PRAVASI

അമേരിക്കൻ മണ്ണിൽ ക്നാനായ പൈതൃകത്തിന്റെ പുതിയ അധ്യായം: നിർദ്ദിഷ്ട ക്നാനായ സീനിയർ വില്ലേജ് പദ്ധതിയെ അഭിനന്ദിക്കുന്നു

Blog Image


അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാർത്ത മലയാളി സമൂഹത്തിൽ, തങ്ങളുടെ തനിമയും പാരമ്പര്യവും കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ക്നാനായ കത്തോലിക്കാ സമൂഹം. തങ്ങളുടെ വിശ്വാസവും സാംസ്കാരിക മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കുന്നതോടൊപ്പം, മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഈ സമൂഹം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ, ചിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപതയുടെ ക്നാനായ റീജിയൻ വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ബഹുമാനപ്പെട്ട തോമസ് മുളവനാൽ അച്ചൻ പുറപ്പെടുവിച്ച പുതിയ സർക്കുലറിലൂടെ (Circular 03/2026) വെളിവാകുന്നത് ക്നാനായ സമൂഹത്തിന്റെ സാമൂഹിക-ആത്മീയ യാത്രയിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്.

ഹൂസ്റ്റണിൽ ആരംഭിക്കാൻ പദ്ധതിയിടുന്ന "ക്നാനായ സീനിയർ വില്ലേജ്" എന്ന ആശയം വെറുമൊരു റിയൽ എസ്റ്റേറ്റ് സംരംഭമല്ല; മറിച്ച്, അമേരിക്കയിലെ നമ്മുടെ മുതിർന്ന തലമുറയുടെ സമഗ്രമായ ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമാക്കിയുള്ള തികച്ചും കാലോചിതവും ദീർഘവീക്ഷണമുള്ളതുമായ ഒരു പദ്ധതിയത്രേ.

മാറുന്ന അമേരിക്കൻ പശ്ചാത്തലവും മുതിർന്ന തലമുറയുടെ ആവശ്യങ്ങളും

അമേരിക്കയിലെ ഇന്നത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയിൽ വലിയ വീടുകളുടെ പരിപാലനവും ഒറ്റപ്പെട്ട ജീവിതവും നമ്മുടെ മുതിർന്ന തലമുറയ്ക്ക് വലിയ വെല്ലുവിളിയായി മാറാറുണ്ട്. മക്കൾ ഉദ്യോഗാർത്ഥവും കുടുംബപരമായ ആവശ്യങ്ങൾക്കുമായി വെവ്വേറെ നഗരങ്ങളിലേക്ക് ചേക്കേറുമ്പോഴും, ജീവിതപങ്കാളിയുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യതയിലും അനുഭവപ്പെടുന്ന ഏകാന്തത പലരുടെയും സമാധാനം കെടുത്തുന്നു.

ഈ സാഹചര്യത്തിലാണ് ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ പിന്തുണ ഉറപ്പുനൽകുന്ന ഒരു "സീനിയർ ലിവിങ് കമ്മ്യൂണിറ്റി"യുടെ പ്രസക്തി ഏറുന്നത്. സ്വാതന്ത്ര്യവും സ്വകാര്യതയും നഷ്ടപ്പെടാതെ തന്നെ, ഒരു കുടുംബാം അന്തരീക്ഷത്തിൽ തങ്ങളുടെ പ്രായത്തിലുള്ളവരുമായി സന്തോഷം പങ്കുവെച്ച് ജീവിക്കാൻ ഇത് അവസരമൊരുക്കുന്നു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

* ആത്മീയ നിറവ്: വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, അനുരഞ്ജന കൂദാശ, രോഗീലേപനം, ജപമാല, ധ്യാനങ്ങൾ എന്നിവയ്ക്കായി ഒരു ചാപ്പലും വൈദികരുടെയും സന്യാസിനികളുടെയും നിരന്തരമായ അജപാലന സാന്നിധ്യവും പദ്ധതി ഉറപ്പുനൽകുന്നു.

* സാമൂഹിക സാംസ്കാരിക കൂട്ടായ്മ: ഒരേ ഭാഷയും പൈതൃകവും മൂല്യങ്ങളും പങ്കിടുന്നവരോടൊപ്പം ജീവിക്കാൻ സാധിക്കുന്നത് വലിയൊരു ആശ്വാസമാണ്. കൂട്ടായ ഭക്ഷണം, ആഘോഷങ്ങൾ, വിനോദങ്ങൾ, യാത്രകൾ എന്നിവയിലൂടെ പങ്കാളിത്തമുള്ള ഒരു ആക്റ്റീവ് ലൈഫ് സ്റ്റൈൽ ഉറപ്പാക്കുന്നു.

* ആരോഗ്യവും സുരക്ഷയും: ഭാവിയിൽ ആവശ്യാനുസരണം നഴ്സിങ് സഹായം, മരുന്നുകളുടെ ക്രമീകരണം, അടിയന്തര വൈദ്യസഹായം, ഹോസ്പിറ്റൽ യാത്രകൾക്കുള്ള സൗകര്യം എന്നിവയും ലഭ്യമാക്കാൻ വിഭാവനം ചെയ്യുന്നു.

* സാമ്പത്തിക ഭദ്രത: ക്നാനായ റീജിയന്റെ നേരിട്ടുള്ള ഉടമസ്ഥതയിലും മേൽനോട്ടത്തിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. താമസക്കാരൻ മരിക്കുകയോ താമസം മാറ്റുകയോ ചെയ്യുമ്പോൾ, വീട് റീജിയൻ തിരികെ വാങ്ങി അടുത്ത ക്നാനായ അംഗത്തിന് നൽകുകയും മുൻ ഉടമയ്ക്കോ അവകാശികൾക്കോ നിയമപരമായ തുക മടക്കിനൽകുകയും ചെയ്യുന്ന സംവിധാനം കുടുംബങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നു.

സാമ്പത്തിക രൂപരേഖയും ഘടനയും

ഹൂസ്റ്റൺ ദൈവാലയത്തിൽ നിന്ന് 18 മിനിറ്റ് മാത്രം യാത്രാദൂരത്തിൽ, 17 ഏക്കർ സ്ഥലത്ത് 1.8 മില്യൺ ഡോളർ ചെലവിൽ വാങ്ങാൻ ധാരണയായിട്ടുള്ള ഈ ഭൂമി ഭാവിയിലെ വലിയ വികസനങ്ങൾക്കും ഉദ്യാനങ്ങൾക്കും അനുയോജ്യമാണ്.

* ക്നാനായ റീജിയൻ നിക്ഷേപം: $500,000

* ഉദാരമതികളായ ദാതാക്കളുടെ സഹായവാഗ്ദാനം: $500,000

* ഗുണഭോക്താക്കളുടെ വിഹിതം: പ്രാരംഭ വികസനത്തിനായി $50,000 വീതം ഒരു വർഷത്തിനുള്ളിൽ നൽകുന്നു.

ഹൂസ്റ്റൺ ഇടവകയിൽ നിന്ന് പ്രാരംഭ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ 17-ഓളം കുടുംബങ്ങൾ മുൻപോട്ടു വന്നത് ഈ പദ്ധതിയോടുള്ള സമൂഹത്തിന്റെ വലിയ പ്രതികരണവും പിന്തുണയും വ്യക്തമാക്കുന്നു.

ഐക്യദാർഢ്യവും ആഹ്വാനവും

ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകുന്ന റവ. ഫാ. തോമസ് മുളവനാൽ അച്ചനും ഡാലസിൽ ചേർന്ന റീജിയൺ പ്രതിനിധികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ വിദഗ്ദ്ധർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

നമ്മുടെ മാതാപിതാക്കളുടെയും മുതിർന്ന തലമുറയുടെയും ജീവിതസായാഹ്നം അന്തസ്സോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ചെലവഴിക്കാൻ വഴിയൊരുക്കുന്ന ഈ പ്രോജക്ടിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. സീനിയർ അംഗങ്ങളും, വിരമിക്കൽ പ്രായത്തിലേക്ക് അടുക്കുന്നവരും, മാതാപിതാക്കളുടെ ദീർഘകാല ക്ഷേമത്തിൽ ശ്രദ്ധയുള്ള മക്കളും പ്രാർത്ഥനാപൂർവ്വം ഈ പദ്ധതിയെ കാണുകയും അതത് ഇടവക വികാരിമാർ വഴി ബന്ധപ്പെടുകയും ചെയ്യുക.

വിശ്വാസത്തിലും പാരമ്പര്യത്തിലും ഊന്നി നാം ഒന്നിച്ചു നടത്തുന്ന ഈ ചുവടുവെയ്പ്പ് നാളെയുടെ തലമുറയ്ക്ക് വലിയൊരു അനുഗ്രഹമായി മാറട്ടെ.

സ്നേഹാദരങ്ങളോടെ,

ജയ്മോൻ നന്തികാട്ട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.