തിരുവനന്തപുരം: വിളവൂർക്കലിൽ അമ്മ കൊലപ്പെടുത്തിയ ഒരുവയസുകാരി ഇവാനയ്ക്ക് വീട്ടിൽ അന്ത്യനിദ്ര. കൊലപാതകം നടന്ന വീട്ടിലെ കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചാണ് കുഞ്ഞിന് അന്ത്യവിശ്രമത്തിനുള്ള ഇടമൊരുക്കിയത്. സംഭവത്തിൽ പ്രതിയായ അമ്മ നീതു എന്ന ക്രിസ്റ്റിയുടെ അറസ്റ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് പൊലീസ് രേഖപ്പെടുത്തി. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും ഒരു വയസും ഒരു മാസവും മാത്രം പ്രായമുള്ള മകൾ ഇവാനയെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കൊലപ്പെടുത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് നാലുമണിയായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കാണാതായതിനെ തുടർന്ന് അഭിജിത്തിന്റെ കുഞ്ഞമ്മ മുറിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ക്രിസ്റ്റിയുടെ ഉദ്ദേശമെന്നാണ് പൊലീസ് പറയുന്നത്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭർത്താവിന്റെ സംശയവും സ്വന്തം വീട്ടിലേക്ക് പോലും പോകാൻ അനുവദിക്കാത്തതുമാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ക്രിസ്റ്റിയുടെ മൊഴി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽവെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇവാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ചുമണിയോടെ മൃതദേഹം കൊലപാതകം നടന്ന വീട്ടിലെത്തിച്ചു. അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും വിവാഹ വാർഷികദിനത്തിലാണ് കൊലപാതകം നടന്നത്.
പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ക്രിസ്റ്റിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ വീണ്ടും ചോദ്യം ചെയ്യുകയും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഒരു കൗൺസിലറുടെ നേതൃത്വത്തിലായിരിക്കും തുടർന്നുള്ള ചോദ്യം ചെയ്യലെന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴികളും രേഖപ്പെടുത്തിവരികയാണ്.
അതിനിടെ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയും കത്തി ഉപയോഗിച്ചതും ക്രിസ്റ്റി തന്നെ കാണിച്ചുകൊടുത്തതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിന്റെ സാഹചര്യങ്ങൾ, കുടുംബപ്രശ്നങ്ങൾ, ക്രിസ്റ്റിയുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ.

