PRAVASI

സിയാറ്റിലിൽ ചരിത്രമെഴുതി ആദ്യ പഞ്ചാരി മേളം

Blog Image

പ്രവാസി മലയാളികളുടെ അഭിമാനമായി "PanchariZ - Rhythm of Kerala" സിയാറ്റിൽ: കേരളത്തിലെ ഉത്സവങ്ങളുടെ അവിഭാജ്യഘടകവും നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന താളവാദ്യകലാരൂപവുമായ പഞ്ചാരി മേളം ആദ്യമായി സിയാറ്റിലിൽ അരങ്ങേറി. "PanchariZ - Rhythm of Kerala" എന്ന പേരിൽ രൂപംകൊണ്ട സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ ചരിത്രപരമായ അവതരണം പ്രവാസി മലയാളി സമൂഹത്തിന് അഭിമാന നിമിഷമായി. ഏകദേശം രണ്ടര വർഷക്കാലമായി അർപ്പണബോധത്തോടെയും കഠിനപരിശീലനത്തോടെയും അഭ്യസിച്ച 17 കലാസ്നേഹികളുടെ സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ. സംഘത്തിലെ 16 പേർ സിയാറ്റിലിൽ നിന്നുള്ളവരും ഒരാൾ കാലിഫോർണിയയിൽ നിന്നുള്ളതുമാണ്. മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ് ആശാനും കലാക്ഷേത്ര രാജേഷ് നായരും ഓൺലൈനായും നേരിട്ടും നൽകിയ പരിശീലനത്തിന്റെ ഫലമായാണ് ഈ ചരിത്രനേട്ടം യാഥാർഥ്യമായത്. വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ കലാസ്നേഹികൾ, തിരക്കേറിയ ജീവിതത്തിനിടയിലും ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചുചേർന്ന് കഠിനാധ്വാനത്തിലൂടെ ഈ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.  2026 ജൂലൈ 11-ന് വാഷിംഗ്ടണിലെ മൗണ്ട് സായി ഹൈസ്കൂൾ പെർഫോമിംഗ് ആർട്സ് സെന്ററിൽ, വർണപ്പകിട്ടാർന്ന വേദിയിലായിരുന്നു ഈ ചരിത്രപരമായ പഞ്ചാരി മേള അരങ്ങേറ്റം. പഞ്ചാരി മേളത്തിന്റെ പൂർണത ഉറപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കൊമ്പ്, കുഴൽ, ഇലത്താളം, വലന്തല കലാകാരന്മാരും അവതരണത്തിൽ പങ്കുചേർന്നു. അവരുടെ പിന്തുണയോടെ പാരമ്പര്യത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും ഉൾക്കൊള്ളുന്ന സമ്പൂർണ മേളാവതരണമാണ് കാണികൾക്ക് അനുഭവിക്കാനായത്.

"Panchariz – Rhythm of Kerala" എന്ന പേരിൽ രൂപംകൊണ്ട ഈ സംഘം, സിയാറ്റിലിലെ മലയാളി സമൂഹത്തിന് കേരളത്തിലെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും മേളപ്പെരുക്കും ആഘോഷാന്തരീക്ഷവും വീണ്ടും അനുഭവിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഈ ചരിത്രപരമായ അരങ്ങേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാർ മുരളി രാഘവൻ, വിഷ്ണു കൃഷ്ണൻ, ജോജോ ചാലിശ്ശേരി, ആഷിത റഹ്മാൻ, ലത സന്തോഷ്, രോഹിത് രാമചന്ദ്രൻ, സുരേഷ് എസ്. നായർ, ഹരിഹർ ശങ്കർ, സുരേഷ് ചെല്ലപ്പൻ, പ്രവീൺ ദേവബാലൻ, വിനീത് എ. നായർ, ആനന്ദ് മേനോൻ, മഞ്ജുള കലൂർ, വിശ്വം ചങ്ങരത്ത്, മിലി ജോർജ് ഓജസ്, പ്രകാശ് മേനോൻ, അജിത് കോതാരമത്ത് എന്നിവരാണ്.
സിയാറ്റിലിലെ ആദ്യ പഞ്ചാരി മേള അരങ്ങേറ്റം പസഫിക് നോർത്ത് വെസ്റ്റിലെ മേളക്കലയുടെ പുതിയ അധ്യായത്തിന് തുടക്കമിട്ടതായി കലാസ്വാദകർ വിലയിരുത്തുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.