സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. വരുന്ന സെപ്റ്റംബർ 18-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. നിലീൻ സാന്ദ്രയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില ഭാർഗവനാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.
കോമയിൽ നിന്ന് ഉണർന്നുവരുന്ന നായകന് അസാധാരണമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതും, തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന കൗതുകകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ട്രെയിലറിലെ നായകന്റെ പ്രത്യേക കഴിവുകളും ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരുടെ കഥാപാത്രങ്ങളുമായുള്ള ഒൺ-സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകരിൽ വലിയ ആകാംഷയാണ് ജനിപ്പിച്ചിരിക്കുന്നത്. മികച്ച മേക്കിംഗ് നിലവാരവും വേറിട്ട പ്ലോട്ടുമാണ് സിനിമയുടെ പ്രധാന ആകർഷണമായി ട്രെയിലർ സൂചിപ്പിക്കുന്നത്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുജീബ് മജീദ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശബ്ദ മിശ്രണത്തിനും സൗണ്ട് ഡിസൈനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം തിയേറ്ററുകളിൽ പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

