അമേരിക്കയിൽ കുടിയേറ്റക്കാരായ ഏതൊരു വ്യക്തിയും മനസ്സിലാക്കിയിരിക്കേണ്ട ചില പ്രാഥമിക യാഥാർത്ഥ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി എഴുതിയിട്ടുള്ള “അമേരിക്കൻ ക്രിസ്ത്യാനിത്വം” എന്ന ഈ ലേഖന പരമ്പരയിൽ Dr. Thomas Ambumkayathu അവതരിപ്പിച്ചിരിക്കുന്നത്. ഭാഗം - I: കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും; ഭാഗം - II: അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം; ഭാഗം - III: ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും. (അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതി, താൻ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഈ ലേഖന പരമ്പര). “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുട പ്രത്യാശയും” എന്ന പുസ്തകത്തിൻറെ രചയിതാവും, ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ലേഖനങ്ങളിലൂടെ വായനക്കാരുടെ മുൻപിൽ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ഈ എഴുത്തുകാരൻ. തൻറെ പുസ്തകത്തിന്റെ കോപ്പികൾക്കോ, പുസ്തകത്തിലും ലേഖനങ്ങളിലും പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോ തന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Email: vathomas.pvi@gmail.com.
അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം
‘ആത്മീക വിഷയങ്ങളിൽ അപൂർവ മനോഭാവം പുലർത്തുന്ന ഒരു സമൂഹത്തിലും, തലമുറയിലും ആണ് നാം ജീവിക്കുന്നത്’ എന്ന പ്രസ്താവന ഒരു അതിശയോക്തിയായി അധികം ആരും കണക്കാക്കും എന്ന് ഞാൻ കരുതുന്നില്ല. ഒരുവശത്ത്, ഭക്തി പരമായ വിഷയങ്ങളിൽ തികഞ്ഞ അനാസ്ഥ; മറുവശത്ത്, ഭക്തി തീവ്രത! ഇവിടെ വിസ്മയം ഉളവാക്കുന്ന വിഷയം, ഈ രണ്ട് മനോഭാവങ്ങളും തമ്മിലുള്ള അന്തരം അല്ല; ഈ അന്തരം അനുദിനം വർദ്ധിച്ചുവരുന്നു എന്നതും അല്ല; ഒന്ന് മറ്റൊന്നിനെ പ്രകോപിപ്പിക്കുന്നു എന്നതാണ്. ഉദാഹരണമായി, അനുദിനം കുറഞ്ഞുവരുന്ന സദാചാര നിലവാരവും, വർദ്ധിച്ചുവരുന്ന ധാർമിക അധപതനവും അല്ലേ മറുവശത്ത് ആത്മീക തീവ്രതയുടെ മൂർച്ച കൂട്ടുന്നത് എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. എന്നാൽ, പ്രസ്തുത തീവ്ര മനോഭാവം തന്നെ അല്ലേ മതത്തിൽ നിന്നും ആത്മീയ വിഷയങ്ങളിൽ നിന്നും സമൂഹത്തെ അകറ്റി കൊണ്ടിരിക്കുന്നത് എന്നതും പരിഗണിക്കേണ്ടി ഇരിക്കുന്നു. ആത്മീക തീവ്രവാദത്തിന്റെ പ്രധാന ഭവിഷത്ത്: സമൂഹത്തെ ദൈവത്തിൽ നിന്നു തന്നെ അകറ്റുന്നു എന്നത് മാത്രമല്ല, മതത്തിൻറെ ധാർമികവും സദാചാരപരവുമായ നന്മകളെ പോലും പരിഗണിക്കുവാൻ മനുഷ്യരെ വിമുഖരാകുന്നു എന്നതാണ്.
മതത്തിന് നമ്മുടെ വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും ഒരു വിലപ്പെട്ട പങ്കുണ്ട്. മതത്തിന് ഒരു നിർണായക സ്ഥാനം നാം ജീവിക്കുന്ന മഹത്തായ ഈ രാജ്യത്തിൻറെ (രൂപീകരണത്തിലും നടത്തിപ്പിലും നിതാനമായ) ഭരണഘടനയിൽ (Constitution) പോലും നമുക്ക് കാണുവാൻ കഴിയും എന്നത് തികച്ചും അഭിനന്ദനീയമാണ്. ഇത് സംബന്ധമായി ഭരണഘടനയിൽ നടത്തിയിരിക്കുന്ന പ്രസ്താവനയെ സംക്ഷിപ്തമായി ഇങ്ങനെ പരിഭാഷപ്പെടുത്തട്ടെ: “ദൈവമാണ് സകല മനുഷ്യരെയും സൃഷ്ടിച്ചത്; തൻറെ സൃഷ്ടികളായ മനുഷ്യരെ സകലരെയും തുല്യരായും, എടുത്തു കളയുവാൻ കഴിയാത്ത സ്വതസിദ്ധമായ ചില അവകാശങ്ങളോടും കൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത്; അവയിൽ പ്രധാനപ്പെട്ടതാണ്, ജീവിക്കുവാനുള്ള സ്വാതന്ത്ര്യം, ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം, ജീവിത സന്തോഷങ്ങൾ അനുഭവിക്കുവാൻ ഉള്ള സ്വാതന്ത്ര്യം!” ദൈവമാണ് സകലത്തിന്റെയും - വിശേഷിച്ച് മനുഷ്യൻറ സൃഷ്ടാവ് എന്നും, വിവിധ രീതികളിൽ വിഭിന്നരായ മനുഷ്യരെ സൃഷ്ടിച്ചവനും ഏകോപിപ്പിക്കുന്നവനും ദൈവമാണ് എന്നും ഉള്ള ഈ ചിന്ത തികച്ചും ഉന്നതമായ ഒരു ചിന്ത തന്നെയാണ്! അതിലും അഭികാമ്യം, ഭരണഘടനയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോ, ഒരു പ്രത്യേക മത വിശ്വാസത്തിനോ പ്രാധാന്യം കൊടുക്കാതെ സകലത്തിന്റെയും ഉറവിടമായ ദൈവത്തിന് മാത്രമാണ് മഹത്വം കൊടുത്തിരിക്കുന്നു എന്നതാണ്. ഇത് പിന്നീട് പാസാക്കിയ ‘അവകാശ പത്രികയിൽ’ (Bill of Rights) ഒന്നുകൂടെ വ്യക്തമാക്കുന്നുണ്ട്: “ഗവൺമെൻറ് പൗരന്മാരുടെ മതപരമായ വിശ്വാസത്തെയും അത് ആചരിക്കുവാനുള്ള അവകാശത്തെയും സംരക്ഷിക്കേണ്ടതാണ്. എന്നാൽ, ഗവൺമെൻറ് മതങ്ങളെ രൂപീകരിക്കുകയോ, ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.” അമേരിക്കൻ ഭരണഘടനയിൽ ദൈവത്തിന് കൊടുത്തിട്ടുള്ള സുപ്രധാന സ്ഥാനവും, പൗരന്മാർക്കുള്ള മതസ്വാതന്ത്ര്യവും തികച്ചും അഭിനന്ദനീയമാണ്!
ഇപ്രകാരം അടിസ്ഥാന പ്രമാണമായ ഭരണഘടനയിൽ ദൈവത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തിയിരുന്നില്ല എങ്കിൽ, അമേരിക്ക ആത്മീക വിഷയങ്ങളിൽ അലക്ഷ്യവും, അനാസ്ഥ പുലർത്തുന്നതും ആയ ഒരു രാജ്യമായി ലോകം കാണുമായിരുന്നു. അതോടൊപ്പം തന്നെ, ഭരണഘടനയിൽ (Constitution) ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ, സഭാ വിഭാഗത്തെയോ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും പ്രസ്താവന ഉണ്ടായിരുന്നു എങ്കിൽ ഈ രാജ്യം ലോകത്തിലെ മറ്റ് പല രാജ്യങ്ങളെ പോലെയും മത തീവ്രവാദവും, മതപീഡനങ്ങൾ അഴിച്ചുവിടുന്നതുമായ ഒരു രാജ്യമായി മാറുമായിരുന്നു. അപ്രകാരമുള്ള രാജ്യങ്ങളിൽ നിന്നും മതസ്വാതന്ത്ര്യത്തിനുവേണ്ടി പലായനം ചെയ്ത ഒരു വിഭാഗം ദൈവ ഭക്തന്മാർ ഭരണഘടനയുടെ രൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിരുന്നു എന്നത് തികച്ചും ആശ്വാസകരമായ ഒരു യാഥാർത്ഥ്യമാണ്.
ക്രിസ്തീയ മൂല്യങ്ങൾ പുനസ്ഥാപിക്കുക.
“പാഠശാല മുതൽ നിയമ നിർമ്മാണ സഭകൾ വരെ സമൂഹത്തിൻറെ എല്ലാ നിലകളിലും ക്രിസ്തീയ മൂല്യങ്ങളും സദാചാരങ്ങളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു; അത് പുനസ്ഥാപിക്കേണ്ടി ഇരിക്കുന്നു" എന്ന ആവേശകരമായ ആഹ്വാനം അമേരിക്കയിലെ ക്രിസ്തീയ സഭകളിൽ നിന്നും, വിശേഷിച്ച് പ്രൊട്ടസ്റ്റൻറ് സഭാ വിഭാഗങ്ങളിലെ യാഥാസ്ഥിതിക സമൂഹങ്ങളിൽ (Conservative wing) നിന്നും ഉച്ചത്തിൽ മുഴങ്ങി കേൾക്കാറുണ്ട്. ചുരുക്കത്തിൽ, സന്ദേശം ഇതാണ്: “അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്; ക്രിസ്തീയ മൂല്യങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും അടിസ്ഥാനം ഇട്ടു പണിതെടുത്ത ഒരു രാജ്യം! എന്നാൽ, അക്രൈസ്തവരായ കുടിയേറ്റക്കാരുടെ ഭക്തി വിരുദ്ധമായ സാംസ്കാരിക സ്വാധീനം കൊണ്ട് തൻറെ തനിതായ ക്രിസ്തീയ അടിസ്ഥാനത്തിൽ നിന്നും അമേരിക്ക വ്യതിചലിച്ചു കൊണ്ടിരിക്കുന്നു. എന്തു വില കൊടുത്തും തനിതായ ആത്മീക മൂല്യങ്ങളിലേക്ക് അമേരിക്കയെ തിരിച്ചു കൊണ്ടുവന്നേ മതിയാകൂ.” ഈ സന്ദേശത്തിന്, ക്രിസ്ത്യാനികളുടെ ഇടയിൽ, വിശേഷിച്ച് ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളുടെ ഇടയിൽ വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതു മനസ്സിലാക്കിയ, ജനപ്രീതി (popularity hungering) കൊതിക്കുന്ന ക്രിസ്തീയ നേതാക്കന്മാരും, സുവിശേഷ പ്രസംഗകർ പോലും തങ്ങളുടെ സഭകളുടെ പ്രസംഗ പീഠങ്ങളിൽ നിന്നു മാത്രമല്ല, പൊതു വേദികളിലും ‘അമേരിക്കയുടെ മത പുനരുദ്ധാനം’ പ്രസംഗിച്ചു തുടങ്ങി. ഇത്, ബഹുപക്ഷം ക്രിസ്ത്യാനികളുടെ ആത്മീകവും ധാർമികവുമായ മനസാക്ഷിയെ ഉണർത്തി. സമൂഹത്തിൽ നിന്നും ചോർന്നു പോയ്ക്കൊണ്ടിരിക്കുന്ന സാൻമാർഗിത, സദാചാര നിലവാരം, ആത്മീക മൂല്യങ്ങൾ - ഈ അവസ്ഥയ്ക്ക് എതിരായി തങ്ങളിൽ ഉണർന്ന ഈ ധാർമിക രോക്ഷം ഒരു ആത്മിക ഉണർവായി മാറി. ഈ ഉണർവ്വ് അഭിനന്ദനീയം തന്നെ ആണ്. എന്നാൽ, ഈ നല്ല മാനസിക അവസ്ഥയെ, അവസര വാദികളായ രാഷ്ട്രീയ നേതാക്കന്മാർ - യാതൊരു ക്രിസ്തീയ മൂല്യങ്ങളും ഇല്ലാത്തവർ - ക്രിസ്തീയ വിശ്വാസത്തിന് തന്നെ തികച്ചും വിരുദ്ധമായി ചിന്തിക്കുന്നവരും ജീവിക്കുന്നവരും തന്നെ - ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു എന്നത് തികച്ചും അപലനീയവും ആണ്. മലയാളികൾ അടങ്ങുന്ന അമേരിക്കൻ ക്രിസ്ത്യാനികളുടെ മധ്യത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പ്രസ്തുത ആത്മിക-രാഷ്ട്രീയ അനുരഞ്ജനത്തെ നാം പിന്താങ്ങുകയോ എതിർക്കുകയോ ചെയ്യുന്നതിനു മുമ്പ് ഈ പ്രവണതയെ നിഷ്പക്ഷമായ ഒരു അവലോകനത്തിന് വിധേയമാക്കുന്നത് തികച്ചും ആവശ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെ ഒരു പ്രവണതയ്ക്ക് നിധാനമായ സന്ദേശം ഇതാണല്ലോ: “അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്. ഇതിൻറെ സ്ഥാപക പിതാക്കന്മാർ ക്രിസ്തീയ വിശ്വാസികളാണ്. ക്രിസ്തീയ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് ഈ രാജ്യം രൂപം കൊണ്ടത്.” ഈ സന്ദേശത്തെ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് ഒന്ന് പരിശോധിക്കാം:
സ്ഥാപക പിതാക്കന്മാർ ക്രിസ്തീയ വിശ്വാസികളോ?
അമേരിക്ക, സ്വയംഭരണാധികാരം ഉള്ള ഒരു സ്വതന്ത്ര രാജ്യമായി രൂപീകരിക്കപ്പെട്ടതിന്റെ പിന്നിൽ പ്രവർത്തിച്ച സ്ഥാപക പിതാക്കന്മാർ ക്രിസ്തീയ വിശ്വാസികൾ ആയിരുന്നു എന്നതാണ് പൊതുവായ ധാരണ. യഥാർത്ഥത്തിൽ ഇവർ ആയിരുന്നുവോ? സ്വാതന്ത്ര്യ പ്രഖ്യാപനം (Declaration of Independence) ഒപ്പ് ഇട്ട് ഉറപ്പിക്കുന്നതിനും, ഭരണഘടനയുടെ (Constitution) രൂപീകരണത്തിനും, പൗരന്മാരുടെ അവകാശ പ്രമാണം (Bill of Rights) ഒപ്പിടുന്നതിനും കാരണഭൂതരും മുൻനിരയിൽ നിന്നവരും: George Washington, Thomas Jefferson, John Adams, Benjamin Franklin, Alexander Hamilton, John Jay, James Madison എന്നിവരാണ്. അതീവ സമർത്ഥരും, ദർശനശേഷിയും, ഉദാത്ത മനസ്സിൻറെ ഉടമസ്ഥരും ആയിരുന്ന ഈ മഹാ ആത്മാക്കൾ ദൈവ വിശ്വാസികൾ ആയിരുന്നു എന്നത് ചോദ്യം ചെയ്യാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. എന്നാൽ, ഇവരിൽ ആരെങ്കിലും തന്നെ വേദപുസ്തക അടിസ്ഥാനത്തിലുള്ള ഒരു ക്രിസ്തീയ വിശ്വാസത്തിൻറെ വക്താക്കൾ ആയിരുന്നുവോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, ഇവരിൽ പ്രമുഖരും ‘Deists, and Theistic Rationalists’ (ആസ്തികരും, ദൈവിക യുക്തിവാദികളും) ആയിരുന്നു എന്നതാണ് ചരിത്രം!
ആദ്യമായി, എന്താണ് ‘Deism’ അഥവാ, ആസ്തികത്വം? എന്താണ് പ്രസ്തുത വിഭാഗത്തിന്റെ വിശ്വാസപ്രമാണം എന്ന് നോക്കാം: “പരമോന്നതനും, ധർമ്മാധിപനുമായ ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും, ഇതിൻറെ നടത്തിപ്പിന് നിതാനമായ പ്രപഞ്ച നിയമങ്ങൾ തീരുമാനിച്ചു് നടപ്പിലാക്കിയതും. എന്നാൽ, ഈ പ്രപഞ്ചത്തിന്റെയോ, മനുഷ്യൻ ഉൾപ്പെടെ ഇതിലെ സൃഷ്ടികളുടെ ദൈനംദിന ജീവിതത്തിലോ ദൈവം ഇടപെടാറില്ല” എന്ന് അവർ വിശ്വസിച്ചു. ദൈവിക അത്ഭുതങ്ങൾ, പ്രവചനം, ബൈബിളിന്റെ ദൈവീക വെളിപ്പാട് (divine inspiration) എന്നിവകളിൽ അവർ വിശ്വസിക്കുന്നില്ല. മറിച്ച്, യുക്തി ഉപയോഗിച്ചും, പ്രകൃതിയെ നിരീക്ഷിച്ചും സൃഷ്ടാവായ ദൈവത്തെ തിരിച്ചറിയുവാൻ കഴിയും എന്നതാണ് ഇക്കൂട്ടരുടെ വിശ്വാസം.
അടുത്തതായി, Theistic Rationalists (ദൈവിക യുക്തിവാദികൾ) ആരാണ്? അവരുടെ വിശ്വാസപ്രമാണം എന്താണ് എന്ന് നമുക്ക് നോക്കാം: മനുഷ്യൻറെ ദൈനംദിന ജീവിതത്തിൽ ഇടപെടാത്ത ഒരു ദൈവത്തിൽ ‘ആസ്തികർ’ (Deists) വിശ്വസിച്ചപ്പോൾ, ‘ദൈവിക യുക്തിവാദികൾ’ (Theistic Rationalists) മനുഷ്യ ജീവിതത്തിൽ സജീവമായി ഇടപെടുന്ന സർവ്വശക്തനും, സർവ്വജ്ഞാനിയും, സർവ്വവല്ലഭനുമായ ഒരു ദൈവത്തിൽ വിശ്വസിച്ചു. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും ദൈവത്തെ സേവിക്കുന്നതിന്റെയും സുപ്രധാന ലക്ഷ്യം സദാചാരപരമായ ഒരു സാമൂഹ്യ ജീവിതം നയിക്കുക എന്നതാണ്. ഒരു സമൂഹത്തിൻറെ നിലനിൽപ്പിന് സദാചാരവും, ധാർമികതയും അടിസ്ഥാനപരമായ ഘടകങ്ങൾ ആണ് എന്നും, അവ നിലനിർത്തുന്നതിന് മതത്തിൻറെ സ്ഥാനം അനിഷേധ്യമാണ് എന്നും അവർ വിശ്വസിച്ചു. ഇതിന് ക്രിസ്തീയ മതം മാത്രമല്ല, എല്ലാ മതങ്ങളും പര്യാപ്തമാണ് എന്നും അവർ അനുശാസിച്ചു. അതുകൊണ്ടാണ്, Bill of Rights - ൽ ‘മതസ്വാതന്ത്ര്യം’ വ്യക്തമായും എടുത്ത് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇക്കൂട്ടർ, വേദപുസ്തകം അനുശാസിക്കുന്ന ക്രിസ്തീയ വിശ്വാസത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾ എല്ലാം തന്നെ നിരശങ്കം നിരസിച്ചിരുന്നു. ഉദാഹരണമായി, ക്രിസ്തുവിൻറെ ദൈവികത; ദൈവിക ത്രിത്വം; ആദ്യപാപം; ക്രിസ്തുവിലൂടെയുള്ള പാപ പരിഹാരം; വിശ്വാസത്താൽ നീതികരണം; പാപികളുടെ ന്യായവിധി; വേദപുസ്തകത്തിന്റെ ദൈവിക വെളിപ്പാട്, എന്നിങ്ങന ഏതാണ്ട് എല്ലാ ക്രിസ്തീയ ഉപദേശങ്ങളെയും അവർ തിരസ്കരിച്ചിരുന്നു.
വേദപുസ്തകം ദൈവവചനം ആയി വിശ്വസിക്കുകയും, വേദ പുസ്തക ഉപദേശങ്ങൾ അടിസ്ഥാനമായി കരുതുകയും ചെയ്യുന്ന ഒരു ക്രിസ്തീയ വിശ്വാസിക്ക് - അത് ഇവാഞ്ചലിക്കൽ ആണെങ്കിലും അല്ല, മറ്റേതു ക്രിസ്തീയ വിഭാഗത്തിൽ ഉള്ളവർ ആണെങ്കിലും മേൽപ്പറഞ്ഞ നിലപാടുകൾ ക്രിസ്തീയ നിലപാടുകളായി കരുതുവാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ രണ്ട് നിലപാടുകൾ കൂടാതെ മറ്റു വിശ്വാസത്തിൽ ഉള്ള ആരും തന്നെ സ്ഥാപക പിതാക്കന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഞാൻ പറയുന്നില്ല. എന്നാൽ, അടിസ്ഥാന പ്രമാണങ്ങൾക്ക് (Declaration of Independence, Constitution, and Bill of Rights) രൂപം കൊടുത്തതും അവ ഒപ്പിട്ടതും മേൽ പറഞ്ഞ വിശ്വാസം മുറുകെ പിടിച്ചവരായിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇവിടെ, ‘അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ ക്രിസ്തീയ വിശ്വാസികൾ ആയിരുന്നു; ക്രിസ്തീയ വിശ്വാസത്തിലാണ് അമേരിക്കയുടെ അടിസ്ഥാനം ഇട്ടിരിക്കുന്നത്; പ്രസ്തുത അടിസ്ഥാനത്തിലേക്ക് നാം തിരിച്ചു പോകേണ്ടിയിരിക്കുന്നു’ എന്ന് വാദിക്കുന്ന ക്രിസ്ത്യാനികൾ, ഒന്നു കൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു: ‘ഈ പിതാക്കന്മാരുടെ വിശ്വാസത്തിലേക്ക് ആണോ നാം തിരിച്ചു പോകേണ്ടത്?’ അതിലേക്കാണോ നിങ്ങൾ സഹവിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്? അതിനു വേണ്ടിയാണോ നിങ്ങൾ വിലപ്പെട്ട ക്രിസ്തീയ മൂല്യങ്ങൾ അടിയറ വെച്ച്, അവസരവാദികളായ രാഷ്ട്രീയക്കാർക്ക് കൈ കൊടുത്തിരിക്കുന്നത്? അവരുടെ സഹായം തേടുന്നത്? ദൈവം അനുവദിക്കുന്നു എങ്കിൽ, അടുത്ത ലക്കത്തിൽ, ‘അമേരിക്കയുടെ ‘അടിസ്ഥാന പ്രമാണങ്ങൾ’ ക്രിസ്തീയ മതത്തെയോ വിശ്വാസത്തെയോ പ്രമോട്ട് ചെയ്യുന്നത് ആയിരുന്നുവോ?’ എന്ന് നമുക്ക് ചിന്തിക്കാം. (തുടരും)

ഡോ.വി.എ തോമസ് (Dr. Thomas V. Ambumkayathu)

