PRAVASI

ഓരത്തേല്‍ ഫൗണ്ടേഷന്‍റെ 'ഗുരുരത്ന' പുരസ്കാരം കാനായിക്ക് സമര്‍പ്പിച്ചു

Blog Image

കാഞ്ഞങ്ങാട്: കാനായിക്കവിതകളും അനുഭവങ്ങളും ഒത്തുചേര്‍ന്ന് ശില്പിയുടെ വീട്ടിലൊരു സുദിനം. കോട്ടയത്തുനിന്നടക്കം ശില്പി കാനായി കുഞ്ഞിരാമന്‍റെ സുഹൃത്തുക്കളും ഇഷ്ടക്കാരുമെത്തിയ ചടങ്ങില്‍ അണക്കര ചെല്ലാര്‍കോവില്‍ ഓരത്തേല്‍ ബെന്നി ജോസഫിന്‍റെ ഓര്‍മ്മയ്ക്കായി ഓരത്തേല്‍ ഫൗണ്ടേഷനും കോട്ടയത്തെ വര ആര്‍ട്ട് ഗാലറിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ 'ഗുരുരത്ന' പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചു. ശില്പിയുടെ ജീവിതത്തിന്‍റെ ഊര്‍ജസ്രോതസ്സായ ഭാര്യ നളിനി കാനായിയെയും ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കാനായിയോടൊപ്പം അദ്ദേഹം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന് മുന്‍പില്‍ ഒരുക്കുന്ന 'അമ്മയും കുഞ്ഞും' ശില്പം കാണാന്‍ പോയി. 40 അടി വലുപ്പമുള്ള ശില്പത്തിന് 'വിക്ടിംസ്,' 'സ്വാതന്ത്ര്യം' എന്നിങ്ങനെ പേരു നല്‍കിയതായി കാനായി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാമും പങ്കെടുത്തു. കാനായിയുടെ ചിത്രങ്ങള്‍ സംരക്ഷിക്കണമെന്ന ക്യുറേറ്റര്‍ മാത്യൂസ് ഓരത്തേലിന്‍റെ അഭിപ്രായത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. കാനായിയുടെ ശില്പങ്ങള്‍പോലെ ചിത്രങ്ങള്‍ക്കും വലുപ്പം കൂടുതലായതിനാല്‍ 3500 സ്ക്വയര്‍ ഫീറ്റുള്ള കെട്ടിടം ഇതിനാവശ്യമാണ്. 
കേരളത്തിലുടനീളം വമ്പന്‍ ശില്പങ്ങള്‍ നിര്‍മ്മിച്ച കാനായി നവതിയോടടുക്കുന്ന ഈ പ്രായത്തിലും ശാരീരിക ക്ലേശങ്ങളെ വകവയ്ക്കാതെ ശില്പനിര്‍മാണത്തില്‍ ഏര്‍പ്പെടുമ്പോള്‍ അദ്ദേഹത്തിന് ഇതുവരെ പത്മശ്രീ പോലുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടില്ല എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ശില്പി കോട്ടയത്തേക്ക് മടങ്ങിവരണമെന്നുമാണ് ആഗ്രഹമെന്ന് ചടങ്ങിന്‍റെ ക്യുറേറ്റര്‍ മാത്യൂസ് ഓരത്തേല്‍ ചടങ്ങില്‍ പങ്കുവച്ചു. കോട്ടയത്തമ്മയുടെ തണലിലാണ് കോട്ടയത്തുകാര്‍ ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറിക്ക് മുന്‍പിലെ കാനായിയുടെ അക്ഷരശില്പത്തെയാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്.
25,000 രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് കാനായിക്ക് സമ്മാനിച്ചു. പുരസ്കാരത്തുക ചടങ്ങില്‍വച്ചുതന്നെ മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കാനായി കൈമാറി. 
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ്, സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറിയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. പോള്‍ മണലില്‍, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ സെക്രട്ടറിയും എഴുത്തുകാരനും സീനിയര്‍ ജേണലിസ്റ്റുമായ തേക്കിന്‍കാട് ജോസഫ്, മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന കാനായിയുടെ ആത്മകഥ എഴുതുന്ന പി. സുധാകരന്‍, എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, ചിത്രകാരന്‍ രമേശ് കെ. കണ്ണന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ അശോക് കുമാര്‍ കോട്ടയം എന്നിവര്‍ പ്രസംഗിച്ചു.
കാനായിയുടെ കവിത ആലപിച്ച കോട്ടയം കുമാരനല്ലൂര്‍ ലീല കമ്മ്യൂണിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥികളായ വേദസ്സ്, പവിത്ര കൃഷ്ണ എന്നിവര്‍ക്ക് കാനായി സ്നേഹോപഹാരം നല്‍കി.
കേരളത്തിലെ ഗുരുതുല്യരായവര്‍ക്ക് എല്ലാ വര്‍ഷവും നല്കുന്ന ഈ പുരസ്കാരം അവരുടെ വസതിയിലെത്തി സമര്‍പ്പിക്കുന്ന രീതിയാണ് ഗുരുരത്ന പുരസ്കാരത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഓരത്തേല്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.