"കൂട്ടരെ, ഇന്ന് കഥ പറയാമെന്നേറ്റിരുന്ന കുര്യനു നേരിട്ട ചില കുടുംബ പ്രശ്നങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ മറ്റാരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടെങ്കില് നമുക്ക് ചര്‍ച്ച ചെയ്യാം." സ്വാമി എന്ന് സ്നേഹിതന്മാര് വിളിക്കുന്ന സ്വാമിനാഥന് എന്ന കാര്യദര്‍ശി സദസ്യരായി എത്തിയിട്ടുള്ള പതിനഞ്ചില്‍ തഴെയുള്ള ആ കൂട്ടത്തോടായി പറഞ്ഞ് എല്ലാവരേയും നോക്കി. എല്ലവരുടെയും ചുണ്ടില്‍ ഭാവം തിരിച്ചറിയാന്‍ വയ്യാത്ത ഒരു ചിരി വിരിയുന്നത് എന്തേ എന്ന് സ്വാമിനാഥന് ഓര്‍ത്ത് അല്പനിമിഷം മൗനം പൂണ്ടു തുടര്‍ന്നു. ڇഒരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം കുര്യന് വരാതിരുന്നതു നന്നായി, ഇന്നെങ്കിലും അയാളുടെ പൊട്ടക്കഥ കേള്‍ക്കണ്ടല്ലോ എന്ന്. ശരിയാണ് കുര്യന് എന്നും ഏകജാലക കഥകളാണു പറയുന്നത്. അതില്‍ ആവര്‍ത്തന വിരസതക്കൊപ്പം പഴമയുടെ മാറാപ്പും ഉണ്ട്. എന്നിരുന്നാലും അയാളുടെ ഭാഷയോടും സാഹിത്യത്തോടുമുള്ള സ്നേഹത്തെ നമ്മള് കുറച്ചു കണ്ടുകൂടാ.ڈ
എല്ലാവരുടെയും മുഖപേശികള്‍ ഒന്നയഞ്ഞപ്പൊള് സ്വാമിനാഥന് ഇന്നാരു കഥ പറയും എന്ന മട്ടില്‍ വീണ്ടും എല്ലാവരേയും നോക്കി ആരും ഇല്ല എന്നുറപ്പിച്ച്, സന്ദര്‍ഭത്തിനൊത്തുയരാന്‍ ശ്രമിക്കുന്നവനെപ്പോലെ ഒന്നു തത്രിച്ച് പടവുകള്‍ കയറാന്‍ തുടങ്ങി. ڇഒരു കഥ പറയാന്‍ എനിക്കറിയില്ല എങ്കിലും, വരാന്‍ പോകുന്ന അമ്മദിനത്തെ മനസ്സില്‍ കണ്ട് ഞാന്‍ ഒരു കഥപറയാം. അതിനെ കഥ എന്നു വിളിച്ചോളു. എന്തിനാണ് ഇത്രയെറെ കഥകള്‍ എന്നു നിങ്ങള്‍ ചോദിച്ചേക്കാം. കഥകള്‍ അനുഭവങ്ങളാണ്. ഒരോ അനുഭവങ്ങളും വേറിട്ടുനില്‍ക്കുമ്പോള്‍ സമൂഹത്തിനതില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കാന്‍ പറ്റുന്നു. ഉദാഹരണമായി പറഞ്ഞാല്‍ കാളിദാസന്റെ കഥാപാത്രങ്ങളിലൂടെ നമുക്കു കിട്ടുന്ന അറിവുകളല്ല ബഷീറിന്റെ കഥാപാത്രങ്ങളിലൂടെ നമുക്ക് കിട്ടുന്നത്. കാരൂരിന്റെ കഥകള്‍ മറ്റൊരു ലോകത്തെ കാട്ടിത്തരുമ്പോള്‍ വൈലോപ്പള്ളിയുടെ മാമ്പഴമെന്ന കവിത അമ്മ മനസ്സിന്റെ തീരാദുഖത്തിലേക്ക് നമ്മെ എടുത്തെറിയുന്നു. ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന കഥയിലെ അമ്മയെ വിശ്വസാഹിത്യത്തിലോ മറ്റെവിടെയെങ്കിലുമോ കണ്ടിട്ടുണ്ടോ. കൈകുഞ്ഞുമായി വേശ്യവൃത്തിക്കു പോകുന്ന യുവതിയായ അമ്മ ഒരിടപാടുകാരനെ തൃപ്തിപ്പെടുത്തുന്നതിനിടയില്, അടുത്തുതന്നെ കിടത്തിയിരിക്കുന്ന തന്റെ കുട്ടിയുടെ ദേഹമാകെ ഉറുമ്പു പൊതിയുന്നതു കണ്ടിട്ടും കരച്ചിലടക്കി ഇടപാടുകാരന്റെ കയ്യിലെ എട്ടണ കിട്ടും വരേയും കുട്ടിയെ നോക്കി വിങ്ങുന്ന അമ്മയുടെ മനസ്സ് ബഷീറു കണ്ടതുപോലെ മറ്റാരും കണ്ടിട്ടുണ്ടാകില്ല. അതാണു പറയുന്നത് ഒരോ കഥകളും ഒരോരോ അനുഭവങ്ങളും സാമൂഹ്യപാഠങ്ങളും ആണെന്ന്.ڈ
ڇഞാന്‍ ഒരു കഥ പറയാം എന്ന് ആവേശത്തിലങ്ങു പറഞ്ഞുവെങ്കിലും അങ്ങനെ ഒന്ന് ഉള്ളില്‍ രൂപപ്പെട്ടു വരുന്നതെയുള്ളു. ആ കഥയുടെ ഒരു രൂപ രേഖ ഞാനവതരിപ്പിക്കാം. പിന്നീട് അതൊരു നല്ല കഥയാക്കാവുന്നതെയുള്ളു. കഥ എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതൊരു കെട്ടുകഥയായിരിക്കും എന്ന്. പക്ഷേ ശരിക്കും ഞാന്‍ കണ്ട ചില ജീവിതങ്ങളുടെ നേര്‍കാഴ്ച എന്നു പറയുന്നതായിരിക്കും ശരി. നമുക്ക് ശാന്തയില്‍ നിന്നും ഈ കഥ തുടങ്ങാം. ശാന്തയെ ഒരു പക്ഷേ നിങ്ങള്‍ക്ക് പരിചയം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഞാന്‍ ശാന്തയെക്കുറിച്ച് ഒരു രേഖാ ചിത്രം അവതരിപ്പിക്കാന്‍ ശ്രമിക്കാം.ڈ
സ്വാമി തന്റെ ചിന്തകളെ ഒന്നു ക്രമപ്പെടുത്താനെന്ന മട്ടില്‍ ഒരു നിമിഷം കണ്ണടച്ചു നില്ക്കുന്നതിനിടയില് തോമസ് പാലാത്തറ ചോദിച്ചു: "വെറുതെ വളച്ചുകെട്ടി സമയമില്ലാതെ ഇവിടെ ഇരിക്കുന്ന ഞങ്ങളുടെ സമയം കളയുന്നതിനു പകരം പറയാനുള്ളത് നേരെചെവ്വേ അങ്ങു പറഞ്ഞുകൂടെ"
പാലാത്തറ പതിവുപോലെ തനിക്കെതിരെ ഒരൊളിയമ്പു തൊടുത്തതാണെന്ന ബോദ്ധ്യത്തില്‍ സ്വാമി പറഞ്ഞു: "നിങ്ങള്‍ പറഞ്ഞതു ശരിയാണ്. ഒരു ലിഖിത കഥ എന്റെ വശം ഇല്ലാത്തതിനാല്‍ ശാന്ത എന്ന കഥാപാത്രത്തിനെ ഒരു മൂടുപടത്തിനുള്ളിലാക്കി അവളെ നിങ്ങളില്‍ നിന്നും മറയ്ക്കണം എന്ന വിചാരത്തില്‍ അവളുടെ നീണ്ട മുടിയൊന്നു മുറിച്ച് മുഖമൊക്കെ ഒന്നു ഫേഷ്യല്‍ ചെയ്യിച്ച് അമേരിക്കയിലെ ഒരു സൊസൈറ്റി ലേഡിയാക്കി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ശാന്ത എത്ര ശ്രമിച്ചിട്ടും ഒരു നാടന്‍ പെണ്ണിന്റെ മട്ടില്‍ തന്നെ ആയിരുന്നു. അപ്പന് പണക്കാരനായ ഒരു എസ്റ്റേറ്റ് മുതലാളിയും, അമ്മ ആര്‍ഭാടങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു പൊങ്ങച്ചക്കാരിയും ആയിരുന്നു എന്നു പറയുമ്പോള്‍ ദീനാനുകമ്പ ആ വീട്ടില്‍ അധികമൊന്നും ഇല്ലായിരുന്നു എന്നു വേണമെങ്കില്‍ തിരിത്തിക്കോളു. ചുറ്റുവട്ടത്തുള്ളവരുടെ കഷ്ടതകളില്‍ മനസ്സലിവുള്ളവള് ആയിരുന്നില്ല. രോഗിയായ ഒരു കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അഞ്ചുരുപ സഹായത്തിനായി കെഞ്ചുന്ന തോട്ടം തൊഴിലാളിയോ, അടുക്കളക്കാരിയോ അവരുടെ മുന്നില്‍ ദയാര്ഹരായിരുന്നില്ല എന്നു മാത്രമല്ല അവരെ ശകാരിക്കാനും അവര്‍ മറന്നിരുന്നില്ല. അങ്ങനെ ഉള്ള ഒരമ്മയില്‍ നിന്നും ശാന്ത ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ എങ്ങനെ ആയിരിക്കും പഠിച്ചിട്ടുണ്ടാകുക. അച്ഛന് എപ്പോഴും തിരക്കിലായിരുന്നു. വീട്ടില്‍ ഉള്ള സമയങ്ങളിലൊന്നും ആ വീട്ടില്‍ കളിയും ചിരിയും പോയിട്ട് സ്നേഹത്തിന്റെ ഒരു ചെറു വാക്കുപോലും കേട്ടിട്ടില്ല. അച്ഛന് വീട്ടിലില്ലാത്ത നേരങ്ങളില്‍, (ഏറയും അതങ്ങനെയാണ്), എസ്റ്റേറ്റ് ബംഗ്ലാവില്‍ അഴിഞ്ഞാട്ടക്കാരികള്ക്കൊപ്പമെന്ന് അമ്മ കുറ്റപ്പെടുത്തുന്നതു മകള്‍ കേള്‍ക്കാറുണ്ട്.
ശാന്തയുടെ ചെറുപ്രായം ഇങ്ങനെ ഒറ്റപ്പെടലിന്റെ വിമ്മിഷ്ടങ്ങളില് ആയിരുന്നുവെങ്കിലും സ്കൂളില്‍ അവള് എല്ലാത്തിനും ഒന്നാമതായിരുന്നു. മനസ്സുതുറന്ന് സംസാരിക്കാന്‍ അവള്‍ക്ക് കൂട്ടുകാര്‍ ഒന്നും ഇല്ലായിരുന്നു. മറ്റുള്ള കുട്ടികള്‍ കൂട്ടുകൂടി ചിരിച്ചുല്ലസിക്കുമ്പോള്‍ ശാന്ത ചിന്തിച്ചത് ഇവര്ക്കെന്താണാവൊ ഇത്രപറയാനുള്ളതെന്നാണ്. എന്നാല്‍ മറ്റുകുട്ടികള്‍ പറയുന്നത് അവള്‍ക്കെന്തോ ഒരു കുറവുണ്ടെന്നാണ്. സാധാരണ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒരു സ്രൈണ ഭാവം അവളിലില്ലെന്നതിനാലാകാം, കാണാന്‍ തരക്കേടില്ലാത്ത അവളോട് ആണ്‍കുട്ടികളൊന്നും അധികം അടുപ്പം പുലര്‍ത്താറില്ലായിരുന്നു. അവള് സോഷ്യോളജിയില്‍ മാസ്റ്റേഴ്സ് എടുത്തുകഴിഞ്ഞപ്പോള്‍ അവളുടെ അച്ഛന് ഏകമകളെ ഏറ്റവും നല്ല നിലയില്‍ കെട്ടിച്ചുവിടണം എന്നാഗ്രഹിച്ച് വരനെ അന്വേഷിച്ച് പലദിക്കിലേക്കും ആളെവിട്ടു. പണം പ്രശ്നമായിരുന്നില്ലെങ്കിലും എസ്റ്റേറ്റിലെ ജീവിത കഥകളില്‍ ചിലതെല്ലാം അല്പം നാറ്റമുള്ളതായിരുന്നു. അതൊന്നും അറിയാത്ത ദിക്കില്‍ നിന്നും വരുന്ന ആലോചനകളില്‍ മകളുടെ ജീവിതം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന കുറ്റബോധമുള്ള ഒരപ്പന്റെ മനസ്സിനെ പുറത്താരും കണ്ടില്ല.
ശാന്തക്കു വന്ന ആലോചന ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ചെറുക്കന് അമേരിക്കയില്‍ ഉപരിപഠനത്തിനു പോയി അവിടെ ജോലിസമ്പാദിച്ചവന് നാലഞ്ചുവര്ഷത്തിനു ശേഷം അപ്പനേയും അമ്മയേയും കാണാന്‍ വന്നവന്റെ ഉള്ളില്‍ മറ്റൊരു മോഹം ഉണ്ടായിരുന്നു. നെഴ്സായ, കൂട്ടുകാരന്റെ പെങ്ങള് കാണിച്ച കരുതല്‍ അവളിലേക്ക് കൊളിത്തി വലിക്കവേ ചെറുപ്രായത്തിന്റെ ചിലകാര്യസാദ്ധ്യത്തിനായി, അവള്‍ക്കു കൊടുത്ത വാക്ക് പാലിക്കന്‍ എന്നമട്ടില്‍, നാട്ടില്‍ പോയി അപ്പന്റെ അനുവാദം വാങ്ങി ഉടന്‍ തിരിച്ചുവരാം എന്നുപറഞ്ഞാണ് അയാള്‍ അമേരിക്കയില്‍ നിന്നും തിരിച്ചത്. അവള്‍ക്ക് അങ്ങനെ ഒരു വാക്കു കൊടുത്തിരുന്നുവെങ്കിലും തന്റെ കുലമഹിമക്കുമുന്നില് അവളും വീട്ടുകാരും മതിയാകുമോ എന്ന ആശങ്ക ചിലപ്പോഴൊക്കെ അയാളെ അലട്ടി. തന്റെ അപ്പന്റെ മുന്നില്‍ ഇതെങ്ങനെ അവതരിപ്പിക്കും എന്നയാള്‍ ഏറെ വിമ്മിഷ്ടപ്പെട്ടു. കായലിനക്കരയുള്ള അവളുടെ വീട് അയാളുടെ അപ്പനറിയാമായിരുന്നു. കഷ്ടിച്ച് ജീവിച്ചുപോന്നിരുന്ന അവളുടെ ആങ്ങള തിരുവല്ലയില്‍ വെച്ച് പരിചയപ്പെട്ട ഒരു മിഷനറിയുടെ വിശ്വസ്ഥനും സഹായിയുമായത് യാതൃച്ഛികമെങ്കിലും ആ പരിചയം അയാളെ ബൈബിള്‍ പഠിക്കാനായി അമേരിക്കയിലെത്തിച്ചപ്പോള്‍ തുറന്ന പുത്തന്‍ വഴിയിലെ അവസരങ്ങള്‍ കണ്ടറിഞ്ഞ് പെങ്ങളെ നെഴ്സിങ്ങിനു വിട്ട് അമേരിക്കയില്‍ കൊണ്ടുവന്ന്, ഇവിടെ പുതിയ സ്വര്‍ഗ്ഗ രാജ്യം സുവിസേഷിക്കുന്നതിനിടയിലാണ് ഒരേനാട്ടുകാരനായ ജേക്കബിനെ കണ്ടുമുട്ടുന്നതും പെങ്ങളെ പരിചയപ്പെടുത്തുന്നതും.
ജേക്കബ്, മേരിക്കുട്ടിയുടെ പ്രേമവിവശയായ കടാഷത്തില് വീണുപോയത് പ്രായത്തിന്റെ മോഹതീരത്ത് ആയതിനാല്‍ ആയിരുന്നു എന്നുവേണമെങ്കില്‍ പറയാം. ഞാന്‍ അങ്ങനെ പറയുന്നത് ജേക്കബ് മേരിക്കുട്ടിയെ സ്നേഹിച്ചിരുന്നില്ല എന്നു പറയാന്‍ വേണ്ടിയല്ല. മറിച്ച് കേവലം ഒരു നെഴ്സായ ഇവള്‍ക്ക് (എഴുപതുകളിലെ മലയാളി മനസ്സ് നെഴ്സിങ്ങ് എന്ന പ്രൊഫഷനെ കണ്ടിരുന്നതങ്ങെനെ ആയിരുന്നു.) എഞ്ചിനിയറായ തന്റെ നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമോ? തന്റെ കുടുംബം ഇതിനു സമ്മതിക്കുമോ എന്നൊക്കയുള്ള ആശങ്കയില്‍ ഞാന്‍ വീട്ടില്‍ പോയി സമ്മതം വാങ്ങി വരാം എന്നു യാത്രാമൊഴിയും പറഞ്ഞു പോയ ജേക്കബിനെ മേരിക്കുട്ടി പിന്നീടു കാണുന്നത് കുറെ നാളുകള്‍ക്കു ശേഷം അമേരിക്കയിലെ തിരക്കുള്ള ഒരു ഷോപ്പിങ്ങ് മാളില്‍ വെച്ചായിരുന്നു. ജേക്കബ് ശാന്തയെ മേരിക്കുട്ടിക്ക് ഭാര്യയെന്നു പരിചയപ്പെടുത്തുമ്പോള്‍ മേരിക്കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കുവാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല. മേരിക്കുട്ടി ഒന്നു ചിരിക്കമാത്രം ചെയ്തു. ജേക്കബിന്റെ നാട്ടുകാരിയെ പരിചയപ്പെട്ടതില്‍ ശാന്തയില്‍ അത്രവലിയ സന്തോഷം ഉണ്ടാകാതിരുന്നത് ഒരു പക്ഷേ അവളിലെ സ്വഭാവികമായ വൈകാരികതയുടെ കുറവുകൊണ്ടാകാം. അല്ലെങ്കില്‍ അങ്ങെനെയുള്ള കേവലവികരങ്ങളൊന്നും അവള് കണ്ടുവളര്ന്നിട്ടുണ്ടാകില്ല. ശാന്തയെ ജേക്കബ് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതായിരുന്നോ എന്നു ചോദിച്ചാല്‍ അങ്ങനെ ഒരു ചോദ്യത്തിനൊ ഇഷ്ടപ്പെടലിനോ അവിടെ അവസരം ഇല്ലായിരുന്നു. അപ്പനോട് മേരിക്കുട്ടിയെക്കുറിച്ച് എങ്ങനെ പറയും എന്നാലോചിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അപ്പന് ആലോചിച്ചുറപ്പിച്ച ശാന്തയെ പെണ്ണുകാണലും കല്ല്യാണം ഉറപ്പിക്കലും ഒക്കെയായി മേരിക്കുട്ടിയെ മറന്നു. പട്ടാളക്കാരനായിരുന്ന അപ്പന് ഒരു മര്ക്കടമുഷ്ടിക്കാരനായതിനാല് മക്കളൊന്നും നേര്‍ക്കുനേര്‍ എതിരൊന്നും പറയാറില്ലായിരുന്നു. ശാന്തയുടെ ആലോചന അപ്പനിഷ്ടമായത് നല്ല ധനസ്ഥിതിയുള്ളവരുമായുള്ള ബന്ധത്തില്‍ കിട്ടിയ സ്ത്രീനത്തില് മകനുവെണ്ടി ചിലവാക്കിയതൊക്കെ തിരിച്ചുപിടിച്ചല്ലൊ എന്ന സന്തോഷമായിരുന്നു.
അല്പനാളത്തെ ശാന്തയുമൊത്തുള്ള ജീവിതത്തിനിടയില്‍ ജേക്കബ് അറിഞ്ഞു തനിക്ക് ശാന്തയില്‍ ശാന്തികിട്ടില്ലെന്ന്. മനസ്സില്‍ മേരിക്കുട്ടി കായല്‍ പരപ്പില്‍ നിലാവിനെ പിടിക്കാനായി ഉയര്‍ന്നു ചാടുന്ന പരല്‍ മീനിനെപ്പോലെ ഉയര്‍ന്നു പൊങ്ങുമ്പോള്‍ എന്തൊക്കയോ നഷ്ടബോധനിരാശയില് ജേക്കബ് തിരിഞ്ഞുകിടന്നുറങ്ങാന്‍ ശ്രമിച്ചു.
ജേക്കബിന്റെ കിടക്കയിലെ അസ്വസ്ഥതയില്‍ നിന്നും ജനിച്ച കുഞ്ഞ് അവരുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരുവായി . ആ കുഞ്ഞ് എന്തൊക്കയോ കുറവുകളോടാണു ജനിച്ചത് എന്നുള്ളത് തികച്ചും ശാന്തയുടെ കുറ്റം എന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം കുറ്റപ്പെടുത്തി ശാന്തയെ കൂടുതല്‍ നിരാശയിലേക്ക് നടത്താന്‍ ജേക്കബ് ശ്രമിക്കുന്നതിനൊപ്പം അയാള്‍ പുറംലോകത്തില്‍ തനിക്കുവേണ്ട സുഖങ്ങളെ അന്വേഷിച്ചു. മേരിക്കുട്ടിയോട് അതിരുവിട്ട അടുപ്പത്തിനു വീണ്ടും ശ്രമിച്ച അയാളെ ഒരു നോട്ടത്തില്‍ അവള് അകലത്തില്‍ നിര്‍ത്തി.
മേരിക്കുട്ടി തന്റെ ഭാവി എന്തേ എന്ന ആശങ്കയില്‍ കുറെക്കാലും ജേക്കബും ഒത്തു കണ്ട സ്വപ്നങ്ങള്‍ക്കു പിന്നാലെ ചുറ്റി ഒടുവില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവളെപ്പോലെ വീട്ടുകാര്‍ കണ്ടെത്തിയ ഒരാലോചനയില്‍ ജീവിതം ഉറപ്പിക്കുമ്പോള്‍ ഒന്നുറപ്പിച്ചിരുന്നു; തനിക്കുള്ളതില്‍ സന്തോഷം കണ്ടെത്തണമെന്ന്. ജീവിത പങ്കാളിയായി വന്നവന് അമേരിക്കയില്‍ വന്നതില്‍ വളരെ സന്തോഷവാനായിരുന്നു. നാട്ടിലെ തന്റെ ഇല്ലാഴ്മയിലെ ജീവിതത്തെ പാടെ മറന്ന് ആര്ഭടങ്ങളെ സ്നേഹിക്കുന്നവനായി, വിലകൂടിയ കാറും, വലിയ വീടും മോഹങ്ങളായി സ്വ്പ്നങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ മേരിക്കുട്ടി ഉള്ളില്‍ ചിരിച്ച്, അതാണു നിങ്ങളുടെ സന്തോഷമെങ്കില് ഞാനും നിങ്ങളുടെ സന്തോഷങ്ങള്‍ക്കായി ശ്രമിക്കാം.
മേരിക്കുട്ടി രണ്ടു ജോലിക്കു പോയി. അല്ല മൂന്നു ജോലി എന്നു പറയുന്നതായിരിക്കും ശരി. മൂന്നാമത്തെ ജോലി ജേക്കബിന്റെ ഡിസെബിലിറ്റിയുള്ള കുട്ടിയെ ചികിത്സിക്കുന്നിടത്തായിരുന്നു. ഒഴിവു ദിവസം എന്നു പറയുമ്പോള്‍ ഞയറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ പത്തുവരെ ഉള്ള ജോലി സേവന ദിനം എന്നാണ് മേരിക്കുട്ടി അതിനെ വിളിക്കാറ്. ശരിക്കും അതൊരു സേവനം തന്നെയായിരുന്നു. ജേക്കബിന്റെ സുഖമില്ലാത്ത കുട്ടിയെ പരിപാലിക്കുമ്പൊള് സ്വന്തമായി ഒരു കുട്ടിയെ ജനിപ്പിക്കണ്ട എന്ന തന്റെ തീരുമാനം ശരിയോ തെറ്റോ എന്നു വിചിന്തനം ചെയ്യാറുണ്ടെങ്കിലും തീരുമാനം തെറ്റായിരുന്നു എന്നു തോന്നിയിട്ടില്ല. പങ്കാളിയായി വന്നവന് പണത്തിലായിരുന്നു കണ്ണ് എന്നതിനാല്‍ ഗര്‍ഭവും പ്രസവവും പിന്നെ കുട്ടിയെ നോക്കലും എല്ലാം കൂടി തന്റെ രണ്ടു ജോലിയിലെ വരുമാനത്തെ ബാധിക്കും എന്ന ചിന്തയില്‍ അതിനു നിര്‍ബന്ധിച്ചില്ല എന്നു പറയുന്നതാകും ശരി. പിന്നെ നേരും നെറിയും ഇല്ലാത്ത ഈ ലോകത്തില്‍ എല്ലാവിധ കഷ്ടപ്പാടിലേക്കും പുതിയ തലമുറയെ ജനിപ്പിച്ചിട്ടെന്തുകാര്യം എന്ന ചിന്ത ഉറച്ചപ്പോള്‍, ചുറ്റുമുള്ളവരുടെ ദുരിതങ്ങള്‍ക്ക് തന്നാലാവും വിധം ഒരു കൈത്താങ്ങ് എന്ന ചിന്തയില്‍ മൂന്നാം ജോലിയുടെ വേതനം അത്രയും കുട്ടികളുടെ ഹോസ്പ്റ്റലിനുവേണ്ടി സംഭാവന ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജോലിയുടെ അധികഭാരവും ശരീരത്തിന്റെ ക്ഷീണവും അറിയാതെയായി.
മേരിക്കുട്ടിയെ നോക്കി മറ്റുള്ളവര്‍ ചിരിക്കുമ്പോള്‍ അവരോടു വെറുപ്പൊന്നും തോന്നാറില്ല. അവരുടെ കാഴ്ചപ്പാടില്‍ മക്കളില്ലാത്ത താന്‍ എന്തിനു വിശ്രമമില്ലാതെ ഇങ്ങനെ ജോലിചെയ്യുന്നു. ആ ചോദ്യം അവര്‍ക്കു ശരിയാകാം. പക്ഷേ ഒരോരുത്തരും അവരവരുടെ ശരികള്ക്കുവേണ്ടിയല്ലേ ജീവിക്കുന്നത്. സന്തോഷങ്ങള്‍ നമ്മിലേക്ക് ഇറങ്ങിവരാന്‍ നാം വാതിലുകള്‍ തുറന്നിടണം. അല്ലാതെ സന്തോഷങ്ങള്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടിവിളിക്കില്ല. ഇതൊക്കെ മേരിക്കുട്ടിയുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ്. ജേക്കബിന്റെ കുട്ടിയെപ്പോലെയുള്ള അനേകം പേര് കട്ടിലില്‍ ഓന്നെഴുനേല്ക്കന്പോലും കഴിവില്ലാത്തവരായി കിടക്കുമ്പോള്‍ അവരുടെ അരുകില്‍ ചെന്ന് അവരോടൊന്നു ചിരിക്കുകയും അവരുടെ നനഞ്ഞു കുതിര്‍ന്ന ഡയപ്പറൊന്നു മാറി അവരെ നേരെ കീടത്തുമ്പോള് കിട്ടുന്ന സന്തോഷം ഹവായി ബീച്ചില്‍ ഒരു വെക്കേഷനു പോയാല്‍ കിട്ടുമോ എന്ന് മേരിക്കുട്ടി സ്വയം ചോദിക്കുമ്പോള്‍ ആര്‍ക്കാണു ഉത്തരം പറയാന്‍ കഴിയുക. വേണമെങ്കില്‍ ആപേക്ഷികം എന്നു പറഞ്ഞൊഴിയാം. ബീച്ചിലെ സന്തോഷങ്ങള്‍ വേണ്ടവര്‍ അതിനു പിന്നാലെ പോകട്ടെ എന്ന് സ്വയം ഉദാസീനപ്പെട്ട് ഒട്ടും നഷ്ടബോധം ഇല്ലാത്തവളായി മോരിക്കുട്ടി തന്റെ ദിവസങ്ങളെ ക്രമപ്പെടുത്തി.
ജേക്കബും ശാന്തയും ആദ്യകാലങ്ങളില്‍ ഒന്നിച്ച് കുട്ടിയെ കാണാന്‍ വരുമ്പോള്‍ ജേക്കബിന്റെ മുഖത്തെ നിസംഗത മേരിക്കുട്ടി കാണാറുണ്ടായിരുന്നു. പിന്നീടവര്‍ രണ്ടു നേരങ്ങളില്‍ പരസ്പരം കണ്ടുമുട്ടാതിരിക്കാനായി ശ്രമിക്കുന്നവരെപ്പോലെ ആയി കുട്ടിയെ കാണല്‍. ക്രമേണ ജേക്കബിന്റെ വരവ് കുറഞ്ഞു. ആദ്യകാലങ്ങളില്‍ കുട്ടിയെ കാണുക എന്നതിലുപരി തന്നെ കാണാനും വര്‍ത്തമാനങ്ങള്‍ പറയാനുമാണയാള് വരുന്നതെന്ന് മേരിക്കുട്ടിക്ക് തോന്നിയിരുന്നു. മേരിക്കുട്ടി അതില്‍ ഒട്ടും താല്പര്യം കാണിക്കാതെ അയാളെ നിരാശനാക്കി.
ഒരിക്കല്‍ വളരെ വൈകാരികതയോടെ അയാള്‍ അവളോടു പറഞ്ഞു; 'ഞാന്‍ നിന്നോടു ചെയ്ത തെറ്റിന്റെ ഫലമാണ് എനിക്കിങ്ങനെ ഒരു കുട്ടി ജനിച്ചതെന്നു ഞാന്‍ കരുതുന്നു. ഞാന്‍ ആ തെറ്റു തിരുത്താന്‍ ഒരുക്കമാണ്...' കൂടുതല്‍ പറയാന്‍ അയാളെ അനുവദിക്കാതെ അവള് നന്നായൊന്നു ചിരിച്ചു പറഞ്ഞു:
'എനിക്ക് നിങ്ങളുടെ മനസ്സ് കാണാന്‍ കഴിയുന്നുണ്ട്. അവിടെ ഞാന്‍ നിങ്ങളുടെ വീട്ടില്‍ കായല്‍മീന്‍ വില്ക്കാന് വരുന്ന സ്ത്രീയുടെ മകളാണ്. നിങ്ങളുടെ ആഡ്യതയില്‍ നിന്നും നിങ്ങള്‍ ഒരു പടിപോലും താഴേക്കിറങ്ങിയിട്ടില്ല. നിങ്ങള്‍ക്ക് ഇപ്പോഴും എന്റെ ശരീരത്തോട് മോഹം ഉണ്ടെന്നാണു നിങ്ങള്‍ പറയാതെ പറയുന്നത്. അതെനിക്കു മനസ്സിലാകും. എനിക്ക് നിങ്ങളോടു വെറുപ്പില്ല... പകരം സഹതാപം മാത്രം.' ജേക്കബ് പിന്നെ അധികം അവിടെ നിന്നില്ല. തിരിഞ്ഞു നോക്കാതെ നടന്നകലുന്ന അയാളെ അവള് നോക്കി നിന്ന് എന്തൊക്കയോ ആലോചിച്ചു.
ശാന്തയും മേരിക്കുട്ടിയും പലദിവസത്തെ കണ്ടുമുട്ടലില്‍ നല്ല സുഹൃത്തുക്കള്‍ ആയി. തന്റെ കുഞ്ഞിനെ ഇത്രമേല്‍ പരിചരിക്കുന്ന മേരിക്കുട്ടിയെ ശാന്ത ആദരവോടെ കാണാന്‍ തുടങ്ങി. ഇത്രകാലവും തന്റെ അപ്പന്റെ കണക്കില്ലാത്ത സ്വത്തിനെക്കുറിച്ചുള്ള ദുരഭിമാനത്തില്‍ അവര്‍ എല്ലവരോടും അല്പം അകലം പാലിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ ദുരവസ്ഥയില്‍ അവളുടെ ഹൃദയം വിങ്ങി. മറ്റുകിടക്കയിലെ കുട്ടികളെയും അവള് കാണാന്‍ തുടങ്ങി. അവളില്‍ ഇതുവരെ ഇല്ലാതിരുന്ന എന്തോ ഒരു വികാരം വളരാന്‍ തുടങ്ങി. ജേക്കബിന്റെ പുലഭ്യം പറച്ചില് അവള് മറന്നു. അയാള്‍ വീട്ടില്‍ വാരാറെ ഇല്ല എന്ന സത്യം അവളെ തെല്ലും അലോസരപ്പെടുത്തിയില്ല. പട്ടണത്തില്‍ ഏതൊ ഒരു സ്പാനീഷ് കാരിക്കൊപ്പം ജീവിക്കുന്നു എന്ന അറിവ് മേരിക്കുട്ടിയുമായി പങ്കുവെയ്ക്കുമ്പോള്‍, മേരിക്കുട്ടി അയാളുടെ പഴയ ഇഷ്ടക്കാരിയായിരുന്നു എന്ന് ശാന്ത അറിഞ്ഞിരുന്നു. ശാന്തയുടെ വാക്കുകള്‍ മേരിക്കുട്ടിയില്‍ യാതൊരു വികാരവും ജനിപ്പിച്ചില്ല. പകരം അവള് പറഞ്ഞു; 'ഒരോരുത്തര്‍ക്കും ഒരോ വിധിയാണു ശാന്തേ..!'
ശാന്ത ഒരു ദിവസം മേരിക്കുട്ടിയൊടായി പറഞ്ഞു; 'ഞാന്‍ എന്റെ മകനുമായി നാട്ടിലേക്കു പോകുന്നു. അവിടെ എന്റെ അപ്പന്റെ മറ്റാരും അവകാശികളില്ലാത്ത വലിയ ബംഗ്ലാവില്‍ വായുവും വെളിച്ചവും കയറിയിട്ടില്ലാത്ത അനേകം മുറികളുണ്ട്. അവിടെ ഞാന്‍ എന്റെ മകനെപ്പോലെയുള്ളവര്ക്കായി ഒരു കരുണാലയം തുടങ്ങും. എന്റെ ഓര്‍മ്മയിലൊക്കെ ആ മുറ്റത്ത് കരുണക്കായി കേഴുന്ന അമ്മമാരെ ആട്ടിയോടിക്കുന്ന എന്റെ അമ്മയുടെ മുഖമാണുള്ളത്. നിറകണ്ണുകളുമായി സുഖമില്ലാത്ത കുട്ടികളെയും തോളിലിട്ട് ഇറങ്ങിനടക്കുന്ന ആ അമ്മമാരുടെ കണ്ണുനീരു വീണ ആ മുറ്റത്ത് ഞാന്‍ സ്നേഹത്തിന്റെ പന്തല്‍ കെട്ടും. എന്റെ കുഞ്ഞും അവരില്‍ ഒരാളായി വളരും.' ശാന്തയുടെ മുഖത്തു വിരിഞ്ഞ ചിരിയില്‍ കരുണയുടെ അനേകം തളിര് നാമ്പുകള്‍ മേരിക്കുട്ടി കണ്ടു.ڈ

സാംസി കൊടുമണ്‍

