ന്യൂഡൽഹി: വിവാദമായ ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. യുവതീപ്രവേശനത്തെ പിന്തുണച്ചുള്ള സർക്കാരിന്റെ നയങ്ങൾ പൂഴ്ത്തിക്കൊണ്ടാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ മതപണ്ഡിതന്മാരുടെയും സാമൂഹിത നേതാക്കളുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഭക്തരെ പിണക്കാതെ സംസ്ഥാന സർക്കാർ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമർശനങ്ങൾ ഉണ്ടാകുന്ന കാര്യവും സർക്കാർ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച 17 പേജുകളുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.
തീരുമാനമെടുക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യുവതികൾക്ക് പ്രവേശനം നൽകണമെന്ന നയത്തെ വിഎസ് സർക്കാരും പിണറായി സർക്കാരും പിന്തുണച്ചിരുന്നു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വിശ്വാസികളെ പിണക്കാതിരിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

