്ങളുടെയൊക്കെ യഥാര്‍ത്ഥ കാരണക്കാര്‍ രാഷ്ട്രീയ നേതൃത്വം മാത്രമാണെന്നതിനു സംശയമില്ല. ഒടുങ്ങാത്ത ആര്‍ത്തിയും അടങ്ങാത്ത അധികാരമോഹവുമായി മുന്നേറുന്ന ഇവര്‍ക്ക് പ്രായഭേദങ്ങളൊന്നും ബാധകമല്ല. രണ്ടു കയ്യിലും അരക്കെട്ടിലും താങ്ങിപ്പിടിച്ചാണ് പല ഉന്നതനേതാക്കളെയും പാര്‍ട്ടി മീറ്റിംഗുകളിലേക്ക് കൊണ്ടുവരുന്നത്. കൈകാലുകള്‍ വിറച്ച്, തൊണ്ടയില്‍ കഫം തടഞ്ഞ് വാക്കുകള്‍ കുരുങ്ങി, ആശയങ്ങള്‍ വ്യക്തമാക്കാന്‍ പോലും പാടുപെടുന്നവര്‍ ആ കൂട്ടത്തിലുണ്ട്. തുപ്പല്‍ കോളാമ്പിയും സാനിട്ടറി ടവ്വലുകളുമായി അനുചരമ്മാര്‍ ചുറ്റും നിന്നു കഷ്ടപ്പെടുന്നതു കാണുമ്പോള്‍ സഹതാപമല്ല, ലജ്ജയാണു തോന്നുന്നത്. "എനിക്കു വയ്യാതായി മക്കളെ, ഇനി നിങ്ങളൊക്കെയാണു പ്രവര്‍ത്തിക്കേണ്ടത്. എനിക്കിനി അല്പം വിശ്രമമാണാവശ്യം" എന്നുപറഞ്ഞു പുതിയ തലമുറയ്ക്കു വഴി മാറിക്കൊടുക്കുവാന്‍ ആര്‍ജ്ജവത്വമുള്ള ഒരാറ്റ രാഷ്ട്രീയക്കാരനും ഇന്നില്ല. രണ്ടും മൂന്നും നേരം ഡയാലസിസ്സുമായി കഴിയുന്ന അര്‍ദ്ധപ്രാണരായ നേതാക്കള്‍ പോലും സ്വന്തം പാര്‍ട്ടി അവസാനമായി ഒന്നുകൂടി പിളര്‍ത്തി മക്കള്‍ക്കും മരുമക്കള്‍ക്കുമായി വീതിച്ചു നല്‍കുന്ന ജുഗുപ്സാവഹമായ കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരായുഷ്കാലം മുഴുവന്‍ ജനവഞ്ചനയും ധനസമ്പാദനവുമായി കഴിഞ്ഞ ഇവരില്‍ പലരും മരണശേഷം പോലും പൊതുജനങ്ങള്‍ക്കു സ്വൈര്യം തരുന്നില്ല എന്നതാണ് ഏറ്റവും ശോചനീയം. അതിന്‍റെ ഏറ്റവും വലിയ നേര്‍ക്കാഴ്ചാണ് വഴിനീളെ നെഞ്ചും വിരിച്ചു നില്‍ക്കുന്ന 'രാഷ്ട്രീയ പുണ്യവാള'ډാരുടെ പ്രതിമകള്‍. കാലുമാറ്റത്തില്‍ ഡോക്ടറേറ്റ് നേടിയവന്‍ മുതല്‍ സ്വന്തം കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചവന്‍ വരെ അക്കൂട്ടത്തിലുണ്ടാകും. നമ്മെ നാമാക്കിയ നവോത്ഥാന നായകരുടെയും രക്തസാക്ഷികളായ വീരകേസരികളുടെയും ഒപ്പത്തിനൊപ്പം തലയുയര്‍ത്തി നില്‍ക്കാമെന്നുള്ളതാണ് ഈ പ്രതിമ നിര്‍മ്മാണങ്ങളുടെ പിന്നിലുള്ള പ്രേരകശക്തി. കാരിരുമ്പായും സിറാമിക്കായും വെങ്കലമായും കോണ്‍ക്രീറ്റായും കവലകള്‍ തോറും നിരന്നു നില്‍ക്കുന്ന ഇവര്‍ക്ക് ജീവനുള്ള മനുഷ്യരേക്കാള്‍ നിയമപരിരക്ഷ ലഭിക്കുന്നു എന്നത് മറ്റൊരു നേട്ടം. ഒരുകാര്യം തീര്‍ച്ചയാണ്. നേരേ ചൊവ്വേ ഒരു എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഈ ഞെളിഞ്ഞു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും ചുരുങ്ങിയ പക്ഷം ഒന്നോ രണ്ടോ ജീവപര്യന്തങ്ങള്‍ ഒരുമിച്ചനുഭവിക്കുവാന്‍ അര്‍ഹരാകുമായിരുന്നു. എന്തുചെയ്യാം. ഇവയൊക്കെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ തിരുശേഷിപ്പുകളായി വിലസി നില്‍ക്കുകയാണ്. ഇവയ്ക്കു മുമ്പില്‍ നാണിച്ചു തലകുനിച്ചു നില്‍ക്കുവാന്‍ വേണ്ടി മാത്രം മലയാളികളായ നമ്മുടെ ജീവിതം ഇനിയും ബാക്കി.

കാളിയാര്‍ തങ്കപ്പന്‍

