തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികൾ നിയമവിരുദ്ധമായി വാഹനം ഓടിച്ചാൽ അതിന് ഉത്തരവാദികളായ രക്ഷിതാക്കൾക്കെതിരെയായിരിക്കും നിയമനടപടി സ്വീകരിക്കുക. കുട്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി തുറന്നടിച്ചു.
കുട്ടികൾ ഉൾപ്പെടുന്ന വാഹനാപകട കേസുകൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ ശക്തമായ പ്രതികരണം. കുട്ടിക്കുറ്റവാളികൾക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ ദയയും കാണിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.പി. ജോൺ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണം നിലവിലെ സമയക്രമമാണെന്ന് മന്ത്രി പറഞ്ഞു. ബസുകളുടെ സമയക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും, ഇത് പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചു.

