മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് ന്യൂയോർക്കിൽ ഒരു അസുലഭ നിമിഷം അരങ്ങേറുന്നു. രാമായണമാസത്തിന്റെ പുണ്യസ്മരണകളിൽ ശ്രീരാമന്റെ ജീവിതവും ധർമ്മവും ത്യാഗവും ഓർക്കുന്ന വേളയിൽ, മലയാളിക്ക് രാമായണത്തെ വീടുകളിലെ വിളക്കിനരികിലേക്ക് എത്തിച്ച മഹാകവി എഴുത്തച്ഛനെ നന്ദിയോടെ സ്മരിക്കുന്നു. അധികാരഭീതിയും അക്ഷരജ്ഞാനത്തിന്റെ അഭാവവും നിലനിന്നിരുന്ന കാലത്ത്, കിളിപ്പാട്ടിലൂടെ രാമായണത്തെ ജനഹൃദയങ്ങളിൽ എത്തിച്ച് ഭക്തിക്കും ഭാഷയ്ക്കും പുതിയൊരു ജീവൻ നൽകിയ മഹാനായിരുന്നു അദ്ദേഹം.
ആ മഹത്തായ ജീവിതകഥ ഇനി ന്യൂയോർക്കിലെ വേദിയിൽ നാടകമായി ജീവിക്കുന്നു.മലയാളം ഗ്ലോബൽ വോയ്സും വാൽക്കണ്ണാടി മീഡിയയും അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന "എഴുത്തച്ഛൻ" നാടകം, ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്, സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.ഡാലസിലെ ഭാരതകല തിയേറ്റർ ഇതിനകം ആറു വിജയകരമായ അവതരണങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഈ നാടകം, അതിന്റെ കലാമികവും ആത്മീയ ആഴവും കൊണ്ട് നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ നേടിയിരിക്കുന്നു.
സി. രാധാകൃഷ്ണൻ എഴുതിയ തീക്കടൽ കടഞ്ഞ തിരുമധുരം എന്ന പ്രശസ്ത നോവൽ ആസ്പദമാക്കിയാണ് നാടകം ചിട്ടപ്പെടുത്തിയത്.മലയാളഭാഷയെ സ്നേഹിക്കുന്ന ഏവരെയും ഈ അപൂർവ നാടകാനുഭവത്തിന്റെ ഭാഗമാകാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. എഴുത്തച്ഛന്റെ ജീവിതവും രാമായണത്തിന്റെ ആത്മാവും നാടകത്തിന്റെ മാന്ത്രികഭാഷയിൽ അനുഭവിക്കാം.
For Information: Kris Thoppil 917-369-0177, Reghu Nair 646-285-2898, Philip Madathil 917-459-7819, Korason 516-398-5989.

.jpg)



