പാങ്ങപ്പാറയിൽ വിദ്യാർഥിയായ അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ തേടിയുള്ള പൊലീസ് അന്വേഷണം തുടരുന്നതിനിടെ, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ. “എനിക്ക് അഭിരാമിനെ അറിയില്ല, ഇവിടെ വന്നിട്ടില്ല. ചെയ്യാത്ത കുറ്റത്തിനാണ് എന്നെ പിടിച്ചുവച്ചിരിക്കുന്നത്” എന്നായിരുന്നു ഉമറിന്റെ പ്രതികരണം. കൊലപാതകം നടന്ന ദിവസം പോലും സംഭവസ്ഥലത്ത് എത്തിയിട്ടില്ലെന്നും തന്നെ കേസിൽ പ്രതിയാക്കിയതാണെന്നും പറഞ്ഞായിരുന്നു ഇയാൾ കരഞ്ഞത്. റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതിയായ മണക്കാട് സ്വദേശിനി ആനന്ദയെയും പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്.
പൊലീസ് പറയുന്നതനുസരിച്ച്, ഒന്നാം പ്രതിയായ 17കാരൻ അഭിരാമിനെ കൊലപ്പെടുത്തിയത് ഉമറിന്റെ സഹായത്തോടെയാണ്. ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പിന്നീട് കൊലപാതകം നടന്ന സ്ഥലത്തും പ്രതിയെ എത്തിച്ചു. കേസിൽ ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശിനി ഐശ്വര്യയും പ്രതിയാണ്. ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അതേസമയം, ഉമറിന്റെ പൊട്ടിക്കരച്ചിൽ കേസിൽനിന്ന് രക്ഷപ്പെടാനുള്ള നീക്കമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും കൊലപാതകത്തിന് ശേഷം പ്രവർത്തിച്ചതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ മൊഴികൾ മാറ്റിപ്പറഞ്ഞതായും പൊലീസ് കരുതുന്നു. കേസിലെ നിർണായക തെളിവായ അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെയാണെന്ന കാര്യത്തിൽ പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. കൊലപാതകത്തിന് ശേഷം ഫോൺ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് ഒന്നാം പ്രതി പറഞ്ഞത്. തുടർന്ന് സ്കൂബ സംഘം തോട്ടിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. എന്നാൽ ഫോൺ സമീപത്തെ കാട്ടിലാണ് ഉപേക്ഷിച്ചതെന്നാണ് ഉമറിന്റെ മൊഴി.
കൊലപാതകത്തിന് ഉപയോഗിച്ചതായി പറയുന്ന ബെൽറ്റും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. മരിക്കുന്ന സമയത്ത് അഭിരാം ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിവ എവിടെയാണെന്ന കാര്യത്തിലും പ്രതികൾ കൃത്യമായ വിവരം നൽകിയിട്ടില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താനാകാത്തതും പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും അന്വേഷണത്തിന് വെല്ലുവിളിയാകുകയാണ്. തെളിവെടുപ്പിലൂടെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനാകുമോയെന്നാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.

