കോട്ടയം അതിരൂപതയുടെ മുഖപത്രമായ 'അപ്നാദേശി'ന് 75 വയസ്സ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞപ്പോള്‍ ഓര്‍മ്മകളുടെ തിരയിളക്കം. 35 വര്‍ഷം അപ്നാദേശിന്‍റെ പത്രാധിപസമിതി അംഗമായിരുന്ന വ്യക്തി എന്ന നിലയില്‍ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഒട്ടേറെ നക്ഷത്രങ്ങള്‍ മനസ്സില്‍ പ്രകാശിച്ചുനില്ക്കുന്നു.
സെപ്റ്റംബര്‍ 4 ചൊവ്വ. ഇന്ന് അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാദര്‍ മാത്യു മണക്കാട്ട് റോമായിലേക്കു പോകുകയാണ്. കിഴക്കേ നട്ടാശ്ശേരി പള്ളി വികാരിയും കാത്തലിക് മിഷന്‍ പ്രസിന്‍റെ മാനേജരും, കുന്നശ്ശേരി പിതാവിന്‍റെ ആഡീഷണല്‍ സെക്രട്ടറിയുമായിരുന്നു മണക്കാട്ടച്ചന്‍. മണക്കാട്ടച്ചനെ യാത്രയയ്ക്കാന്‍ ഞങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വികാരി ജനറാള്‍ ഫാദര്‍ സൈമണ്‍ കുന്തമറ്റ ത്തില്‍, പുതിയ ചീഫ് എഡിറ്റര്‍ ഫാദര്‍ എബ്രഹാം മുത്തോലത്ത്, മണക്കാട്ടച്ചന്‍ പിന്നെ ഞാനും. അരമനയിലെ അംബാസിഡര്‍ കാര്‍ ഓടിയ്ക്കുന്നത് തോമാച്ചനാണ്. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് പഠനം നടത്തുന്നതിനും ദൈവശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്നതിനുമാണ് മണക്കാട്ടച്ചന് അഡ്മിഷന്‍ കിട്ടിയിരിക്കുന്നത്. ടിക്കറ്റ് ഇതുവരെ കണ്‍ഫേം ആകാത്തതിനാല്‍ അച്ചന്‍ ആകെ അസ്വ സ്ഥനാണ്. കൊച്ചിയിലെ പീയേഴ്സ് ലെസ്ലി ട്രാവല്‍ ഏജന്‍ സിയിലേയ്ക്കാണ് ഞങ്ങള്‍ ആദ്യം പോയത്. അവിടെ ചെന്നപ്പോള്‍ ടിക്കെറ്റെല്ലാം ഓക്കെയായി. കാര്യങ്ങളെല്ലാം ഹാപ്പിയായി. വെണ്ടുരുത്തിപ്പാലം കടന്നുചെല്ലുന്ന പഴയ വിമാനത്താവളത്തില്‍ നിന്നാണ് അച്ചന്‍ ബോംബെയ്ക്ക് പറക്കാന്‍ പോകുന്നത്. ബോംബെയില്‍ നിന്ന് അല്‍ഇറ്റാലിയാ വിമാനത്തില്‍ റോമിലേക്കും പോകും. എല്ലാവരും അച്ചനെ ആശ്ലേഷിച്ച്, ആശംസകള്‍ നേര്‍ന്ന് യാത്രയാക്കി.
തിരികെ പോരുമ്പോള്‍ അന്നത്തെ പ്രശസ്തമായ മേഴ്സി ടൂറിസ്റ്റ് ഹോമിലാണ് ഞങ്ങളെല്ലാവരും ഊണുകഴിച്ചത്. ഊണിന്‍റെ കറികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ചെമ്മീന്‍പൊടി വളരെ രുചികരമായിരുന്നു. കൂന്തമറ്റത്തിലച്ചന്‍ ചെമ്മീന്‍പൊടി വീണ്ടും വീണ്ടും ആവശ്യപ്പെട്ട് ഊണ് ആസ്വദിച്ചു കഴിക്കുന്നത് എനിക്കി പ്പോഴും രസകരമായ ഒരോര്‍മ്മയാണ്. മടക്കയാത്രയില്‍ കൂന്തമറ്റത്തിലച്ചന്‍റെ നിഷ്കളങ്കമായ തമാശകളും കമന്‍റുകളും ഞങ്ങളുടെ യാത്രയെ ഹൃദ്യമായ ഒരു അനുഭവമാക്കി. 1983 മെയ് മാസം മുതലാണ് ഞാന്‍ അപ്നാദേശ് പത്രാധിപസമിതിയില്‍ അംഗമായത്. അപ്നാദേശ് കുടുംബത്തിലേക്ക് കടന്നുവരുവാന്‍ എന്നെ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും മണക്കാട്ടച്ചനായിരുന്നു. ഫാദര്‍ എബ്രഹാം മുത്തോലത്ത്, സിസ്റ്റര്‍ ബിബിയാന എന്നിവരും എന്നോടൊപ്പം പത്രാധിപ സമിതിയില്‍ നിയമിതരായി. ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഞാന്‍ അപ്നാദേശ് ഓഫീസില്‍ പോകും. കഥ, കവിത, ലേഖനം ഇവയൊക്കെ വായിച്ച് പ്രസിദ്ധീകരണ യോഗ്യമായവ തിരഞ്ഞെടുക്കുകയായിരുന്നു എന്‍റെ ജോലി. വേറെ എഡിറ്റര്‍മാരാരും അന്ന് അപ്നാദേശില്‍ ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ ആന്‍സിലിന്‍, സിസ്റ്റര്‍ സ്മിത എന്നിവര്‍ ഓഫീസ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നു.
അപ്നാദേശ് കെ.കെ. റോഡിനോടു ചേര്‍ന്ന് ബി.സി.എം. കോളജിന്‍റെ ഇടതുവശത്തായി ഉണ്ടായിരുന്ന ഓടിട്ട പഴയ ഇരുനിലക്കെട്ടിടത്തിലാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ആ കെട്ടിടത്തിന്‍റെ താഴത്തേ നിലയിലെ വലതുവശത്തെ മുറി വാടകയ്ക്കു കൊടുത്തിരുന്നു. അത് ഗ്ലാമറെന്ന പേരില്‍ തയ്യല്‍ക്കട, ചായക്കട എന്നിങ്ങനെ മാറി മാറി പ്രവര്‍ത്തിച്ചിരുന്നു. തൊട്ടപ്പുറത്തെ മുറിയിലാണ് ജ്യോതി ബുക്ക് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ബുക്ക് ഹൗസിന്‍റ പുറകിലത്തെ നീണ്ട ഹാളിലാണ് 1940 മുതല്‍ 2010 വരെ പ്രസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടത് തിരുഹൃദയക്കുന്നിലെ പഴയ ബോര്‍ഡിംഗ് ഹൗസിന്‍റെ ഹാളിലേക്ക് മാറ്റി സ്ഥാപിച്ചു. തടികൊണ്ട് നിര്‍മ്മിച്ച, ചവിട്ടുമ്പോള്‍ കറുകറാ ശബ്ദം കേള്‍ക്കുന്ന ഗോവണിപ്പടി കയറി ചെന്നാല്‍ അപ്നാ ദേശിന്‍റെ ആഫീസ് മുറിയിലെത്താം. 1983 മുതല്‍ 2010 വരെ അപ്നാദേശ് ആഫീസ് മുറിയുടെ തൊട്ടപ്പുറത്ത് കുറെക്കാലം ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെയും ആഫീസും പ്രവര്‍ത്തിച്ചിരുന്നൂ. അതിന്‍റെയും തൊട്ടപ്പുറത്തെ ഹാളിലാണ് അപ്നാദേശ് മടക്കാനും മറ്റു പലവക കാര്യങ്ങളും നിര്‍വഹിക്ക പ്പെട്ടിരുന്നത്.
കോട്ടയത്തേക്കുള്ള മടക്കയാത്രയില്‍ മുത്തോലത്തച്ചന്‍ അപ്നാദേശിലെ ഭാവിപരിപാടികളെക്കുറിച്ച് ആലോചന തുടങ്ങി. ഏതു ജോലി ഏല്പിച്ചാലും ഉടന്‍തന്നെ അതേക്കുറിച്ച് ആലോചിക്കുകയും അത് വിജയിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നത് മുത്തോലത്തച്ചന്‍റെ സഹജമായ സ്വഭാവമാണ്. സദാ പ്രവര്‍ത്തനനിരതനായ മുത്തോലത്തച്ചന്‍ വര്‍ക്ക്ഹോളിക്കായ ഒരു വൈദികനായി എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. അപ്നാദേശ് ജനകീയമാക്കാനും ലാഭത്തിലാക്കാനുമുള്ള മാര്‍ഗത്തെക്കുറിച്ച് ഞങ്ങള്‍ ആലോചന തുടങ്ങി. ആളുകള്‍ക്ക് വായിക്കാന്‍ താല്പര്യം തോന്നുന്ന നോവലുകളും, ലേഖനങ്ങളും, ഫീച്ചറുകളും പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു. കോട്ടയം പുഷ്പനാഥ്, മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ. എന്നിവരുടെ നോവലുകള്‍ക്കുവേണ്ടി പരിശ്രമിക്കണമെന്നും ധാരണയായി. സഭാ പിതാക്കന്മാരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും അഭിമുഖ സംഭാഷണം നടത്തി അവരുടെ കര്‍മ്മരംഗങ്ങളിലെ ക്രൈസ്തവ സാക്ഷ്യത്തിന്‍റെ പുതുമകള്‍ കണ്ടെത്തുവാനും അവ ഫീച്ചറുകളായി പ്രസിദ്ധീകരിക്കുവാനും ആലോചിച്ചു. വിവിധ തലത്തിലുള്ള ആളുകളെ അപ്നാദേശുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതിന് ചര്‍ച്ചാവേദികള്‍, വനിതാപംക്തി, സാഹിത്യ രചനാ മത്സരങ്ങള്‍ ഇവയൊക്കെ നടത്തുവാനും ഞങ്ങള്‍ ചിന്തിച്ചു. സമുദായ വാര്‍ത്തകള്‍ ചിത്രങ്ങള്‍ സഹിതം കഴിയുന്നത്ര പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു. മുത്തോല ത്തച്ചന്‍ അന്ന് പാച്ചിറ പള്ളി വികാരിയാണ്. ഒരു നീല ലാമ്പി സ്കൂട്ടറില്‍ അച്ചന്‍ എന്നും കൃത്യസമയത്ത് അപ്നാദേശ് ഓഫീസില്‍ എത്തുവാന്‍ തുടങ്ങി. അപ്നാദേശ് ആഫീസിലെയും കാത്തലിക് മിഷ്യന്‍ പ്രസിലെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങി.
രണ്ട്
1950 നവംബര്‍ 1-ന് പ്രസിദ്ധീകരണം ആരംഭിച്ച അപ്നാദേശിന് ആ സമയമായപ്പോഴേക്കും ഒരു മുപ്പതു വര്‍ഷത്തിന്‍റെ ചരിത്രം കൂടി ഉണ്ടായിരുന്നു. കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന അഡ്വ. ജോസഫ് മാളിയേക്കലാണ് 'അപ്നാദേശ്' എന്ന പേര് നിര്‍ദ്ദേശിച്ചത്. ഭരണഘടനാ നിര്‍മ്മാണത്തിന്‍റെ ഒരു കാലഘട്ടത്തില്‍ ഭാരതത്തിന്‍റെ ഔദ്യോഗിക ഭാഷയായ ഹിന്ദിയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് രാഷ്ട്ര നേതാക്കള്‍ ആഗ്രഹിച്ചു. ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശസ്നേഹം സൂചിപ്പിക്കുന്നതിനും വേണ്ടിയാണ് 'നമ്മുടെ നാട്' എന്നര്‍ത്ഥമുള്ള ഈ ഹിന്ദി പദം തിരഞ്ഞെടുത്തത്. സഹായ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിന്‍റെ പ്രചോദനത്തില്‍ 1950 നവംബര്‍ 1 മുതല്‍ ചൂളപ്പറമ്പില്‍ തിരുമേനിയുടെ മെത്രാഭിഷേക വാര്‍ഷിക സ്മരണയ്ക്കായി എല്ലാ ബുധനാഴ്ചയിലും അപ്നാദേശ് പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. 'ജീവിക്കുക; ജീവിക്കാന്‍ അനുവദിക്കുക' എന്ന ആദര്‍ശം മുദ്രാവാക്യമായി സ്വീകരിച്ചു. ആ സമയം റോമിലായിരുന്ന തോമസ് തറയില്‍ തിരുമേനി വത്തിക്കാന്‍ റോഡിയോയിലൂടെ പ്രസംഗിച്ചുകൊണ്ടാണ് അപ്നാദേശ് ഉദ്ഘാടനം ചെയ്തത്.
അപ്നാദേശിന്‍റെ ആരംഭം 'കോട്ടയം മാസിക' എന്ന പ്രസിദ്ധീകരണത്തില്‍ തുടങ്ങുന്നു. 1920-ല്‍ ചൂളപ്പറമ്പില്‍ പിതാവിന്‍റെ താല്പര്യത്തില്‍ കോട്ടയം മാസിക എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഫാദര്‍ ജോസഫ് ചക്കുങ്കലായിരുന്നു പത്രാധിപരെങ്കിലും പി.യു. ലൂക്കോസായിരുന്നു കാര്യങ്ങളുടെ നിര്‍വ്വഹണം നോക്കി നടത്തിയിരുന്നത്. 1922 ഓഗസ്റ്റ് ഒന്നിന് ഒരു സമ്പൂര്‍ണ്ണ വാര്‍ത്താപത്രികയായി ഇതിനെ ഉടച്ചുവാര്‍ത്തു. 'കോട്ടയം പത്രിക' എന്ന് പേര് പരിഷ്കരിച്ചു. ഇന്നത്തെ വര്‍ത്തമാന ദിനപത്രത്തിന്‍റെ വലുപ്പത്തില്‍ ആറു പേജോടുകൂടി എല്ലാ ബുധനാഴ്ചയും ഇത് പ്രസിദ്ധീകരിച്ചു.
കോട്ടയം പത്രിക കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചു നിന്നു. തിരുവിതാംകൂറില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ശ്രദ്ധി ക്കപ്പെടുന്ന ഒരു പത്രമായി മാറി. സാമൂഹ്യനീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടി ഉറച്ച നിലപാടു സ്വീകരിച്ചുകൊണ്ടുള്ള മുഖപ്രസംഗങ്ങള്‍ ജോസഫ് മാളിയേക്കല്‍ എഴുതി. രാജഭരണ ത്തിനെതിരെയാണ് കോട്ടയം പത്രിക നിലകൊള്ളുന്നതെന്ന ഒരു ധാരണ അധികാരികള്‍ക്കിടയില്‍ ഉണ്ടാകുവാന്‍ തുടങ്ങി. 1935 സെപ്റ്റംബര്‍ 18-ന് കോട്ടയം പത്രികയില്‍ പ്രസിദ്ധപ്പെടുത്തിയ ഇ.വി. ജോസഫിന്‍റെ ലേഖനത്തിന്‍റെ പേരിലും 'മതം മാറുന്നതില്‍ ആക്ഷേപം' എന്ന വാര്‍ത്തയുടെ പേരിലും കോട്ടയം പത്രിക യുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് അധികാരികള്‍ ഉത്തരവിറക്കി. പത്രാധിപരെ അറസ്റ്റ് ചെയ്യുവാന്‍ നീക്കമുണ്ടായെങ്കിലും പ്രമുഖരുടെ ഇടപെടല്‍ മൂലം അതു നടന്നില്ല. 'നിവര്‍ത്തന പ്രക്ഷോഭ'ത്തിന്‍റെ അനിഷേധ്യ നേതാവായിരുന്ന എന്‍.വി. ജോസഫിന്‍റെ നിര്‍ദ്ദേശാനുസരണം ലൈസന്‍സ് റദ്ദാക്കിയതിനെതിരെ കോട്ടയം രൂപത അപ്പീല്‍ സമര്‍പ്പിച്ചു. എങ്കിലും അപ്പീല്‍ തള്ളുകയാണ് ഉണ്ടായത്.
കോട്ടയം പത്രികയുടെ പ്രസിദ്ധീകരണം മുടങ്ങിയെങ്കിലും ആ സ്ഥാനത്ത് ഒരു ലക്കം പോലും മുടങ്ങാതെ കെട്ടിലും മട്ടിലും സ്വരത്തിലും മാറ്റമില്ലാതെ 'ചേരമര്‍ ദൂതന്‍' എന്ന പേരില്‍ പ്രസിദ്ധീകരണം തുടര്‍ന്നു. ചേരമര്‍ ക്രിസ്ത്യന്‍ സഭയുടെ വകയായി ലൈസന്‍സോടുകൂടി കാത്തലിക് മിഷന്‍ പ്രസില്‍നിന്ന് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമായിരുന്നു അത്. എന്നാല്‍ 1937 ഫെബ്രുവരി 3-ന് പുറത്തിറക്കിയ ലക്കത്തിനുശേഷം ആ പ്രസിദ്ധീകരണം നിര്‍ത്തലാക്കി. 13 വര്‍ഷം കഴിഞ്ഞ് 1950-ല്‍ 'അപ്നാദേശ്' എന്ന പുതിയ വാരികയ്ക്ക് തുടക്കമായി. പിന്നീട് അത് 1974-ല്‍ ദ്വൈവാരികയായി മാറ്റി. 1978-ല്‍ ഫാദര്‍ ജോസ് ചാഴികാട്ട് അപ്നാദേശിന്‍റെ ചീഫ് എഡിറ്ററായി വന്നതു മുതല്‍ അപ്നാദേശില്‍ കാലോചിതമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പ്രൗഢമായ ലേഖനങ്ങളും ഇതര വിഷയങ്ങളും പ്രസിദ്ധീകരിക്കുകയും പ്രചാരം വര്‍ദ്ധിപ്പിക്കുവാന്‍ ചാഴികാട്ടച്ചന്‍ പരിശ്രമിക്കുകയും ചെയ്തു. അഡ്വ. ജോസ് ഫിലിപ്പിന്‍റെ സിനിമാ നിരൂപണം അന്നത്തെ അപ്നാദേശില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് 30-ല്‍ ഏറെ വിദേശ രാജ്യങ്ങളില്‍ അപ്നാദേശ് പ്രചരിക്കുന്നു. ഇന്ത്യയിലെ ക്നാനായക്കാര്‍ അധിവസിക്കുന്ന നഗരങ്ങളിലെല്ലാം അപ്നാദേശ് തപാലിലെത്തുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ക്നാനായ മക്കളെ കോര്‍ത്തിണക്കാന്‍ വേണ്ടി 2009 മുതല്‍ ഓണ്‍ലൈന്‍ പത്രം ആരംഭിച്ചു. 60-ല്‍ അധികം രാജ്യങ്ങളില്‍ അപ്നാദേശ് ഓണ്‍ലൈന്‍ പത്രത്തിന് വായനക്കാരുണ്ട്.
മൂന്ന്
1918 മുതല്‍ കാത്തലിക്ക് മിഷന്‍ പ്രസ് അച്ചടി ആരംഭിച്ചു. പഴയ മെത്രാസന മന്ദിരത്തിന്‍റെ മുന്‍ഭാഗത്തുള്ള ഹാളിലാണ് രണ്ട് ഹാന്‍ഡ് പ്രസുകളും അച്ചുകളുമായി പ്രസിന്‍റെ തുടക്കം. പി. യു. ലൂക്കോസായിരുന്നു കാത്തലിക്ക് മിഷന്‍ പ്രസിന്‍റെയും ചുമതലക്കാരന്‍. മംഗളം വര്‍ഗീസ്, സഖി കുര്യാക്കോസ്, ഉദയാ പാപ്പച്ചന്‍, വില്ലൂന്നി കുര്യച്ചന്‍, ഉപ്പായിചേട്ടന്‍, ചങ്ങുംമൂല മത്തായി ഇവരൊക്കെയാണ് ആദ്യകാലത്തെ പ്രസിലെ ജീവന ക്കാരായിരുന്നത്. ആദ്യത്തെ മൂന്നു പേരും പിന്നീട് പത്ര വ്യവസാ യത്തിലും അച്ചടി രംഗത്തും കോട്ടയത്തെ പ്രമുഖ വ്യക്തികളായി മാറി. മംഗളം ദിനപത്രം, മംഗളം വാരിക, മംഗളം ചാനല്‍ ഈ നിലകളിലേക്ക് മംഗളം വര്‍ഗീസിന്‍റെ വ്യവസായം വളര്‍ന്നു.
1940-ലാണ് കെ.കെ. റോഡിലുള്ള കെട്ടിടത്തിലേക്ക് പ്രസ് മാറ്റി സ്ഥാപിച്ചത്. 22 വര്‍ഷം അത് മെത്രാസന മന്ദിരത്തിന്‍റെ മുന്‍പില്‍ തന്നെ സ്ഥിതി ചെയ്തു. 1942-ല്‍ ഇംഗ്ലണ്ടില്‍ നിന്നും ഡബിള്‍ ഡമ്മി സിലിണ്ടര്‍ പ്രസ് വരുത്തി കാത്തലിക് മിഷന്‍ പ്രസ് നവീകരിച്ചു. 1946-ല്‍ രണ്ട് ട്രെഡല്‍ പ്രസുകള്‍ വാങ്ങി കാത്തലിക് മിഷന്‍ പ്രസ് വിപുലീകരിച്ചു. 1980-ലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഓട്ടോമാറ്റിക് സിലിണ്ടര്‍ പ്രസ് കാത്തലിക് മിഷന്‍ പ്രസില്‍ സ്ഥാനം പിടിക്കുന്നത്. 2000-മാണ്ടില്‍ ഡമ്മി ഓഫ്സെറ്റ് മെഷീനും കട്ടിംഗ് മെഷീനും ജനറേറ്ററും വാങ്ങിയതോടെ അച്ചടി രംഗത്ത് കാത്തലിക് മിഷന്‍ പ്രസ് സ്വയം പര്യാപ്തമായി.
പതിനഞ്ചാമത്തെ വയസില്‍ പ്രസില്‍ ജോലിക്കുവന്ന പാളക്കട കുഞ്ഞുതൊമ്മനപ്പാപ്പന്‍, കൊല്ലാട് ജോണിച്ചേട്ടന്‍, പുലിക്കുട്ടിശ്ശേരിക്കാരന്‍ മാത്യു ഇവരൊക്കെ ദീര്‍ഘകാലം കാത്തലിക് മിഷന്‍ പ്രസില്‍ ജോലി ചെയ്തവരാണ്. 1978-ല്‍ തന്‍റെ പതിനാറാമത്തെ വയസ്സില്‍ പ്രസില്‍ ജീവനക്കാരനായി വന്ന് ഇപ്പോഴും സംതൃപ്തിയോടെ ജോലി ചെയ്യുന്ന രാജു ആലപ്പാട്ടാണ് ഈ കണ്ണിയിലെ അവശേഷിക്കുന്ന ജീവനക്കാരന്‍. പ്രതിമാസം 150 രൂപയായിരുന്നു രാജു ആലപ്പാട്ടിന്‍റെ തുടക്ക ശമ്പളം. പ്രതിഫലത്തെക്കാളേറെ അര്‍പ്പണബോധംകൊണ്ട് ഈ ജീവനക്കാരൊക്കെ കാത്തലിക് മിഷന്‍ പ്രസിന്‍റെ പുരോഗതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനിലേയും സെന്‍റ് ജോസഫ്സ് കോണ്‍ഗ്രിഗേഷനിലെയും സിസ്റ്റര്‍മാരുടെ നിസ്വാര്‍ത്ഥ സേവനം കാത്തലിക് മിഷന്‍ പ്രസിന്‍റെ പുരോഗതിയില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ബഹുമാന്യരായ വൈദികരുടെയും സന്യസ്തരുടെയും ത്യാഗപൂര്‍ണ്ണമായ അദ്ധ്വാനം കാത്തലിക് മിഷന്‍ പ്രസിനെയും അപ്നാദേശ് പത്രത്തെയും തളരാതെ വളരുവാന്‍ ശക്തി പകര്‍ന്നു. സിസ്റ്റര്‍ എല്‍സിറ്റ, സിസ്റ്റര്‍ മെര്‍ളിന്‍, സിസ്റ്റര്‍ ലീമാ, സിസ്റ്റര്‍ ലിറ്റി, സിസ്റ്റര്‍ ഷീബ, സിസ്റ്റര്‍ അനില, സിസ്റ്റര്‍ ഫിലോ, സിസ്റ്റര്‍ ക്ലാരറ്റ്, സിസ്റ്റര്‍ എല്‍സി മരിയ, സിസ്റ്റര്‍ ജസി മരിയ, സിസ്റ്റര്‍ അനൂപ്, സിസ്റ്റര്‍ സൂസി ഇവരൊക്കെ കാത്തലിക് മിഷന്‍ പ്രസിന്‍റെ വളര്‍ച്ചയില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ഫാ. തോമസ് താഴപ്പള്ളി, ഫാ. ജേക്കബ് കുറുപ്പിനകത്ത്, ഫാ. സ്റ്റീഫന്‍ ചീക്കപ്പാറ, ഫാ. ബേബി കട്ടിയാങ്കല്‍ എന്നീ വൈദികരും പ്രസിന്‍റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു. ഇപ്പോള്‍ സിസ്റ്റര്‍ സൂസി പ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു.
നാല്
1984 അവസാനമായപ്പോഴേക്കും അപ്നാദേശില്‍ പ്രസിദ്ധീകരിക്കുവാനുള്ള അഭിമുഖ സംഭാഷണങ്ങള്‍ക്കായി ഞാനും മുത്തോലത്തച്ചനും ഒരുങ്ങി. 1985 ജനുവരി മാസത്തില്‍ അന്നത്തെ കര്‍ദ്ദിനാള്‍ ആയിരുന്ന ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയെ എറണാകുളത്ത് ബിഷപ്പ് ഹൗസില്‍ ചെന്ന് ഇന്‍റര്‍വ്യു ചെയ്യുവാന്‍ ഞങ്ങള്‍ക്കനുവാദം ലഭിച്ചു. രാവിലെ 11.30-ന് പിതാവ് കൂടിക്കാഴ്ചകളും കൂരിയാ മീറ്റിംഗും എല്ലാം അവസാനിപ്പിച്ച് ഞങ്ങളുമായി സംസാരിക്കാനൊരുങ്ങി. സഭയിലെ നവീകരണം, ഭാരതവല്‍ക്കരണം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പാറേക്കാട്ടില്‍ തിരുമേനി വിശദീകരിച്ചു. എളിമയുടെ മഹത്വം, കര്‍ദിനാള്‍ തിരുമേനിയുടെ സംസാരത്തിലും പെരുമാറ്റത്തിലും തിളങ്ങി നിന്നു. ഉച്ചയ്ക്ക് ഊണു കഴിക്കുവാന്‍ ഞങ്ങളെയും ഒപ്പം കൂട്ടി. ഞാന്‍ ആദ്യമായാണ് ഒരു കര്‍ദ്ദിനാള്‍ തിരുമേനിയോടൊപ്പം അത്രയും സമയം ചെലവഴിക്കുന്നത്. മുത്തോലച്ചനാണ് ഈ ഇന്‍റര്‍വ്യൂ ഫീച്ചറിന്‍റെ രൂപത്തില്‍ അപ്നാദേശില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് മന്ത്രിമാരായിരുന്ന കെ. എം. മാണി, പി. ജെ. ജോസഫ് തുടങ്ങിയവരുമായി ഞങ്ങള്‍ അഭിമുഖം നടത്തി അപ്നാദേശില്‍ പ്രസിദ്ധീകരിച്ചു. ഈ സമയം 'കിളിവാതിലിലൂടെ' എന്നൊരു പംക്തി 'ആമോസ്' എന്ന പേരില്‍ ഞാന്‍ എഴുതി തുടങ്ങിയിരുന്നു. 1984 ഓഗസ്റ്റ് 29-ലെ അപ്നാദേശ് ലക്കം മുതലാണ് എന്‍റെ പംക്തി ആരംഭിച്ചത്. ഈ സമയത്ത് അടുത്ത നോവലിനു വേണ്ടി മുട്ടത്തു വര്‍ക്കിയെ സന്ദര്‍ശിക്കുവാന്‍ ചങ്ങനാശ്ശേരിയിലുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ ഞങ്ങള്‍ പോകുകയുണ്ടായി. 'പാടാത്ത പൈങ്കിളി'യുടെ എഴുത്തുകാരനെ അടുത്തുകാണാനും സംസാരിക്കാനും അവസരം കിട്ടി.
1985 ജൂലൈ മാസത്തില്‍ തിരുഹൃദയക്കുന്നില്‍വച്ച് അപ്നാ ദേശിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ 'സാഹിത്യ ശിബിരം' ശ്രദ്ധേയമായി. കേരളത്തിലെ പ്രമുഖരായ സാഹിത്യനായകന്മാരെ പങ്കെടുപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മൂന്നു ദിവസം നീണ്ടുനിന്ന ആ സാഹിത്യ കളരിയില്‍ 50 പേരാണ് പങ്കെടുത്തത്. അധ്യാപകരും കന്യാസ്ത്രികളും സാഹിത്യതല്പരരായ യുവതീ യുവാക്കളും സാഹിത്യ ശിബിരത്തില്‍ പങ്കെടുത്ത് പരിശീലനം നേടി. അന്ന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായിരുന്ന പ്രൊഫ. എസ്. ഗുപ്തന്‍ നായരാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. പ്രൊഫ. നരേന്ദ്ര പ്രസാദ്, കവി. ഡി. വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വി.പി. ശിവകുമാര്‍ തുടങ്ങിയ എഴുത്തുകാര്‍ ക്യാമ്പില്‍ ക്ലാസ്സെടുക്കുകയുണ്ടായി.
'വസന്തം വിരുന്നുവന്ന സാഹിത്യ ശിബിരം' എന്ന തലക്കെട്ടോടുകൂടി ഞാന്‍ തന്നെയാണ് സാഹിത്യ ശിബിരത്തിന്‍റെ ഫീച്ചര്‍ അപ്നാദേശില്‍ എഴുതിയത്. ക്രമേണ അപ്നാദേശിന്‍റെ കോപ്പികള്‍ കൂടുതല്‍ അച്ചടിക്കുവാന്‍ തുടങ്ങി. കാരാലൂബിച്ചിന്‍റെ കൃതികളെക്കുറിച്ച് ബി.സി.എം. കോളജ് ലൈബ്രേറിയനായിരുന്ന സിസ്റ്റര്‍ ബിബിയാന എഴുതിക്കൊണ്ടിരുന്നു. ഈ സമയത്ത് ഒരു ന്യൂസ് എഡിറ്ററെ വയ്ക്കുന്ന കാര്യം ഞങ്ങള്‍ ആലോചിക്കുവാന്‍ തുടങ്ങി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയിരുന്ന ബിജോ കാരക്കാടിനെ അപ്നാദേശ് ന്യൂസ് എഡിറ്ററായി നിയമിച്ചു. കുറേക്കൂടി പ്രൊഫഷണലായ ഒരു മുഖം അപ്നാദേശിനുണ്ടാകുവാന്‍ തുടങ്ങി. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് കുന്നശ്ശേരി പിതാവിന്‍റെ പൂര്‍ണ്ണമായ പിന്തുണ അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു.
1985-86 കാലഘട്ടത്തില്‍ കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നു. അതിന്‍റെ വാര്‍ത്തകളും അപ്നാ ദേശ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. മാര്‍പാപ്പയുടെ കോട്ടയം സന്ദര്‍ശന വേളയിലും അപ്നാദേശ് നല്ല കവറേജാണ് നല്‍കിക്കൊണ്ടിരുന്നത്. പ്ലാറ്റിനം ജൂബിലി സ്മരണികയുടെ ചീഫ് എഡിറ്റര്‍ മുത്തോലച്ചനായിരുന്നു. ഞാനും എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായി. ആ സ്മരണികയുടെ ജോലി മിക്കവാറും അപ്നാദേശ് ഓഫീസിലാണു നടന്നത്. കാത്തലിക് മിഷന്‍ പ്രസില്‍ തന്നെയാണ് ഈ സ്മരണിക പൂര്‍ണ്ണമായും അച്ചടിച്ചത്. സിസ്റ്റര്‍ കരുണ, സിസ്റ്റര്‍ ദീപ എന്നിവരൊക്കെ ആ സമയത്ത് അപ്നാദേശ് ഓഫീസില്‍ ജോലി ചെയ്തിരുന്നു. അപ്നാദേശിന് ധാരാളം പരസ്യങ്ങള്‍ കിട്ടിത്തുടങ്ങി. അതുവരെ നഷ്ടത്തിലായിരുന്ന കാത്തലിക് മിഷന്‍ പ്രസും അപ്നാദേശും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് പതുക്കെ പതുക്കെ കരകയറുന്ന കാലഘട്ടമായിരുന്നു അത്. കൃത്യമായി എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗുകള്‍ നടത്തി അപ്നാദേശിന്‍റെ ഓരോ ലക്കവും അവലോകനം ചെയ്യുവാന്‍ മുത്തോലത്തച്ചന്‍ താല് പര്യം കാട്ടിയിരുന്നു. ഓണാഘോഷം, ക്രിസ്മസ് ആഘോഷം ഇവയൊക്കെ സംഘടിപ്പിച്ച് ജീവനക്കാരുമായി സൗഹൃദത്തിലായി. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം അപ്നാദേശിലുണ്ടായി. 'അപ്നാദേശ് കുടുംബം' എന്ന വികാരത്തിലേക്ക് കാത്തലിക് മിഷന്‍ പ്രസ്സിലെയും അപ്നാദേശ് ഓഫീസിലെയും, ജ്യോതി ബുക്ക് ഹൗസിലെ ആളുകളെയും ഒന്നിപ്പിച്ചു. മുത്തോലത്തച്ചന്‍ ഈ സമയത്ത് അമേരിക്കയിലേക്ക് പോകുവാനുള്ള ഒരുക്കത്തി ലായി. ഞങ്ങള്‍ ലളിതമായ ഒരു യാത്രയയപ്പ് അച്ചനു നല്‍കി. യാത്രയയപ്പ് യോഗത്തില്‍ ഞാനും പ്രസംഗിച്ചു. 2018 ആയപ്പോള്‍ എട്ടു ചീഫ് എഡിറ്റര്‍മാരുടെ യാത്രയയപ്പ് യോഗത്തില്‍ ഞാന്‍ പ്രസംഗിച്ചു കഴിഞ്ഞിരിക്കുന്നു.
തുടര്‍ന്ന് ഫാദര്‍ തോമസ് ആദോപ്പള്ളി, ഫാദര്‍ ഫിലിപ്പ് പന്നിവേലില്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, ഫാദര്‍ മാത്യു കുഴിപ്പള്ളി എന്നിവര്‍ ചീഫ് എഡിറ്റര്‍മാരായി നിയമിതരായി. ബിജോ കാരക്കാട്ടിനുശേഷം സിബി തരകന്‍, സാബു ജോസ്. ജോബി ജോസഫ് എന്നിവര്‍ ന്യൂസ് എഡിറ്റര്‍മാരായി മാറി മാറി ജോലി ചെയ്തു. ഈ എഡിറ്റര്‍മാരോടൊപ്പം സ്നേഹസൗഹാര്‍ദ്ദ ങ്ങളോടെ, ടീം സ്പിരിറ്റോടെ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ എനിക്കു കഴിഞ്ഞു. ഫിലിപ്പ് പന്നിവേലില്‍ അച്ചന്‍ ഹ്രസ്വകാലത്തേയ്ക്കാണ് നിയമിതനായതെങ്കിലും ഓഫീസിലെത്തി നാട്ടുവിശേഷങ്ങളൊക്കെ പറഞ്ഞിരിക്കാന്‍ അച്ചനു വലിയ സന്തോഷമായിരുന്നു. പൂതൃക്കയില്‍ ജോസച്ചന്‍ ബി.സി.എം. കോളജില്‍ മലയാളം വിഭാഗത്തില്‍ അധ്യാപകനായിരുന്ന സമയത്തുതന്നെയാണ് അപ്നാദേശ് ചീഫ് എഡിറ്ററായും സേവനം ചെയ്തത്.
പിന്നീടുവന്ന ഫാദര്‍ ലൂക്ക് പൂതൃക്കയില്‍ 2003 വരെ അപ്നാ ദേശിന്‍റെ ചീഫ് എഡിറ്ററായി സേവനം ചെയ്തു. ലൂക്ക് അച്ചന്‍റെ കാലത്താണ് അപ്നാദേശിന്‍റെ സുവര്‍ണ്ണജൂബിലി ആഘോ ഷിച്ചത്. ഞാന്‍ വന്നകാലം മുതല്‍ അപ്നാദേശില്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നത് പി.എം. ജോണ്‍ പുല്ലാപ്പള്ളിയായിരുന്നു. 2000-ല്‍ ജോണിച്ചായന്‍ ഭാര്യ സിസിലി ടീച്ചറിനോടൊപ്പം അമേരിക്കയില്‍ മക്കളുടെ അടുത്തേയ്ക്ക് ഒരു ദീര്‍ഘകാല യാത്രപോയി. അന്നു മുതല്‍ ജോണിച്ചായന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഫാദര്‍ ലൂക്ക് പൂതൃക്കയില്‍ എഡിറ്റോറിയല്‍ എഴുതാനുള്ള ചുമതല എന്നെ ഏല്പിച്ചു. ഒന്നിടവിട്ട് ബുധനാഴ്ചകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിഷയത്തെക്കുറിച്ച് നാലു പേജുള്ള എഡിറ്റോറിയല്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങി. കഴിഞ്ഞ 18 വര്‍ഷമായി അത് മുടക്കമില്ലാതെ തുടര്‍ന്നു. 2000 ജനുവരിയില്‍ ബി.സി.എം. കോളജില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ വെച്ച് അപ്നാദേശ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ. കെ.എം. മാത്യുവാണ് ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികളായിരുന്നു സംഘടിപ്പിച്ചത്. 2000 ജൂണ്‍ 17-ാം തീയതി അപ്നാ ദേശിന്‍റെ ആഭിമുഖ്യത്തില്‍ 'മെറിറ്റ് ഡെ' ആഘോഷിച്ചു. എസ്.എസ്.എല്‍.സിക്കും, പ്രി-ഡിഗ്രിക്കും പ്രശസ്ത വിജയം നേടിയ കോട്ടയം രൂപതയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ജൂലൈ മാസത്തില്‍ സെന്‍റ് ആന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 'നൃത്തോത്സവം' സംഘടിപ്പിച്ചു. രൂപതയിലെ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് നര്‍ത്തകിമാര്‍ വേദി യില്‍ നടന വസന്തം സൃഷ്ടിച്ചു. ഓഗസ്റ്റ് മാസത്തില്‍ ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് 'ഗാനോത്സവം' നടത്തി. സെപ്റ്റംബര്‍ മാസത്തില്‍ രാജപുരം ഹോളി ഫാമിലി സ്കൂളില്‍ വെച്ച് അപ്നാദേശിന്‍റെ ആഭിമുഖ്യത്തില്‍ 'വിജ്ഞാനോ ത്സവം' സംഘടിപ്പിച്ചു. ജൂബിലി വര്‍ഷം പ്രമാണിച്ച് 'എല്ലാ ഭവനത്തിലും അപ്നാദേശ്' എന്ന കാമ്പെയിനുമായി കെ.സി.വൈ. എല്ലിന്‍റെ സഹകരണത്തോടെ അപ്നാദേശ് പ്രചാരണം നടത്തി. ഡിസംബര്‍ 16, 17 തീയതികളില്‍ സുവര്‍ണ്ണ ജൂബിലി സമാപനാ ഘോഷങ്ങള്‍ അരങ്ങേറി. ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ജൂബിലി സമാപന സമ്മേളനം എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായിരുന്ന ഡോ. സിറിയക് തോമസാണ് ഉദ്ഘാടനം ചെയ്തത്. മാര്‍ കുര്യാക്കോസ് കുന്നശേരി, എം.എല്‍.എ.മാരായ തോമസ് ചാഴികാടന്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരെക്കൂടാതെ ഇ.ജെ. ലൂക്കോസ്, ജയിംസ് തെക്കനാട്ട് തുടങ്ങിയവരും പ്രസംഗിച്ചു. അപ്നാദേശിന്‍റെ അന്‍പതാം വാര്‍ഷിക സമ്മേളനത്തിന് കൃതജ്ഞത പറയുവാനുള്ള ചരിത്രനിയോഗം എനിക്കാണ് ലഭിച്ചത്. ജൂബിലി പ്രമാണിച്ച് അപ്നാദേശ് കുടുംബ സമ്മേളനം, വിനോദയാത്ര എന്നിവയും സംഘടിപ്പിച്ചു.
2003 മുതല്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് അപ്നാദേശ് ചീഫ് എഡിറ്ററായി നിയമിതനായി. 2001 മുതല്‍ അദ്ദേഹം കാത്തലിക് മിഷന്‍ പ്രസിന്‍റെ ചുമതലകള്‍ വഹിച്ചിരുന്നു. 2013 വരെ 10 വര്‍ഷം ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച അച്ചനോടൊപ്പമുള്ള കാലഘട്ടം എനിക്ക് വളരെ സന്തോഷപ്രദമായിരുന്നു. പരസ്പരം ബഹുമാന ത്തോടെയും പരസ്പരം സ്നേഹത്തോടെയും സഹകരിച്ച് പ്രവര്‍ ത്തിക്കുമ്പോഴുണ്ടാകുന്ന ഒരു അനുഭൂതി ഞാന്‍ അനുഭവിച്ച കാലഘട്ടം. നോവലുകള്‍, കഥകള്‍ ഇവയൊക്കെ തിരഞ്ഞെടു ക്കാനും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരണ യോഗ്യമാക്കാനും ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അച്ചനെനിക്ക് അനുവദിച്ചു തന്നു. ദീപിക യിലെ പത്രാധിപസമിതി അംഗമായിരുന്ന അനുഭവസമ്പത്തുള്ള സാബു കുര്യന്‍ ഇഞ്ചനാട്ടില്‍ ന്യൂസ് എഡിറ്ററായി വന്നതോടെ അപ്നാദേശ് ഒരു പ്രൊഫഷണല്‍ പത്രമായി മാറി. അപ്നാദേശ് ഓഫീസില്‍ സിസ്റ്റര്‍ ഗോണ്‍സാലസ്, സിസ്റ്റര്‍ ബസേലിയോസ്, ലൈസാമ്മ, ജിജി എന്നിവരും വന്നതോടെ ഓഫീസ് കാര്യങ്ങ ളിലും സന്തോഷകരമായ അന്തരീക്ഷമായി. അപ്നാദേശ് ഓഫീസിലേക്ക് കയറി ചെല്ലുമ്പോള്‍ സ്വന്തം കുടുംബത്തില്‍ കയറിചെല്ലുന്ന ഒരനുഭവമാണ് അക്കാലത്ത് എനിക്കുണ്ടായി രുന്നത്.
എല്ലാ മാസത്തേയും ആദ്യ ശനിയാഴ്ച വൈകുന്നേരം കെന്നഡി അച്ചന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് കൃത്യമായി വിളിച്ചു കൂട്ടാറുണ്ടായിരുന്നു. 2006-ല്‍ ഞാന്‍ പ്രിന്‍സിപ്പലായെങ്കിലും കൃത്യസമയത്ത് വത്സയുടെ കൈയില്‍ എഡിറ്റോറിയല്‍ എഴുതി കൊടുത്തുവിടുന്നതിനും എഡിറ്റോറിയല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനും എനിക്കു നല്ല ഉത്സാഹമായി രുന്നു. ഓണത്തിനും, ക്രിസ്മസിനും അപ്നാദേശ് കുടുംബ സമ്മേളനങ്ങള്‍ നടത്തി, കെന്നഡി അച്ചന്‍ എല്ലാര്‍ക്കും സന്തോഷം പകര്‍ന്നു. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കാനും അച്ചന് മടി ഉണ്ടായിരുന്നില്ല. എല്ലാ വര്‍ഷവും വിനോദയാത്രകള്‍ ഒരുക്കുന്നതിലും അച്ചന്‍ ഉത്സാഹമുള്ളവനായിരുന്നു. നല്ല കടലാസില്‍ കളര്‍ പേജുകളോടുകൂടി അപ്നാദേശ് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കെട്ടിലും മട്ടിലും അപ്നാദേശിന്‍റെ സൗന്ദര്യം വര്‍ദ്ധിച്ചു. വായനക്കാര്‍ കൂടി. പരസ്യങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അപ്നാദേശ് വന്‍ ലാഭത്തിലേക്ക് വളര്‍ന്നു. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിട സമുച്ചയം പണിയാനുള്ള ആലോചനയായി. തിരുഹൃദയക്കുന്നിലെ ബോര്‍ഡിംഗ് ഹൗസിലേക്ക് പ്രസ് മാറ്റി സ്ഥാപിച്ചു. ഓഫീസ് കത്തീഡ്രല്‍ പള്ളിയുടെ പാരിഷ് ഹാളിന്‍റെ മുകളിലേക്ക് പറിച്ചുനട്ടു.
രൂപതയുടെ ശതാബ്ദി ആഘോഷങ്ങളില്‍ അപ്നാദേശ് നിര്‍ണായക പങ്കുവഹിച്ചു. ശതാബ്ദി കലണ്ടര്‍, ശതാബ്ദി സ്മരണിക എന്നിവയുടെ രൂപകല്പനയിലും അച്ചടിയിലും പ്രസിദ്ധീകരണത്തിലും കെന്നഡി അച്ചനും ഞാനും സാബു കുര്യനും ഉള്‍പ്പെട്ട കമ്മറ്റിയാണ് നേതൃത്വം വഹിച്ചിരുന്നത്. അപ്നാദേശിന്‍റെ പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ കാലതാമസം നേരിട്ടു. പലവിധ വൈതരണികള്‍ കെട്ടിടം പൊളിക്കുന്നതിനും അനുവാദം കിട്ടുന്നതിനും ഉണ്ടായി. 2013-ല്‍ കെന്നഡി അച്ചന്‍ അപ്നാദേശില്‍ നിന്നും യാത്ര പറഞ്ഞു. ഞങ്ങള്‍ വിപുലമായ യാത്രയയപ്പാണ് നല്‍കിയത്. അരമനയിലെ വൈദികരെല്ലാം പങ്കെടുത്തു. അപ്നാദേശിലെ എന്‍റെ ഒരു കാലഘട്ടം അവസാനിച്ചതുപോലെ എനിക്കും തോന്നി. പുതിയ ചീഫ് എഡിറ്ററായി ഫാദര്‍ സജി കൊച്ചുപറമ്പിലും പിന്നെ ഫാദര്‍ മാത്യു കുരീത്തറയും കടന്നു വന്നു. അപ്നാദേശ് ഓഫീസ് വിവിധ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
അപ്നാദേശ് കുടുംബത്തിലെ അംഗമായിട്ട് 35 സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എല്ലാ ചീഫ് എഡിറ്റര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും യാത്രാമംഗളം നേരുവാന്‍ എനിക്ക് നിയോഗമുണ്ടായി. അപ്നാദേശിലെ അവസാന സിസ്റ്ററായ ബസേലിയോസ് അമ്മയും യാത്രപറഞ്ഞിരിക്കുന്നു.
നാലു പതിറ്റാണ്ടിന്‍റെ, മഷിപുരണ്ട അക്ഷരസ്മരണകളുടെ സ്പന്ദിക്കുന്ന അപ്നാദേശ് ഓര്‍മ്മകള്‍!

പ്രൊഫ.ബാബു പൂഴിക്കുന്നേൽ

