PRAVASI

കെപിസിസി അധ്യക്ഷ കസേര! ഷാഫിയും കുഴൽനാടനും മുതൽ കൊടിക്കുന്നിൽ സുരേഷ് വരെ

Blog Image

കെപിസിസി പുനഃസംഘടന വൈകുന്നത് പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിൽ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടതില്ലെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, മികച്ച പ്രവർത്തനപരിചയം മാത്രമാകണം മാനദണ്ഡമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാട് നിർണ്ണായകമാകും. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളിൽ നിന്നും ഇതിനകം അഭിപ്രായം തേടിയിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ തുടങ്ങി ഒരു ഡസനിലേറെ നേതാക്കളുടെ പേരുകളാണ് നിലവിൽ ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളത്. സംഘടനയുടെ തലപ്പത്തേക്ക് ഒരു യുവനേതാവാണ് വരുന്നതെങ്കിൽ ഷാഫി പറമ്പിലിനൊപ്പം മാത്യു കുഴൽനാടന്റെ പേരിനും വലിയ മുൻഗണനയുണ്ട്. ഇതിനിടെ, അധ്യക്ഷനാകാൻ തനിക്ക് താല്പര്യമുണ്ടെന്ന കാര്യം കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

‘ഒരാൾക്ക് ഒരു പദവി’ എന്ന മാനദണ്ഡം കർശനമാക്കിയാൽ എംപിമാരും എംഎൽഎമാരും മത്സരരംഗത്ത് നിന്ന് ഒഴിവാകും. അങ്ങനെവന്നാൽ മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസ്സൻ എന്നിവർ വീണ്ടും പരിഗണിക്കപ്പെട്ടേക്കാം. പ്രസ്തുത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് അന്തിമ തീരുമാനത്തിലേക്ക് എത്രയും വേഗം എത്തിച്ചേരാനാണ് ദേശീയ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.