ചിക്കാഗോ: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം” (അപ്പൊസ്തലപ്രവൃത്തികൾ 20:35) എന്ന ബൈബിൾ വചനത്തെ ആധാരമാക്കി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഒരു വർഷമായി നടപ്പാക്കി വരുന്ന ‘Share with Joy – Prayer with Care’ എന്ന ചാരിറ്റി പദ്ധതിക്ക് സെപ്റ്റംബർ 20 ഞായറാഴ്ച കോട്ടയം, പുന്നത്തറ മാർ മാക്കിൽ ബാലികാഭവനിൽ അനുഗ്രഹീത സമാപനം കുറിക്കും. അന്നേദിവസം തന്നെ ചിക്കാഗോ സെൻമേരിസ് കത്തോലിക്കാ ദേവാലയത്തിൽ ഈ പ്രോജക്ടിന്റെ ഭാഗമായുള്ള പ്രതിമാസ ജന്മദിന ആശീർവാദ ശുശ്രൂഷയുടെ സമാപനവും നടത്തപ്പെടും .
ജന്മദിനങ്ങളെ കേവലം വ്യക്തിഗത ആഘോഷങ്ങളായി മാറ്റിനിർത്താതെ, അവയെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും അവസരങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആഘോഷങ്ങളുടെ സന്തോഷവും മധുരവും ലഭിക്കാതെ കഴിയുന്ന അനാഥരും അഗതികളുമായ കുട്ടികളിലേക്കും ആ സന്തോഷം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2025 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി 2026 സെപ്റ്റംബറിൽ പൂർത്തിയാകുന്ന തരത്തിലാണ് ആവിഷ്കരിച്ചത്. 2025 സെപ്റ്റംബറിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടന്ന CML വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ക്നാനായ റീജിയൺ വികാരി ജനറൽ ഫാ. തോമസ് മുളവനാൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി CML യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം CML വൈസ് പ്രസിഡന്റ് അബിഗയിൽ കണ്ണച്ചാംപറമ്പിൽ പദ്ധതി ഇടവക സമൂഹത്തിന് പരിചയപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി ഓരോ മാസവും ആ മാസം ജന്മദിനം ആഘോഷിക്കുന്നവർക്കായി വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേക ആശീർവാദ പ്രാർത്ഥനകൾ സംഘടിപ്പിച്ചു. അതോടൊപ്പം, ജന്മദിനാഘോഷങ്ങൾക്ക് അവസരം ലഭിക്കാത്ത അനാഥരും അഗതികളുമായ കുട്ടികളെ പ്രത്യേകം പ്രാർത്ഥനയിൽ അനുസ്മരിക്കുകയും അവരുടെ ജീവിതത്തിൽ സന്തോഷം പകരുന്നതിനായി പദ്ധതിയിലൂടെ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.
ഓരോ മാസവും ഒരു അനാഥാലയമോ അർഹമായ സ്ഥാപനമോ തിരഞ്ഞെടുത്ത് അവിടെയുള്ള കുട്ടികൾക്കായി Gift Sharing, സദ്യ, കേക്ക് മുറിക്കൽ തുടങ്ങിയവ ഉൾപ്പെടുന്ന ജന്മദിനാഘോഷങ്ങൾ CML യൂണിറ്റ് സംഘടിപ്പിച്ചു. ഒരു വർഷത്തിനിടെ പന്ത്രണ്ട് സ്ഥാപനങ്ങളിലായി ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് നിരവധി കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിയിക്കാൻ പദ്ധതിക്ക് കഴിഞ്ഞു.
ഇടവക സമൂഹത്തിലെ എല്ലാവർക്കും പദ്ധതിയുടെ ഭാഗമാകാനുള്ള അവസരവും ഒരുക്കിയിരുന്നു. പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ദേവാലയ ഹാളിൽ സംഭാവനാ പെട്ടി സ്ഥാപിക്കുകയും, ഇടവകാംഗങ്ങൾക്കും CML അംഗങ്ങൾക്കും സ്വന്തം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
“സ്വന്തം ജന്മദിനം ആഘോഷിക്കുമ്പോൾ മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷം വിതറുക. യഥാർത്ഥ ആഘോഷം ലഭിക്കുന്നതിലല്ല, കൊടുക്കുന്നതിലും സ്നേഹിക്കുന്നതിലുമാണ്” എന്ന സന്ദേശമാണ് പദ്ധതിയിലൂടെ കുട്ടികളിലും ഇടവക സമൂഹത്തിലും വളർത്തിയെടുക്കാൻ CML ലക്ഷ്യമിട്ടത്.
ഒരു വർഷം നീണ്ടുനിന്ന സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും പങ്കുവെക്കലിന്റെയും യാത്രയുടെ സമാപനമായി സെപ്റ്റംബർ 20-ന് പുന്നത്തറ മാർ മാക്കിൽ ബാലികാഭവനിൽ നടക്കുന്ന ചടങ്ങ് സംഘടിപ്പിക്കും. ബാലികാഭവനിലെ കുട്ടികളോടൊപ്പം സന്തോഷം പങ്കുവെച്ചും വിവിധ പരിപാടികളിൽ പങ്കെടുത്തും പദ്ധതിയുടെ സമാപനം ആഘോഷിക്കും. ചടങ്ങിൽ പുന്നത്തറ സെന്റ് തോമസ് പള്ളി വികാരി ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് വികാരി ഫാ. മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്യാലിൽ എന്നിവർ സന്നിഹിതരാകും. വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ഇമ്മാകുലേറ്റ്, സെന്റ് മേരീസ് പള്ളി മുൻ പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേറിയസ് എന്നിവരും ചിക്കാഗോ സെന്റ് മേരീസ് പള്ളിയുടെ പ്രതിനിധികളും ബാലികാഭവൻ കുട്ടികളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കും.
ഇടവക വികാരി ഫാ. സിജു മുടക്കോടിയിലിന്റെയും CML ആത്മീയ ഡയറക്ടർ ഫാ. അനീഷ് മാവേലിപ്പുത്തൻപുരയിലിന്റെയും ആത്മീയ നേതൃത്വത്തിലും മാർഗനിർദേശത്തിലും, CML ഡയറക്ടർ ജോജോ ആനാലിൽ ബാലികാഭവൻ ഡയറക്ടർ സിസ്റ്റർ റോസ്മിയുമായി ആശയവിനിമയം നടത്തി സമാപന പരിപാടിയുടെ ഏകോപനം നിർവഹിച്ചുവരുന്നു.
CML കുട്ടികളുടെ ഈ സ്നേഹപൂർണ്ണമായ സംരംഭത്തിന് പിന്തുണ നൽകുകയും വിവിധ ഘട്ടങ്ങളിൽ പങ്കാളികളാവുകയും ചെയ്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഈ ദൗത്യം തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ ആഹ്വാനം ചെയ്തു. സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റ് പ്രസിഡൻറ് ഐസക് മറ്റത്തിൽ
വൈസ് പ്രസിഡന്റ്: അബിഗയിൽ കണ്ണച്ചാം പറമ്പിൽ ,സെക്രട്ടറി: ഷോബിൻ കണ്ണമ്പള്ളി
ജോയിന്റ് സെക്രട്ടറി: എലിസബത്ത് ഷിബു പണിക്കപ്പറമ്പിൽ,ട്രഷറർ: ജോഷ്വ കിഴവള്ളിൽ
ജോയിന്റ് ട്രഷറർ: ഡേവിഡ് കളപ്പുരയ്ക്കൽ
എന്നിവരുടെ പ്രവർത്തന വർഷത്തെ പ്രധാന കർമ്മ പദ്ധതികളിൽ ഒന്നാണ് “ ഷെയർ വിത്ത് ജോയ് പ്രയർ വിത്ത് കെയർ” ജന്മദിന ചാരിറ്റി പദ്ധതി.




