കേരള ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി വഴിമാറുകയാണ്. മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ ഇടംനേടിയ ‘പുലിമുരുകൻ’ ഒരു കാലത്ത് അത്ഭുതമായിരുന്നെങ്കിൽ, ഇന്ന് കേരളത്തിൽ നിന്ന് മാത്രം ചിത്രങ്ങൾ 100 കോടി നേടുന്നത് പതിവുകാഴ്ചയായി മാറിയിരിക്കുന്നു. മുൻപ് ‘തുടരും’ സ്വന്തമാക്കിയ റെക്കോർഡ് മറികടന്ന് ‘ലോകഃ’ ബോക്സ് ഓഫീസിലെ വലിയ വിജയമായി മാറിയിരുന്നെങ്കിലും, ഇൻസ്റ്റാഗ്രാം റീൽസിലൂടെ ശ്രദ്ധേയരായ യുവതാരങ്ങൾ അണിനിരന്ന ‘വാഴ 2’ വൈകാതെ ആ സിംഹാസനം സ്വന്തമാക്കി.
എന്നാൽ കേവലം നാല് മാസത്തിനുള്ളിൽ ആ റെക്കോർഡും പഴങ്കഥയായിരിക്കുകയാണ്. ഗിരീഷ് എ.ഡി. ഒരുക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചാണ് ‘വാഴ 2’വിന്റെ കളക്ഷൻ മറികടന്നത്. വെറും 20 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം 125 കോടി രൂപ വാരിക്കൂട്ടിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ‘എമ്പുരാന്റെ’ 268 കോടിയുടെ ഫൈനൽ കളക്ഷൻ റെക്കോർഡ് വെറും 18 ദിവസം കൊണ്ടാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തകർത്തത്. നിലവിൽ 303 കോടി നേടി മലയാളത്തിലെ ഏറ്റവും ഉയർന്ന ഗ്രോസറായ ‘ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യുടെ റെക്കോർഡിന് തൊട്ടടുത്താണ് ഈ ചിത്രം.
കുടുംബസമേതം ആസ്വദിക്കാവുന്ന മികച്ചൊരു ഫീൽ-ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘പ്രേമലു’ തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. ഒരുക്കിയ ഈ സിനിമ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് സ്വന്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ അവിശ്വസനീയ വിജയക്കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്ന് തെലുങ്ക് പതിപ്പിന്റെ റിലീസും ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ.ഡി. – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

