PRAVASI

ഇടത്തോടി ഫിലിംസിന്റെ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്; പിന്നണിയിൽ പ്രവാസി വ്യവസായി ഇടത്തോടി ഭാസ്കരൻ

Blog Image

ഹൂസ്റ്റൺ: ഒറ്റപ്പാലം ഇടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, കാലിക്കറ്റ് സൻഹ സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം “എവനുക്ക് ശരിയാന ആളില്ലൈ” റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം ജൂലൈ 10 വെള്ളിയാഴ്ച മുതൽ കേരളത്തിലെ നാൽപ്പതിലധികം തീയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. 

ഇതിന്റെ അൻപത് ശതമാനം വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ പ്രവാസി നിർമ്മാതാവാണ്. കേരളത്തിലുള്ള എല്ലാ സിനിമാപ്രേമികളും ഈ നല്ല ചിത്രം തീയേറ്ററുകളിൽ പോയി കണ്ട് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ഇതിനുമുമ്പ് ഇടത്തോടി ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയായ ഇടത്തോടി ഭാസ്കരൻ (ബഹ്റൈൻ) നിർമ്മിച്ച്, നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്ത 'കിരാത' എന്ന ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ അഭിനേതാക്കൾക്കുമൊപ്പം എടത്തോട് ഭാസ്കരൻ തന്നെ ഒരു പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം മെയ് 29-നാണ് കേരളത്തിലെ മുപ്പതോളം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ 'കിരാത' ഇപ്പോഴും തിരഞ്ഞെടുത്ത തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സിനിമയ്ക്ക് നൽകിയ വലിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രേക്ഷകരോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഇടത്തോടി ഫിലിംസ് അറിയിച്ചു. പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ടുള്ള പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകാൻ ഈ സ്നേഹം വലിയ ഊർജ്ജമാണ് നൽകുന്നത്.

നിർമ്മാതാവ് ഇടത്തോടി ഭാസ്കരനെക്കുറിച്ച്:

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ഇടത്തോടി ഭാസ്കരൻ, 'കിരാത' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് നിർമ്മാതാവായും അഭിനേതാവായും കടന്നുവന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ബിസിനസ്സ് രംഗത്ത് സജീവമായ അദ്ദേഹം, സാമൂഹിക സേവന മേഖലയിലും കല-സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഗൾഫ് ചാപ്റ്ററുകളിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം, ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന്റെ രക്ഷാധികാരി കൂടിയായിരുന്നു. പ്രവാസി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് സ്റ്റഡീസ് നൽകുന്ന "പ്രവാസി ഭാരതി ശിരോമണി പുരസ്കാരം" അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ, ഗൾഫിലും കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത 'സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്', 'അച്ഛൻ മാഷ്', 'സ്റ്റെയ്ൽമേറ്റ്', 'ഫേസസ് ഇൻ ഫേസസ്' എന്നീ നാല് ഹ്രസ്വചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ചന്ദ്രമതിയാണ് ഭാര്യ. കിരൺ ഭാസ്കരൻ, അരുൺ ഭാസ്കരൻ എന്നിവർ മക്കളും, തീർത്ഥ കിരൺ മരുമകളുമാണ്. രണ്ട് വയസ്സുകാരി കാശ്വി കിരൺ കൊച്ചുമകളാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.