ദീപാവലി ആശംസകൾ നേർന്നുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മേള’യുടെ പുതിയ സ്‌പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദീപാവലി ആഘോഷ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിന്റെ മാസ് എന്റർടെയ്നർ സ്വഭാവം വ്യക്തമാക്കുന്നതാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. നിർമ്മാണക്കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാൻവാസിലൊരുങ്ങുന്ന ‘മേള’ 2027-ൽ തിയേറ്ററുകളിലെത്തും.
കറുത്ത വേഷത്തിൽ മാസ് ലുക്കിൽ നടുവിലത്തെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെയും ചുറ്റും പ്രധാന സഹതാരങ്ങളെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ പശ്ചാത്തല സംഗീതത്തോടെ പുറത്തിറങ്ങിയ പോസ്റ്റർ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
മമ്മൂട്ടിയുടെ മികച്ച ആക്ഷനും കോമഡിയും മാസ് പ്രകടനങ്ങളും ഉൾപ്പെടുത്തിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് നിലവിൽ പുരോഗമിക്കുകയാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ്.
‘ഫാലിമി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ ഒരുക്കിയ നിതീഷ് സഹദേവ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പ്രൊജക്ട് കൂടിയാണിത്. ‘കളങ്കാവൽ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം മമ്മൂട്ടി കമ്പനി ഒരുക്കുന്ന ഈ മാസ് ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്.

