PRAVASI

ഇര ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കി കൊന്ന് തിന്നുന്നത് കരടിയുടെ തന്ത്രം; സമാനമായ ക്രൂരതയോടെ കരുനാഗപ്പള്ളിയില്‍ അലുവ അതുലിനെ വെട്ടിത്തീര്‍ത്ത് എതിര്‍സംഘം

Blog Image

കരുനാഗപ്പള്ളി: ഇര ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കാല്‍പാദത്തില്‍ കടിക്കുന്ന കരടിയുടെ തന്ത്രം; സമാനമായ ക്രൂരതയോടെ കരുനാഗപ്പള്ളിയില്‍ അലുവ അതുലിനെ വെട്ടിത്തീര്‍ത്ത് എതിര്‍സംഘം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുലിനെ (30) പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ബ്ലാക്ക് വിഷ്ണു ഉള്‍പ്പെടെ നാലുപേര്‍ പോലീസ് കസ്റ്റഡിയിലായി. വിഷ്ണുവിന് പുറമെ ഹുസൈന്‍, ആഷിക്, സഹായികളായ രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്. വയനകം - കടത്തൂര്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ശനിയാഴ്ച രാവിലെ 11.15-ഓടെ പുതിയകാവ് ജംഗ്ഷന് സമീപമായിരുന്നു സിനിമയെ വെല്ലുന്ന കൊലപാതകം. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിന്റെ കാറിനെ ഹരിയാന രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് ഇടിച്ചുതെറിപ്പിച്ചു. നിര്‍മ്മാണത്തിലിരുന്ന റോഡിലെ താഴ്ചയിലേക്ക് അതുലിന്റെ കാര്‍ മറിഞ്ഞതോടെ ആയുധങ്ങളുമായി ചാടിയിറങ്ങിയ സംഘം ആക്രമണം തുടങ്ങി. ഓടി രക്ഷപ്പെടാതിരിക്കാന്‍ അതുലിന്റെ ഇടുപ്പിലും കാലിലുമാണ് സംഘം ആദ്യം വെട്ടിയത്. 'കൊല്ലരുത്, എല്ലാം പറഞ്ഞുതീര്‍ക്കാം' എന്ന് അതുല്‍ അപേക്ഷിച്ചിട്ടും തല വെട്ടിപ്പിളര്‍ന്നു. കാലുകള്‍ സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിയപ്പോള്‍ അവ വെട്ടിമാറ്റിയാണ് പുറത്തേക്കിറക്കിയത്. മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം മടങ്ങിയത്. ഒപ്പമുണ്ടായിരുന്ന കുക്കു എന്ന മനുവിനും വെട്ടേറ്റു.

2025 മാര്‍ച്ചില്‍ ജിം സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ പ്രതികാരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബസ് യാര്‍ഡിലുണ്ടായ ചെറിയ തര്‍ക്കം വാട്‌സാപ്പിലെ കൊലവിളികളായും പിന്നീട് കൊലപാതക പരമ്പരയായും മാറുകയായിരുന്നു. ജിം സന്തോഷിന്റെ ആളുകള്‍ ഇതിനായി മുന്‍കൂട്ടി പിരിവ് നടത്തിയതായും സൂചനയുണ്ട്. അതുലിന് വധഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന ആക്ഷേപവും ശക്തമാണ്. പിടിയിലായ പ്രതികള്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശം ഇപ്പോള്‍ വന്‍ പോലീസ് കാവലിലാണ്.

നാടിനെ നടുക്കിയ ജിം സന്തോഷ് വധക്കേസിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രധാന പ്രതി അലുവ അതുലിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ കടത്തൂര്‍ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഓച്ചിറയിലെ വയനകം സംഘത്തിലെ സജീവ അംഗമായിരുന്നു കൊല്ലപ്പെട്ട അലുവ അതുല്‍. വര്‍ഷങ്ങളായി തുടരുന്ന രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് പുതിയകാവിലെ ചോരക്കളിക്ക് കാരണമായത്.

കഴിഞ്ഞ വര്‍ഷം ജിം സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിനിടെ അതുലും സംഘവും കടത്തൂര്‍ സംഘത്തിലെ രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇപ്പോള്‍ അതുലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു. ജിം സന്തോഷ് വധത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ പ്രതികാരം വീട്ടണമെന്ന ലക്ഷ്യത്തോടെ കടത്തൂര്‍ സംഘം ചരടുവലികള്‍ നടത്തിയിരുന്നു.

ജാമ്യത്തിലിറങ്ങിയ അതുല്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ സംഘം, കൃത്യമായ നിരീക്ഷണം നടത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റ അതുലിനെ പുറത്തേക്ക് വലിച്ചിറക്കി മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമിസംഘം സ്ഥലം വിട്ടത്. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിലെ ഗുണ്ടാ ശൃംഖലയെ അമര്‍ച്ച ചെയ്യാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.