ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍-എന്‍റെ ദൈവമേ! എത്ര പെട്ടെന്നാണ് കടന്നു പോയത്. അറുപതു കഴിയുമ്പോള്‍ ദിനരാത്രങ്ങള്‍ ഇഴഞ്ഞു നീങ്ങുമെങ്കിലും കാലം കഴുകന്‍റെ വേഗത്തില്‍ പറക്കും. കണ്ണടച്ചു തുറക്കും മുന്‍പേ കണ്ണാടിയിലെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു തുടങ്ങും.
അന്നൊരു ചൊവ്വാഴ്ചയായിരുന്നു. സെപ്റ്റംബര്‍ 11, 2001. ലോകം മൊത്തത്തില്‍ നടുങ്ങിയ ഒരു ദിവസം!
എന്‍റെ ജീവിതവുമായി ആ ദിവസത്തിന് മറക്കാനാവാത്ത ഒരു അനുഭവമുണ്ട്.
കണ്ണു തുറക്കുമ്പോള്‍ കൈവിരലുകള്‍ റിമോട്ടില്‍ അമരും. ടെലിവിഷനില്‍ "Eyewitness
News' നിന്നുമുള്ള വാര്‍ത്തകള്‍ കണ്ടാലും കണ്ടില്ലെങ്കിലും അതൊരു ശീലമാണ്.
അന്നു രാവിലെ പത്തു മണിക്ക് എന്‍റെ 'വിചാരണ' ദിവസമാണ്.
ഒരു സുപ്രഭാതത്തില്‍ എനിക്കു നാട്ടില്‍ പോകണമെന്നും അമ്മയെ കാണണമെന്നും കലശലായ ഒരു ആഗ്രഹം. 'സുമാ ട്രാവല്‍സിനെ'സെബാസ്റ്റ്യനെ വിളിച്ച്, ക്രെഡിറ്റ് കാര്‍ഡിന്‍റെ ബലത്തില്‍ ടിക്കറ്റ് സംഘടിപ്പിച്ചു.
അമ്മയെ കാണുന്നതിനേക്കാളുപരി, നാട്ടില്‍ ചെന്ന് കൂട്ടുകാരുമായി ഒന്നടിച്ചു പൊളിച്ച് കറങ്ങിത്തിരിഞ്ഞു വരണമെന്നുള്ള ഒരു പൂതിയായിരുന്നു. ജീവിതം ഒന്നേയുള്ളൂ. അത് ഒരു ആഘോഷമാക്കണമെന്ന ചിന്ത മനസ്സില്‍ കട്ടിപിടിച്ചു നില്‍ക്കുന്ന ഒരു കാലഘട്ടം.
മേലധികാരികളുടെ പ്രത്യേക അനുമതിയൊന്നുമില്ലാതെ ഞാന്‍ തന്നെ എനിക്ക് അവധി അനുവദിക്കുകയായിരുന്നു. ഞാനൊരു മര്യാദക്കാരനായിരുന്നതുകൊണ്ട് "ഒരു എമര്‍ജന്‍സി പ്രമാണിച്ച് നാട്ടില്‍ പോകയാണെന്നും തിരിച്ചു വരുമ്പോള്‍ വിവരം അറിയിക്കാമെന്നും, അതുവരെ എന്‍റെ സേവനം പ്രതീക്ഷിക്കണ്ടായെന്നും" ഞാന്‍ അവരെ വിളിച്ചുപറഞ്ഞു.
അങ്ങനെ നാട്ടിലെത്തി.
"നിന്നെ എന്തിനാടാ ഇപ്പോള്‍ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളിച്ചത്?" എന്ന അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ഞാനൊന്നു പതറി.
എല്ലാ ആഘോഷങ്ങള്‍ക്കും ഒരു പരിധിയും അവസാനവുമുണ്ടല്ലോ.
തിരിച്ചു വന്നപ്പോള്‍ എന്നെ കാത്ത് കുറെയേറെ കത്തുകള്‍ കാത്തു കിടപ്പുണ്ടായിരുന്നു. അതില്‍ ഒന്നു രണ്ടെണ്ണം ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുമുള്ളവയായിരുന്നു.
Dear Mr. Varghese
This letter is formally inform you that yours services are no longer required by this
institution and your employment with this institution will therefore be terminated.
Please return all property belonging to the institution, including your employee
identification card, office keys, and any other equipment, materials, or items issued to
you for your work.
For your convenience and to provide you with an opportunity to discuss any questions
or concerns you may have regarding this decision, a meeting has been scheduled for
September 11, 2001 at 10.00 A.M.
We request that you attend the meeting at the designated time, Any concerns you
wish to raise will be given due considerations..
കത്ത് രണ്ടുമൂന്നാവര്‍ത്തി വായിച്ചപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം പിടികിട്ടി-ഞാന്‍ പെട്ടു.
അങ്ങനെ ആ ദിവസം വന്നെത്തി. ഇടയ്ക്കിടെ ടിവിയിലെ വാര്‍ത്തകളിലേക്ക് നോക്കുന്നുണ്ട്. തെളിഞ്ഞ പ്രഭാതമാണ്. ആകാശത്ത് വാര്‍ത്താ ചാനലുകളുടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്.
പെട്ടെന്നാണ് അത് സംഭവിച്ചത്. ഒരു കൂറ്റന്‍ വിമാനം ഇരട്ടഗോപുരങ്ങളിലൊന്നിലേക്ക് ഇടിച്ചുകയറി. ഏതോ സിനിമയുടെ ഷൂട്ടിംഗ് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.
എന്തെങ്കിലുമാവട്ടെ! ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതപ്രശ്നങ്ങളാണല്ലോ ഏറ്റവും വലുത്.
പറഞ്ഞ സമയത്ത് വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ എന്‍റെ ഭാവിജീവിതം അന്ധകാരം!
ഞാന്‍ ജോലി ചെയ്തിരുന്ന '"Sea View Nursing Home' ̨-ന്‍റെ ഗേറ്റിലെത്തിയപ്പോള്‍ അവിടെ പോലീസ്, ഫയര്‍, ആംബുലന്‍സ്-ആകെപ്പാടെ അത്ര പന്തിയല്ലാത്ത ഒരു അന്തരീക്ഷം.
ഇനി ഇവരെല്ലാം കൂടി എന്‍റെ കൈയും കാലും കൂട്ടിക്കെട്ടി "Rikers Island' ̨ ല്‍ കൊണ്ട് തുറുങ്കിലടയ്ക്കാനാണോ? ചിലപ്പോള്‍ മനുഷ്യന്‍റെ ചിന്തകള്‍ അനാവശ്യമായി കാടുകയറും. ഛേയ്, അതൊന്നുമായിരിക്കില്ല. ഞാന്‍ അന്താരാഷ്ട്ര കൊടുംഭീകരനൊന്നുമല്ലല്ലോ.
സംഭവത്തിന്‍റെ ഗൗരവം സാവധാനം ചുരുളഴിഞ്ഞു. മന്‍ഹാറ്റനില്‍ എന്തോ ഭയങ്കര തീവ്രവാദി ആക്രമണം നടന്നിരിക്കുന്നു. അവിടെ മുറിവേറ്റവരെ ശുശ്രൂഷിക്കുവാന്‍ വേണ്ടി
Sea View Nursing Home ഒരു താല്ക്കാലിക എമേര്‍ജന്‍സി ഹോസ്പിറ്റലായി മാറ്റിയിരിക്കുകയാണ്. നേഴ്സിംഗ് ഹോമിലെ അന്തേവാസികളായ മുതുക്കിനേയും ചതുക്കിനേയുമെല്ലാം ചാക്കില്‍ കെട്ടി, അടുത്തുള്ള 'സൂസന്‍ വാഗനര്‍ ഹൈസ്കൂളില്‍' കൊണ്ട് തട്ടിയിരിക്കുകയാണ്.
"നിന്നെ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളിച്ചത്?" എന്‍റെ വിചാരണ ജഡ്ജിക്ക്, എന്‍റെ അമ്മയുടെ മുഖഭാവം.
"എന്‍റെ വിചാരണ... പത്തു മണിക്ക്..." ഞാന്‍ വിക്കി വിക്കി പറഞ്ഞു.
"ഒന്നു പോടെയ് അവിടുന്ന്. ഓണത്തിനിടയിലാ പൂട്ടു കച്ചവടം. പോയി ജോലി ചെയ്യുവാന്‍ നോക്ക്."
എനിക്കു ചുറ്റും നടക്കുന്നതൊന്നും ഉള്‍ക്കൊള്ളുവാന്‍ എനിക്കു കഴിഞ്ഞില്ല. ഏതോ ഒരു "Twilight Zone' ̨ല്‍ അകപ്പെട്ടതുപോലെ.
ബാക്കിയുള്ളത് ചരിത്രത്തിന്‍റെ ഭാഗം. എന്‍റെ 'വിചാരണ' പിന്നീടൊരിക്കലും നടന്നില്ല. അക്കാര്യം എല്ലാവരും മറന്നു-ഞാനൊഴികെ.
ജീവന്‍ പൊലിഞ്ഞ നിരപരാധികളുടെ ആത്മാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!

രാജു മൈലപ്ര

