PRAVASI

ഡോ. എം. വി. പിള്ളയ്ക്ക് നാമം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര കിരീടം

Blog Image

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി):  പ്രഗത്ഭ ഭിഷഗ്വരൻ, പ്രശസ്ത ഓങ്കോളജിസ്റ്റ്, സരസനായ അധ്യാപകൻ, ഹൃദയാലുവായ മാനുഷികവാദി, ശാന്തഗംഭീരനായ പ്രഭാഷകൻ, കിടയറ്റ നാടക പ്രേമി എന്നീ നിലകളിൽ ലോകമറിയുന്ന ഡോ. എം. വി. പിള്ളയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവായി നാമം പ്രഖ്യാപിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെയായി വൈദ്യശാസ്ത്രം, കാൻസർ നിവാരണം, മെഡിക്കൽ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ആഗോള മലയാളി സമൂഹ പരിചരണം, സാഹിത്യാസ്വാദന പ്രഭാഷണങ്ങൾ എന്നീ മേഖലകളിൽ നൽകിയ അസാമാന്യമായ  സേവന തിളക്കമാണ് ഡോ. എം. വി. പിള്ള യ്ക്ക്  നാമം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര മുടിചൂടാൻ രാജ വീഥിയൊരുക്കിയത്.

 ഇന്ത്യൻ അമേരിക്കൻ മെഡിക്കൽ സമൂഹത്തിലെ വളരെ ആദരണീയനായ ഡോ. പിള്ള;  ഇന്ത്യ, ന്യൂസിലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വ്യാപ്തിയാർജ്ജിച്ച, മെഡിക്കൽ മികവിൻ്റെ വിക്ടറി സ്റ്റാൻ്റിൽ, ചുവടുറപ്പിച്ച ഫിസിഷ്യനാണ്. ഹെമറ്റോളജി, ഓങ്കോളജി, വൈറോളജി, അന്താരാഷ്ട്ര ആരോഗ്യ കാര്യ വിശകലനങ്ങൾ എന്നിവയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാള ഭാഷയുടെ മാദകഭംഗിയിൽ അഭിരമിച്ച് മലയാള ഭാഷാ ദാസ്സനായി ജീവിതം സമർപ്പിച്ച കൈരളീ ഭക്തനുമാണ്  ഡോ. പിള്ള. കേരളവുമായുള്ള തുടർഇടപെടലുകൾ അദ്ദേഹത്തെ ലോകമെമ്പാടുമുള്ള മലയാളികളുടെ  ആദരണീയകൊടുമുടിയിൽ സ്ഥാനപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. പിള്ള, ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സർവകലാശാലയിൽ നിന്ന് ഹെമറ്റോളജിയിൽ ഉന്നത പരിശീലനം പൂർത്തിയാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വെർജീനിയ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ഓങ്കോളജിയിലും, അമേരിക്കയിൽ ഇന്റേണൽ മെഡിസിൻ, ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി എന്നീ വിദഗ്ദ്ധശാഖകളിൽ (ട്രിപ്പിൾ-ബോർഡ് സർട്ടിഫൈഡ്)  പഠനവും പൂർത്തിയാക്കി.

പ്രൊഫഷണൽ യാത്രയിൽ ഡോ. എം വി പിള്ള, യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് മെഡിക്കൽ കോർപ്സിൽ ഫിസിഷ്യനായും, സീനിയർ ഓഫീസറായും സേവനമനുഷ്ഠിച്ചു,  ലെഫ്റ്റനന്റ് കേണൽ പദവിയിലേക്ക് ഉയർന്നു. വാഷിംഗ്ടൺ ഡി.സിയിലെ യുഎസ് എയർഫോഴ്സ് മെഡിക്കൽ സെന്ററിൽ ഹെമറ്റോളജി ആൻഡ് ഓങ്കോളജി മേധാവിയായി സേവനമനുഷ്ഠിച്ചു. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് നിയമനങ്ങൾ നടത്തി. 2010 മുതൽ 2024 വരെ, ഫിലഡൽഫിയയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിൽ ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ സീനിയർ ഉപദേഷ്ടാവായും ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചത്, ഡോ. പിള്ളയുടെ അന്താരാഷ്ട്ര നേതൃപാടവങ്ങളിൽ ഉൾപ്പെടുന്നു.

ഡോ. എം. വി. പിള്ള , 2025-,  ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്‌വർക്ക് സ്ഥാപിക്കുകയും ചെയർമാൻ  ചുമതല നിർവഹിക്കുകയും ചെയ്തു. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ആഗോള മാർഗ്ഗനിർദ്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലോകാരോഗ്യ സംഘടനയുടെ സംരംഭത്തിന്റെ കൺസൾട്ടന്റായും ഡോ. എം. വി. പിള്ള, സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ തോന്നയ്ക്കലിൽ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിക്കുന്നതിൽ ഡോ. പിള്ള സമർപ്പിച്ച കഠിനയത്നം അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ്.  ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിലൂടെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെയും പ്രവർത്തിച്ചുകൊണ്ട്, അഭിലാഷകരമായ പൊതുജനാരോഗ്യ സംരംഭത്തെ യാഥാർത്ഥ്യമാക്കി മാറ്റാൻ അദ്ദേഹം സഹായിച്ചു.

 സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കേരളത്തിൽ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കാൻസർ പ്രതിരോധ, പ്രാരംഭ കണ്ടെത്തൽ ശ്രമങ്ങൾക്ക് ഡോ. എം. വി. പിള്ള ഉപദേശകനായിട്ടുണ്ട്. കേരളത്തിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കെ.എം.സി.ഐ.എം.എസ്) ഓങ്കോളജി സെന്ററിന്റെ ഉപദേശക സമിതി ചെയർമാ നുമാണ് ഡോ. എം. വി. പിള്ള.

വൈദ്യശാസ്ത്രത്തിനപ്പുറം, എഴുത്തുകാരൻ, കോളമിസ്റ്റ്, പൊതു പ്രഭാഷകൻ, സാംസ്കാരിക അഭിഭാഷകൻ, സാമൂഹിക നിരീക്ഷകൻ, ഉത്സാഹഭരിതനായ വായനക്കാരൻ എന്നീ നിലകളിൽ ഡോ. പിള്ള അറിയപ്പെടുന്നു. നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിലും, അദ്ദേഹം കേരളവുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തുകയും മലയാള ഭാഷ, സാഹിത്യം, കല, സംസ്കാരം എന്നീ ബഹുമുഖസംരംഭങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെ യ്യുന്നു.

ഡോ. എം വി പിള്ള ഫൊക്കാനയിലൂടെ രൂപകൽപ്പന ചാർത്തിയ "മലയാളത്തിന് ഒരു ഡോളർ" എന്ന സംരംഭം,  ഭാഷയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അമേരിക്കൻ മലയാളികളുടെ നിലനിൽക്കുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

ഐക്കൺ ഓഫ് ട്രിവാൻഡ്രം മെഡിക്കൽ കോളേജ് അവാർഡ്, ലെജൻഡ്‌സ് ഓഫ് ട്രിവാൻഡ്രം മെഡിക്കൽ കോളേജ് അവാർഡ്, ഡിസ്റ്റിംഗ്വിഷ്ഡ് അലുമ്‌നസ് അവാർഡ്, കേശവദേവ് അവാർഡ്, അമേരിക്ക, കാനഡ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ പ്രമുഖ കേരള മെഡിക്കൽ, സാംസ്കാരിക സംഘടനകളിൽ നിന്നുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അംഗീകാരങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, കമ്മ്യൂണിറ്റി ബഹുമതികൾ ഡോ. പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്.   ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്ത്യൻ കാൻസർ കെയർ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിൽ ഡോ. എം വി പിള്ള വഹിച്ച പങ്കിന് ജയ്പൂരിൽ പ്രസിഡന്റ് ഡോ. എ. പി. ജെ. അബ്ദുൾ കലാം അദ്ദേഹത്തെ ആദരിച്ചിട്ടുണ്.

ഫിലഡൽഫിയയിൽ ഡോ. എം വി പിള്ള സേവനം നിവഹിച്ച പുഷ്കലകാലത്ത്, അദ്ദേഹത്തെ മനീഷി നാഷണൽ സ്കൂൾ ഓഫ് ഡ്രാമാ, ഓർമാ ഇൻ്റർ നാഷണൽ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ലാനാ എന്നിങ്ങനെ നിരവധി സംഘടനകൾ നിത്യമെന്നോണം അവരുടെ വേദികളിലെ മുഖ്യാതിഥിയായും പ്രഭാഷകനായും ആദരിച്ചിരുന്നു. ഈ രീതി തന്നെയായിരുന്നു അമേരിക്കയിലുട നീളം ഡോ എം വി പിള്ളയോടുള്ള ജനമനം.

ഡോ. പിള്ളയുടെ ക്ലിനിക്കൽ മികവ്, സാമൂഹ്യ പ്രതിബദ്ധത, മെന്റർഷിപ്പ്, പൊതുസേവനം, സാംസ്കാരിക ഇടപെടൽ എന്നിവയിലെ ശ്രദ്ധേയമായ റെക്കോർഡ് നാമത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ന്റെ ഉദ്ദേശ്യത്തെയും ചൈതന്യത്തെയും വ്യക്തമാക്കുന്നു എന്ന് നാമം എക്സലൻസ് അവാർഡ് സമിതി വിലയിരുത്തി. ശുഭാപ്തിവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്ന ഡോ. പിള്ളയുടെ യുവതലമുറയ്ക്കുള്ള സന്ദേശം വ്യക്തമാണ്: "മതിയായ തീവ്രതയോടെ ആഗ്രഹിക്കുമ്പോൾ അസാധ്യമായി ഒന്നുമില്ല." ഡോ. പത്മജ പ്രേം (ചെയർ), അനിൽ പിള്ള (അംഗം), ഡോ. ലത നായർ (അംഗം) എന്നിവരുൾപ്പെടുന്ന നാമം എക്സലൻസ് അവാർഡ് ജൂറിയാണ് അവാർഡ് നിർണ്ണയം നിർവഹിക്കുന്നത്.

'നാമത്തിൻ്റെയും(NAMAM), എം.ബി.എൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന “നാമം എക്സലൻസ് അവാർഡ് 2026”,  ഓഗസ്റ്റ് 2  ഞായറാഴ്ച വൈകുന്നേരം, അഞ്ചു മണിക്ക്, ന്യൂജേഴ്സി റോയൽ ആൽബർട് പാലസിൽ, (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ഹൃദയം ത്രസിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷപ്പൂരമൊരുക്കുമെന്ന്, നാമം ഫൗണ്ടറും ചീഫ് പേട്രണുമായ മാധവൻ ബി നായർ,  നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ (516)450-8155, നാമം കോർഡിനേറ്റർ സത്യ വൈ (732)213-5613, സെക്രട്ടറി ബിന്ദു സത്യ (732)213-5346, ട്രഷറാർ സിറിയക് എബ്രഹാം (732)259-1037 എന്നിവർ അറിയിച്ചു.  നേതൃത്വം, സംരംഭകത്വം, നവീകരണം, സമൂഹസേവനം, കല, സംസ്കാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിലെ മികച്ച നേട്ടങ്ങളെയാണ് ആഘോഷിക്കുക.

.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.