PRAVASI

അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലാണ്

Blog Image

അനിൽ മേനോൻ ഇപ്പോൾ എയറിലാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലാണ്. ഒറ്റപ്പാലത്തെ മണ്ണിൽ എവിടെയോ വീണുകിടക്കുന്ന വേരുകൾ കൂടിയാണ് ബഹിരാകാശം തൊടാൻ പോകുന്നത്.
ബഹിരാകാശ നിലയത്തിൽ എത്തിയാൽ ചെയ്യാൻ പോകുന്ന ഒരു പരീക്ഷണത്തെ കുറിച്ച് അനിൽ മേനോൻ പറയുകയുണ്ടായി.
സ്റ്റാൻഫോർഡിൽ എമർജൻസി മെഡിസിൻ പഠിക്കുകയും ലോകത്തെ നടുക്കിയ ഹെയ്തി ഭൂകമ്പവും നേപ്പാൾ ഭൂകമ്പവും ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത ഒരു എമർജൻസി ഡോക്ടറും, ഒരു ബയോ മെഡിക്കൽ എൻജിനീയറും, സർവോപരി ഒരു ബഹിരാകാശ യാത്രികനും കൂടിയ ഒരു അപൂർവ്വ പ്രൊഫഷണൽ സംയുക്തമാണ് അനിൽ മേനോൻ.


അദ്ദേഹം പറഞ്ഞത് കോശങ്ങൾ ഉപയോഗിച്ച് മനുഷ്യാവയവങ്ങൾ 3D പ്രിന്റിങ് ചെയ്യുന്നതിനെ കുറിച്ചാണ്.
ഭൂമിയിൽ വെച്ച് മനുഷ്യകോശങ്ങൾ ഉപയോഗിച്ച് ഒരു അവയവം 3D പ്രിന്റ് ചെയ്യാൻ ശ്രമിച്ചാൽ, ഭൂഗുരുത്വാകർഷണം കാരണം അത് ഒരു ജെല്ലി പോലെ തകർന്നു വീഴും.
ഇതിനെ താങ്ങിനിർത്താൻ കൃത്രിമമായ ചില ചട്ടക്കൂടുകൾ ഉപയോഗിക്കേണ്ടി വരും. പക്ഷേ, ഇത് പലപ്പോഴും കോശങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കും.
ബഹിരാകാശ നിലയത്തിൽ സൂക്ഷ്മഗുരുത്വ അവസ്ഥയാണ് അനുഭവപ്പെടുന്നത്. അതിനാൽ 3D പ്രിന്റ് ചെയ്യുന്ന കോശങ്ങൾ ഭൂമിയിലെപ്പോലെ സ്വന്തം ഭാരത്തിൽ തകർന്നുവീഴുന്നില്ല. ഒരു താങ്ങും കൂടാതെ, വായുവിൽ ഒഴുകിനടന്നുകൊണ്ട് തന്നെ കോശങ്ങൾക്ക് അവയുടെ യഥാർത്ഥ സ്വാഭാവിക രൂപം കൈവരിക്കാൻ കഴിയും.
അതായത്, ഭൂമിയിൽ തകർന്നുപോകുന്നവ ബഹിരാകാശത്ത് അവയുടെ സ്വാഭാവിക പൂർണ്ണതയിൽ രൂപപ്പെടുന്നു.
ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാർ മൂലം ഒരു ഓർഗൻ ഡോണറെ കാത്ത് വർഷങ്ങളോളം ജീവിക്കേണ്ടി വരുന്ന മനുഷ്യരുണ്ട്.
ഭാവിയിൽ ഈ സാങ്കേതികവിദ്യ പൂർണ്ണതയിലെത്തിയാൽ, രോഗിയുടെ കോശങ്ങൾ ബഹിരാകാശത്തേക്ക് അയച്ച്, അവിടെ വെച്ച് അവയവം പ്രിന്റ് ചെയ്ത് തിരികെ ഭൂമിയിലെത്തുന്ന കാലം വന്നേക്കാം. അവയവം ശരീരം നിരസിക്കാനുള്ള സാധ്യത ഇതിലൂടെ ഇല്ലാതാകും. അല്ലെങ്കിൽ, അവിടെ നിന്ന് പഠിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയിലെ ആശുപത്രികളിൽ രോഗിയുടെ കോശങ്ങൾ ഉപയോഗിച്ച് അവയവങ്ങൾ പ്രിന്റ് ചെയ്യാൻ കഴിഞ്ഞേക്കാം.
അതായത്, ഇപ്പോൾ നമ്മൾ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു എന്ന് കേൾക്കുന്ന അവയവദാനത്തെ കുറിച്ചുള്ള വാർത്തകൾ ഒരുപക്ഷെ നാളെ ഓർബിറ്റിൽ നിന്നും ഓപ്പറേഷൻ തീയേറ്ററിലേക്ക് ലാൻഡ് ചെയ്യാൻ പോകുന്ന ഒരു അവയവത്തെ കുറിച്ചായിരിക്കാം.
നക്ഷത്രങ്ങൾക്കിടയിൽ ഒഴുകിനടക്കുന്ന ലബോറട്ടറികളിൽ മനുഷ്യകോശങ്ങൾ ഒരു ഹൃദയമായോ കരളായോ രൂപം പ്രാപിച്ചേക്കാം. ശാസ്ത്രം പ്രപഞ്ചത്തോളം വളരുമ്പോൾ മനുഷ്യൻ ജീവിതത്തെ പ്രകാശവർഷങ്ങൾക്കു അപ്പുറത്തു നിന്നും തിരിച്ചുപിടിച്ചേക്കാം.
അനന്തം, അജ്ഞാതം, അവർണനീയം

ഷിബു ഗോപാലകൃഷ്ണൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.