PRAVASI

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മെഡിക്കൽ ഉപകരണ വാങ്ങലിൽ വൻ ക്രമക്കേട് ആരോപണം; പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം

Blog Image

കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് ആരോഗ്യ വകുപ്പിൽ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ നാഷണൽ ഹെൽത്ത് മിഷൻ എസ്.എം.ഡി, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) എം.ഡി, ഡി.എം.ഇ, ഡി.എച്ച്.എസ് എന്നിവരാണ് മറ്റ് അംഗങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുചേർത്ത മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും സൂപ്രണ്ടുമാരുടെയും അടിയന്തര യോഗത്തിൽ, കഴിഞ്ഞ പത്ത് വർഷത്തെ ഉപകരണ വാങ്ങലുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി കർശന നിർദേശം നൽകി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വകുപ്പ് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ പ്രക്രിയ, ഇൻസ്റ്റലേഷൻ, കമ്മീഷനിങ്, നിലവിലെ ഉപയോഗം, കൃത്യമായ പരിപാലനം എന്നിവയെല്ലാം സമഗ്രമായി പരിശോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ കാലയളവിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയതിൽ വ്യാപക ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന തുടർച്ചയായ പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ആരോഗ്യ വകുപ്പിലെ സുതാര്യത ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.