മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യുടെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഒരു ആകസ്മിക അപകടവും തുടർന്നുണ്ടാകുന്ന ആകാംക്ഷാഭരിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും ദുരൂഹത നിറഞ്ഞ ട്രെയിലർ ഇതിനകം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ഉർവശിയും ജോജുവും ചിത്രത്തിലെത്തുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും പ്രധാന വേഷത്തിലുണ്ട്. ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സഫർ സനലാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

