എല്ലാവരും കേൾക്കുകയും പറയുകയും ചെയ്യുന്ന ഒരു പഴഞ്ചൊല്ലത്രേ ഇത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ തലമുറക്കാരുടെ ഈ ചൊല്ലുകളിൽ അറിവിൻെ്് ഒളിയമ്പുകൾ ഒളിഞ്ഞിരിപ്പുണ്ട്. കടഞ്ഞെടുത്ത വെണ്ണപോലുള്ള ഈ ഭാഷാ പദങ്ങൾ വെറും പാഴ് വാക്കുകളല്ല പ്രത്യുത ആശയങ്ങളുടെയും അർത്ഥങ്ങളുടെയും സമ്പുഷ്ടത തിങ്ങി നിൽക്കുന്ന ഗുളികകൾ അഥവാ പരമ്പരാഗതമായി ആർജിച്ചെടുത്ത അനുഭവ സമ്പത്ത് എന്ന് വേണമെങ്കിൽ പറയാം. ഏട് എന്നതിന് പുസ്തകം പുസ്തകത്തിൻെ്് താള് എന്നൊക്കെ അർത്ഥം ഉണ്ട് വാക്യത്തിൽ വരുമ്പോൾ കാട് കാട്ടിൽ എന്ന് പറയുന്നത് പോലെ ഏട്ടിലെ എന്നു വരും. അപ്പോൾ കടലാസിലെ പശു പുല്ല് തിന്നില്ല പടം വരച്ച് ഭിത്തിയിൽ ഒട്ടിച്ച് അടിയിൽ പശു പുല്ല് തിന്നും എന്ന് എഴുതിയിട്ടാൽ ബഹു ചന്തം എന്നാൽ ചിത്തം ഇല്ല.
സൈദ്ധാന്തികമായ അറിവ് ദൈനം ദിന ജീവിതത്തിൽ പ്രയോജനപ്പെടണമെന്നില്ല. പുസ്തകത്തിലെ അറിവ് തലയിൽ കയറ്റി പണ്ഡിതൻ എന്ന് നടിച്ചുകൊണ്ട് ഹുംങ്കാരത്തോടെ നാടുചുറ്റുന്നതുകൊണ്ട് സമൂഹത്തിനും നാടിനും എന്ത് പ്രയോജനം? ആശയങ്ങൾ തല മണ്ടയിൽ തിങ്ങി നിൽക്കുന്നു. എന്നാൽ ഭവനത്തിനോ സമൂഹത്തിനോ രാജ്യത്തിനോ ഇവരിൽ കൂടെ പ്രയോജനം ഒട്ടും ഇല്ലാതെ കേവലം കടലാസുകളിൽ മാത്രം പദ്ധതികളും ആശയങ്ങളും നിരത്തിവെച്ച് പറക്കും തളികകൾ പോലെ തലങ്ങും വിലങ്ങും പറക്കുന്നു ഓടുന്നു. ഫലം തഥൈവാ കഞ്ഞി ഇപ്പോഴും കുമ്പിളിൽ തന്നെ. മത സാംസ്കാരിക സാമൂഹിക മേഖലകളിൽ വാതോരാതെ ഒത്തിരി പ്രഖ്യാപനങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും മണി മണിയായി സമൂഹത്തിൻെ്് മുമ്പിൽ അവതരിപ്പിച്ച് പലരും ഇന്ന് അധികാര കസേരകളിൽ കയറി കൂടാറുണ്ട്. ഇക്കൂട്ടരുടെ ഇരിപ്പ് ഉറച്ചു കഴിഞ്ഞാൽ പിന്നീട് അവർക്ക് പറഞ്ഞതെന്താണെന്നോ എന്ത് നടപ്പിൽ വരുത്തണമെന്നോ ഒരു തിട്ടവും ഇല്ല. പിന്നെ എല്ലാം വെറും ഒരു നേരം പോക്ക്. നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉദ്ഘാടനകളും കടലാസിൽ നടത്തി സമൂഹത്തെ വിഡ്ഢികളാക്കുന്ന വഞ്ചിക്കുന്ന ഇവർ കാപട്യത്തിൻെ്് പത്താഴങ്ങൾ.
ഇന്ന് എല്ലായിടത്തും കാര്യപരിപാടികളുടെ എണ്ണവും നടത്തിപ്പുകാരുടെ എണ്ണവും കടലാസ് പദ്ധതികളും വർധിച്ച് ഭാരതപ്പുഴ പോലെ നീളുന്നു. ഇപ്പോൾ ദാരിദ്ര്യം മാറും നാട് നന്നാകും സഭ നന്നാകും എന്നൊക്കെ ഇല്ലാ കഥകൾ കെട്ടിച്ചമച്ച് ജനത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ട് കടലാസ് പദ്ധതികളിലൂടെ കാശിൻ്റെ തുരങ്കം തുറക്കുന്ന നേതാക്കന്മാർ സമൂഹത്തിൻെ്് ദുരന്തം.
കേരളത്തിൻെ്് പൊതുമരാമത്ത് വകുപ്പ് പിടിച്ചെടുത്ത കള്ള തടികൾ ചിതലരിച്ചു കിടക്കുന്നതുപോലെ ഇന്ന് ഇവരുടെ പല പദ്ധതികളും വെറും മരീജികയായി അലമാരികൾക്കുള്ളിൽ ചുവപ്പ് നാടകകൾക്കുള്ളിൽ കിടന്ന് ഞരങ്ങി നെടുവീർപ്പിടുകയാണ്. ഈ തട്ടിക്കൂട്ട് തട്ടുകട പരിപാടികൾ ഒരു കൂട്ടർക്ക് കാശ് അടിച്ചുമാറ്റി മുതലാളിത്തം ചമഞ്ഞ നടക്കുവാൻ ഉള്ള അധികാരപത്രമത്രേ.
എവിടെയും എല്ലായിടത്തും നല്ല തുടക്കങ്ങളും നല്ല പദ്ധതികളും പ്രാവർത്തികമാക്കുവാനും നടപ്പിൽ വരുത്തുവാനും നാം ആർജ്ജവം കണ്ടെത്തുന്നുവെങ്കിൽ ഒരു നല്ല സമൂഹത്തെ നമുക്ക് വാർത്തെടുക്കാം. അതിന് പാർട്ടിയോ മതമോ വിശ്വാസമോ തടസ്സം ആകരുത്. പൊതു പ്രയോജനത്തിനായി ഏത് പാർട്ടിയിലോ മതത്തിലോ പെട്ടവർ മുമ്പോട്ട് വന്നാലും ആശയം നല്ലത് എന്ന് ബോധ്യം വന്നാൽ നടപ്പിൽ വരുത്തുവാൻ നാം പ്രയത്നിക്കേണ്ടത് ആവശ്യമാണ്. ഞാൻ നന്നായില്ല അതുകൊണ്ട് മറ്റവനും നന്നാകരുത് എനിക്കില്ലെങ്കിൽ അവനും വേണ്ട എന്നുള്ള മാനസിക വൈകൃതം ബാധിച്ച ചിന്താഗതികൾ നാം ചവറ്റു കൊട്ടയിൽ വലിച്ചെറിയണം.
നമ്മുടെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റുവാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. മനുഷ്യവകാശ ലംഘനങ്ങളും മതപീഡനങ്ങളും സ്ത്രീ പീഡനവും മയക്കുമരുന്ന് ദുരന്തങ്ങളും സമൂഹത്തിൽ കൊറോണ പോലെ പടർന്ന് പിടിക്കുന്നു കാട്ടുതീ പോലെ ആളിക്കത്തുന്നു. ഇതിനെ നിർമ്മാർജ്ജനം ചെയ്യുവാനുള്ള ചർച്ചകൾ തകിലും പുകിലും നടന്നിട്ടും പലതും കടലാസ്സുകളിൽ അവസാനിക്കുന്നു. ഇങ്ങനെയുള്ള പല പദ്ധതികളും സ്കീമുകളും വൈപ്പിൻകര ദുരന്തം പോലെയും പണിതീരാത്ത വീട് പോലെയും നോക്കുകുത്തികൾ ആയി നമ്മളെ നോക്കി കൊഞ്ഞനം കാണിക്കുകയാണ്. പ്രൊജക്ടുകളുടെയും പ്രോഗ്രാമുകളുടെയും നീണ്ട നിര പ്രദർശിപ്പിക്കുന്നതിനേക്കാൾ ഉപരിയായി പ്രയോജനമുള്ളത് നടപ്പിൽ വരുത്തുവാൻ നമ്മുടെ കരങ്ങൾ ചലിക്കുന്നുവെങ്കിൽ ദേശം ഉദ്ധരിക്കപ്പെടും.
പലതും ഇന്ന് നടപ്പിൽ വരാത്തത് എന്തുകൊണ്ടാണ്? മത്സര മനോഭാവവും അഴിമതിയും കൊള്ളയും സമൂഹത്തോട് കടപ്പാടില്ലാത്ത നിലപാടും തല ഉയർത്തുന്നതുകൊണ്ടത്രേ. വാഴ്ത്തപ്പെട്ടവനായ യേശു കർത്താവ് ആഹ്വാനം ചെയ്യുന്നത് മനുഷ്യർ നമ്മുടെ നല്ല പ്രവർത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തണം (മത്തായി 5:16) പലപ്പോഴും നാം വഴിയരികിൽ തഴച്ച് തല ഉയർത്തി നിൽക്കുന്ന അത്തി വൃക്ഷം പോലെയാണ് ഭംഗിയുണ്ട് ഇലയുണ്ട് തഴപ്പുണ്ട് എന്നാൽ അടുത്തു വരുമ്പോൾ ഫലമില്ല വെറും ശൂന്യത (മർക്കോസ് 11: 13-) ഇന്നയുടെ ദിനങ്ങളിൽ സമൂഹത്തിനും സഭയ്ക്കും രാജ്യത്തിനും എന്തെങ്കിലും കൊടുക്കുവാൻ നമുക്ക് ഉത്സാഹിക്കാം. ഇടിഞ്ഞു കിടക്കുന്ന ചില മതിലുകൾ പണിയുവാൻ ദൈവം കരങ്ങളെ ബലപ്പെടുത്തട്ടെ.
അത് കുടുംബങ്ങൾക്കും സമൂഹത്തിനും നന്മയായി മാറ്റപ്പെടട്ടെ!
കടലാസു പദ്ധതികളും കടലാസു പ്രസംഗങ്ങളും അവസാനിക്കട്ടെ!

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

