കേരളത്തിലെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് ഇനിയും വൈകേണ്ടതില്ലെന്നും ഘടകകക്ഷികളുമായി ചർച്ച നടത്തി സർക്കാർ വേഗത്തിൽ തീരുമാനമെടുക്കണമെന്നും മന്ത്രി മോൻസ് ജോസഫ്. സംസ്ഥാനത്ത് മദ്യവ്യാപനം വർധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഇക്കാര്യത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി ഉയർത്തിയ ആശങ്കകൾ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം നീണ്ടുപോകുന്നതിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയതിനൊപ്പം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ഭരണത്തിൽ അർഹമായ പദവി നൽകുന്നതും വൈകിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി പുതിയ മദ്യനയം വേഗത്തിൽ പ്രഖ്യാപിക്കണമെന്നാണ് മോൻസ് ജോസഫിന്റെ ആവശ്യം. കേരളത്തിൽ മദ്യവ്യാപനം എന്ന ദുരവസ്ഥ ഇനി ഉണ്ടാകരുത്. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴും ഈ വിഷയം ചർച്ചയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പ്രതിനിധി എന്ന നിലയിൽ സമ്മേളനത്തിൽ ഉയർന്ന അഭിപ്രായങ്ങളും ആശങ്കകളും മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും അറിയിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ഭരണത്തിൽ എത്തിയാൽ ആദരണീയമായ പദവി നൽകുമെന്നത് നേരത്തേയുള്ള ധാരണയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടുണ്ട്. കോൺഗ്രസിന്റേതുൾപ്പെടെയുള്ള മറ്റ് സ്ഥാനങ്ങളിലും തീരുമാനമാകാനുണ്ടെങ്കിലും പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം വൈകാതിരിക്കുന്നതാണ് നല്ലതെന്നാണ് മോൻസ് ജോസഫിന്റെ നിലപാട്. മദ്യനയ പ്രഖ്യാപനവും ഘടകകക്ഷികൾക്കിടയിലെ സ്ഥാനവിഭജനവും ഒരുപോലെ ചർച്ചയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

