PRAVASI

രണ്ടാം ദാമ്പത്യം

Blog Image

ജീവിതം എത്ര മനോഹരമാണെന്ന് നമുക്ക് എപ്പോഴും തോന്നണമെന്നാണ് എൻ്റെ പക്ഷം. വിഷമിച്ച സമയങ്ങളേക്കാൾ സന്തോഷിച്ച സമയമാകും നമുക്ക് കൂടുതൽ. ഒരു സമയം കഴിയുമ്പോൾ എല്ലാം കഴിഞ്ഞുവെന്നും ഇനി നമുക്ക് ചെയ്യാൻ ഒന്നുമില്ലന്നും ചിന്തിക്കുന്നവരും പറയുന്നവരും ഉണ്ട്. "വയസ്സായില്ലേ ഇനി എന്ത്? "
സത്യം പറയാമല്ലോ വയസ്സാകുന്നു എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒരാളാണ് ഞാൻ. എപ്പോഴും ചെറുപ്പമായിരിക്കുക , ഓടിച്ചാടി നടക്കുക, പാട്ട് കേൾക്കുക, സിനിമ കാണുക , എഴുതുക , വായിക്കുക, യാത്ര പോവുക  തുടങ്ങി നമ്മുടേതായ ഇടങ്ങളിൽ സജീവമാവുക ഒക്കെയാണ് എൻ്റെ നയം. ഈ നയം ഭാര്യ പ്രീതയ്ക്ക് മുൻപിൽ വ്യക്തമാക്കിയപ്പോൾ അദ്ദേഹം പറഞ്ഞ ഒരു മറുപടി " ഇതൊക്കെ എനിക്കും വലിയ ഇഷ്ടമാണ് . ഈ നാല് അതിരുകൾക്കുള്ളിൽ നിന്ന് എനിക്കും പുറത്തേക്ക് പോകണമെന്ന് ആഗ്രഹമുണ്ട് . പക്ഷെ നിങ്ങൾ , മക്കൾ , കുടുംബം ഒക്കെയായി ഞാനും ഇതിനുള്ളിൽ അകപ്പെട്ടു പോകുന്നു "
ഞാൻ പ്രീതയെ കുറിച്ച് ചിന്തിക്കയായിരുന്നു . എവിടെയോ  അച്ഛനോടും അമ്മയോടുമൊപ്പം സുഖമായി ജീവിച്ച ഒരാളെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ച് മറ്റൊരു ജീവിതത്തിൻ്റെ ഭാഗമാക്കുക. എല്ലാ പ്രശ്നങ്ങളുടേയും പങ്കാളിയാക്കുക. ഒരു കാര്യവുമില്ലാതെ ഇതാണ് ജീവിതം , ഇത് അനുഭവിച്ചേ പറ്റു എന്ന അടിച്ചു പരത്തിയ ഇരുമ്പുപോലെയുള്ള വാക്കുകളിൽ കുരുങ്ങിക്കിടക്കുക. എങ്കിലും ആ ജീവിതത്തിനിടയിൽ ലഭിക്കുന്ന ചെറിയ സന്തോഷങ്ങളിൽ വലിയ സ്വപ്നം കാണുന്ന കുറേ  മനുഷ്യർ.

അമ്മ പലപ്പോഴും അച്ഛനോട് യാത്രകൾ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ അച്ഛൻ പറയും " ഒരിക്കൽ പോകാം" എന്ന് . അപ്പോൾ അമ്മ പറയും " ഞാൻ ചത്തിട്ടാവും " .
അപ്പോൾ ഞങ്ങൾ എല്ലാവരും ചിരിക്കും. അമ്മയും ചിരിക്കും. 
അമ്മയില്ലാതായപ്പോഴാണ് ആഗ്രഹങ്ങളുടെ പെരുമഴയുമായാണ് ആ ശരീരം ഞങ്ങളെ വിട്ടുപോയെന്ന് മനസിലായത്. എൻ്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് ചോദിച്ചു. " മാഷേ  മാഷുടെ ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാറുണ്ടോ എന്ന് ". ഉത്തരം പറയാൻ സമയം തന്ന് ആ സുഹൃത്ത് പോയി. ഞാൻ കുറേ ആലോചിച്ച ശേഷം ഒരു മറുപടിയിട്ടു. "ഇല്ല , എൻ്റെ പരിമിതികൾ ഒരു പ്രശ്നമാണ്. അതുകൊണ്ട് വലിയ ആഗ്രഹങ്ങൾ ഒന്നും അദ്ദേഹം പറയാറില്ല എന്നാണ് തോന്നിയിട്ടുള്ളത് " എന്ന്.

ഇതൊരു ഉത്തരമല്ല എന്ന് പറഞ്ഞിട്ട് സുഹൃത്ത് ഒരു സംഭവം പറഞ്ഞു.
" ലോകത്തിലെ ഏറ്റവും വലിയ സ്നേഹ ജോഡികൾ എൻ്റെ അച്ഛനും അമ്മയും ആണെന്നായിരുന്നു എൻ്റെ പക്ഷം. അമ്മ എന്തു പറഞ്ഞാലും സാധിച്ചു കൊടുക്കുന്ന അച്ഛൻ. എന്തിനും പരസ്പരം കൂട്ടായി രണ്ട് മനുഷ്യർ. ആർക്കും അസൂയ തോന്നുന്ന രണ്ട് പേരുടെ ഒന്നായ ജീവിതം. അച്ഛൻ മരിച്ച ശേഷം അമ്മ ഞങ്ങൾ മക്കൾക്കൊപ്പം കൂടി. ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചു . " അമ്മ ഭാഗ്യവതിയാണ്. എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്ന അച്ഛൻ . എത്ര സന്തോഷമായിരുന്നു അല്ലേ അമ്മേ "
അപ്പോൾ അമ്മ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
" നീ എൻ്റെ വീട്ടിലെ വലിയ കുളം കണ്ടിട്ടില്ലേ. ചെറുപ്പം മുതൽക്കേ അവിടെയായിരുന്നു എൻ്റെ കുളി. അങ്ങട്ടും ഇങ്ങട്ടും നീന്തുക. നീന്തുമ്പോൾ എൻ്റെ കൂടെ ആരെങ്കിലും വേണം. നിൻ്റെ അച്ഛൻ എന്നെ കാണാൻ വന്നപ്പോൾ ഞാൻ ചോദിച്ചത് വീട്ടിൽ കുളമുണ്ടോ എന്നാണ്. 

 എന്തിനാ ? എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. "

 നീന്താൻ " .എൻ്റെ മറുപടി അദ്ദേഹത്തെ ചിരിപ്പിച്ചു.

 വിവാഹം കഴിഞ്ഞെത്തിയ വീട്ടിൽ, വലിയ കുളത്തിൻ്റെ അരികിലൂടെ ആ കാർ നീങ്ങിയപ്പോൾ എനിക്കെന്ത് സന്തോഷമായിരുന്നെന്നോ . ആദ്യ രാത്രി രാവേറെ ആയപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. " നമുക്ക് ആ കുളത്തിൽ പോയി കുളിച്ചാലോ ? "

"പറ്റില്ല , ഒറ്റയ്ക്ക് കുളിക്കുന്നതാണ് എനിക്കിഷ്ടം "

പല തവണ ഞാൻ ഈ ആഗ്രഹം അദ്ദേഹത്തിൻ്റെ മുൻപിൽ പറഞ്ഞിട്ടുണ്ട്. "
 നിനക്ക് ഭ്രാന്തുണ്ടോ " എന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചും. മെല്ലെ മെല്ലെ ആ ആഗ്രഹത്തിന് ഞാൻ തിരശ്ശീലയിട്ടു. "

എത്ര ചെറിയ ഒരാഗ്രഹമായിരുന്നു അത്. അമ്മയോടൊപ്പം ഒരു നീന്തൽ. ആ ആഗ്രഹം നടന്നില്ല. വളരെ വേഗം സാധിച്ചു കൊടുക്കാവുന്ന ആഗ്രഹങ്ങളുടെ കലവറയാണ് മാഷേ പെണ്ണ്. അതുകൊണ്ട് പ്രീത ചേച്ചി എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങൾ പറഞ്ഞാൽ ഒപ്പം കൂടു. മറ്റൊന്നും തടസ്സമാണെന്ന് കരുതണ്ട.

നമ്മുടെയൊക്കെ ഒരു പ്രശ്നമാണ് ചില തടസ്സങ്ങൾ. വീട്ടുകാരി  ഒരു യാത്ര പോയാൽ വീട്ടിലുള്ളവരുടെ കാര്യം എന്താകും ? . പശുവിൻ്റെ കാര്യം ആര് നോക്കും ? ഗ്യാസ് വണ്ടി വന്നാൽ എന്ത് ചെയ്യും? നൂറ് കൂട്ടം പ്രശ്നങ്ങൾ. 

അപ്പോഴാണ് അമ്മമാർ കുടുംബത്തിലേക്ക് ചുരുങ്ങിപ്പോവുക . ഒരിക്കലും സാധിച്ചു കിട്ടാത്ത ആഗ്രഹങ്ങളുമായി ഒടുങ്ങിപ്പോവുക.

ഈയിടെ ഞാനും പ്രീതയും കൂടി ചെങ്ങന്നൂരിൽ നിന്നും മലപ്പുറത്തേക്ക്  ഒരു യാത്ര പോയി . നിലവിലുണ്ടായിരുന്ന എൻ്റെ താമസസ്ഥലം ഒന്ന് മാറി. അടുക്കളയും മറ്റും ഒന്ന് ശരിയാക്കി എടുക്കണം. അതിനാണ് പ്രീതയും ഒപ്പം കൂടിയത്.

മകൾക്ക് സ്റ്റഡി ടൂർ , മകൻ ബാംഗ്ളൂരിൽ.
അപ്പോൾ അച്ഛൻ ഒറ്റയ്ക്കാവില്ലേ ? 

" അതൊന്നും നിങ്ങൾ നോക്കണ്ട . എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം "
എന്ന് അച്ഛൻ .

ചെങ്ങന്നൂരിൽ നിന്നും ലോ ഫ്ളോർ എസി ബസിൽ ഞങ്ങൾ ഒരു സീറ്റിൽ യാത്ര തുടങ്ങി. ചെറിയ തണുപ്പ് തുടങ്ങിയപ്പോൾ എൻ്റെ കയ്യിലിരുന്ന മങ്കി ക്യാപ്പ് അവൾക്ക് കൊടുത്തു. " നിങ്ങൾക്ക് തണുക്കിന്നില്ലേ "
" എൻ്റെ സ്ഥിരം യാത്ര ഇതിനല്ലേ - കുഴപ്പമില്ല "
ഇടയ്ക്ക് ബസ് നിർത്തിയപ്പോൾ ഞങ്ങൾ രണ്ട് പേരും കട്ടൻ കാപ്പി കുടിച്ചു. രാവിലെ അവിടെ എത്തിയപ്പോഴും ചൂടു ചായ കുടിച്ചു. 

" നല്ല യാത്ര ആയിരുന്നു അല്ലേ ". 

"അതെ...
ഇതിനെയാണ് രണ്ടാം ദാമ്പത്യം എന്ന് പറയുന്നത് "
" പോ അവിടുന്ന് "
അവൾ ചിരിച്ചു.

ഞങ്ങൾ കോട്ടേഴ്സിലെത്തി . പുതിയ അടുക്കളയൊക്കെ പ്രീതയുടേതായ രീതിയിൽ ഒരുക്കിയെടുത്തു.
ഞങ്ങൾ മാത്രമായ ഒരു ലോകം. എൻ്റെ ഭക്ഷണ രുചികൾക്ക് മേലേ കോളേജിലെ സ്റ്റാഫ് റൂമിലേക്കെത്തിയ പുതിയ രുചികൾ. 

" അപ്പോൾ ചേച്ചിയാണ് ഭക്ഷണമുണ്ടാക്കലിൽ മാഷിൻ്റെ ഗുരു നാഥ "
 അല്ലേ എന്ന അബ്ബാസ് മാഷിൻ്റെ അടക്കം പറച്ചിൽ.

ഞങ്ങൾ ഒരു ദിവസം ഭക്ഷണം ഉണ്ടാക്കാതെ ഹോട്ടലുകൾ കയറിയിറങ്ങി. ഞങ്ങൾ  മീൻ  മാങ്ങായിട്ട കറിയും ഗോതമ്പ് പൊറോട്ടയും വാങ്ങി കഴിച്ചു. ഭക്ഷണം ഓർഡർ ചെയ്ത ഇടവേളയിൽ പരസ്പരം ചിത്രങ്ങൾ എടുത്തു. പുസ്തകങ്ങൾ അടുക്കി വെച്ചു. വേറൊരു ലോകം.

 തിരികെ ചെങ്ങന്നൂരിലേക്കുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം വിചാരിച്ചത് ഇതായിരുന്നു
" ഇനി എന്നാണ് അടുത്ത യാത്ര . നമ്മൾ മാത്രമായി "

അതെ
ജീവിതത്തിന് ഒരു രണ്ടാം ദാമ്പത്യമുണ്ട്. അത് കുട്ടികൾ ഹയർ സ്റ്റഡീസിന് ഒക്കെ പോകുമ്പോൾ ഒരു യാത്ര. വീട് നോക്കാൻ അടുത്ത ബന്ധുക്കളെയോ സഹോദരങ്ങളേയോ ചുമതലപ്പെടുത്താം . വീട്ടിലുള്ളവരും ആ യാത്രയ്ക്ക് തടസ്സം നിൽക്കരുത്. " വയസാം കാലത്താണോ കൂത്താട്ടം"
എന്ന പഴമക്കാരുടെയൊക്കെ പിടിച്ചു കെട്ടുന്ന വാക്കുകൾ ഒഴിവാക്കാം. അല്ലെങ്കിൽ അത്തരം വാക്കുകളെ പാടെ അവഗണിക്കാം. നമ്മുടെ പങ്കാളികളും , അവരുടെ ആഗ്രഹവും  ജീവിതത്തിൻ്റെ ചില സമയങ്ങളിലെങ്കിലും പരസ്പരം പരിഗണിക്കണം. അങ്ങനെ ഒരു ജീവിതം. വേണം. ഒരായുസിൻ്റെ പകുതി കുടുംബത്തിനൊപ്പം സഞ്ചരിച്ച് രണ്ടാം ഘട്ടത്തിൽ രോഗങ്ങളും , ആശുപത്രികളും, പരസ്പരം പഴിചാരലുമായി ജീവിക്കാതെ ചെറുതെങ്കിൽ ചെറുതായ യാത്രകൾ, അവർക്ക് മാത്രമായ ചില നിമിഷങ്ങൾ ,  ബാധ്യതകൾ ഒന്നുമില്ലാതെ, അല്ലെങ്കിൽ അതിന് അവധി നൽകി രണ്ട് പേർ മാത്രമുള്ള ദിവസങ്ങൾ, അവരുടെ ഇഷ്ടങ്ങൾക്കൊപ്പം  ചെറിയ ചെറിയ സന്തോഷങ്ങൾ .... അങ്ങനെ  ഒരു രണ്ടാം ജീവിതത്തെ ഹൃദയപൂർവ്വം സ്വീകരിക്കാം.
അപ്പോൾ അൻപതിലെത്തിയവരേ 
ഒരു രണ്ടാം ദാമ്പത്യത്തിന് ഇനിയും സമയമുണ്ട്.

അനിൽ പെണ്ണുക്കര 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.