സിയാറ്റിൽ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തിനെതിരായ വിദ്വേഷ മുദ്രാവാക്യങ്ങളുമായി തീവ്രവലതുപക്ഷ പ്രവർത്തകർ രംഗത്തെത്തിയത് വിവാദമായി. നവംബർ ഏഴിന് സിയാറ്റിൽ സെന്റർ ആർമറിയിൽ നടന്ന ആഘോഷത്തിലാണ് സംഭവം. ജേക്ക് ലാങ് (Jake Lang), തോമസ് അലൻ (Thomas Allen) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കുട്ടികളടക്കമുള്ള കലാകാരന്മാർ വേദിയിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനിടെയാണ് അമേരിക്കൻ പതാകകളും ഹിന്ദു വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ എത്തിയത്. ‘ക്രിസ്ത്യാനികൾക്ക് പകരം ഹിന്ദുക്കൾ വരുന്നത് തടയുക’, ‘ഡോട്ട് ഹെഡ്സ് എന്ന് അധിക്ഷേപിക്കപ്പെടുന്നവരെയെല്ലാം നാടുകടത്തുക’ തുടങ്ങിയ വംശീയവും മതവിദ്വേഷപരവുമായ മുദ്രാവാക്യങ്ങളാണ് പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ വംശജരെയും പ്രത്യേകിച്ച് ഹിന്ദു സമൂഹത്തെയും അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വംശീയ പദമാണ് ‘ഡോട്ട് ഹെഡ്സ്’. പ്രതിഷേധക്കാർ ഉയർത്തിയ മറ്റൊരു മുദ്രാവാക്യം കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും ക്രിസ്ത്യൻ ജനവിഭാഗത്തെ മാറ്റിസ്ഥാപിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ഗൂഢാലോചനാ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
പ്രതിഷേധക്കാരുടെ നടപടിയെ ആഘോഷത്തിൽ പങ്കെടുത്തവർ ശക്തമായി എതിർത്തു. തുടർന്ന് പ്രതിഷേധക്കാരെ വേദിയിൽനിന്നും പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ഇന്ത്യൻ വംശജയായ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ സംഭവത്തെ ശക്തമായി അപലപിച്ചു. ദീപാവലി പ്രധാനപ്പെട്ട ആഘോഷമാണെന്നും ജനങ്ങൾക്ക് ഭയമില്ലാതെ തങ്ങളുടെ മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയണമെന്നും അവർ വ്യക്തമാക്കി. ഇത്തരം വിദ്വേഷപ്രകടനങ്ങൾക്ക് സിയാറ്റിലിലോ അമേരിക്കയിലോ സ്ഥാനമില്ലെന്നും അവർ പറഞ്ഞു.
ഇന്ത്യൻ അമേരിക്കൻ നേതാവ് അജയ് ജെയിൻ ഭൂട്ടോറിയയും സംഭവത്തെ അപലപിച്ചു. ദീപാവലി പ്രകാശത്തിന്റെയും കുടുംബബന്ധങ്ങളുടെയും സന്തോഷത്തിന്റെയും ആഘോഷമാണെന്നും ഇന്ത്യൻ വംശജരെയും ഹിന്ദു സമൂഹത്തെയും വംശീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) സംഭവത്തെ അപലപിക്കുകയും സിയാറ്റിലിലും സമീപപ്രദേശങ്ങളിലുമുള്ള ഹിന്ദു സമൂഹത്തോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, പ്രതിഷേധത്തിനിടെ തങ്ങൾ ആക്രമിക്കപ്പെട്ടതായി ജേക്ക് ലാങ് ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ആക്രമണാരോപണം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
2021 ജനുവരി ആറിന് അമേരിക്കൻ കാപ്പിറ്റോളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടിരുന്ന ജേക്ക് ലാങിന് 2025 ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പുനൽകിയിരുന്നു.
വിവിധ മതവിഭാഗങ്ങളും സംസ്കാരങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന അമേരിക്കയിൽ മതസ്വാതന്ത്ര്യവും കുടിയേറ്റ സമൂഹങ്ങളുടെ സുരക്ഷയും സംബന്ധിച്ച ചർച്ചകൾക്ക് സിയാറ്റിലിലെ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.






