പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘പ്രിയദർശിനി’ തങ്ങളെ പട്ടിണിയിലാക്കിയെന്ന ഗുരുതര ആരോപണവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി നിലവിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ സ്വകാര്യ ബസ് മേഖലയ്ക്ക് 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി താങ്ങാനാവാതെ ഇതിനോടകം അഞ്ഞൂറിലധികം ബസുകൾ സർവീസ് പൂർണ്ണമായും നിർത്തിവെച്ചു. നിരത്തിലിറങ്ങുന്നവയിൽ പകുതിയിലധികം ബസുകളും നഷ്ടം കാരണം സർവീസുകൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണെന്നും ഉടമകൾ പറയുന്നു.
വിഷയം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ ഗതാഗത മന്ത്രി സി.പി. ജോൺ തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ബസുടമകളുടെ പ്രതിനിധികളുമായി അടിയന്തര ചർച്ച നടത്തി. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് സർവീസുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത ബോധ്യപ്പെടുത്താനാണ് ചർച്ചയ്‌ക്കെത്തിയത്. കെ.എസ്.ആർ.ടി.സിക്ക് സമാനമായി സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുകയും, ഈ ടിക്കറ്റ് തുക സർക്കാർ സബ്‌സിഡിയായി ബസുടമകൾക്ക് നേരിട്ട് നൽകുകയും ചെയ്യുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യം. ചർച്ചയിൽ തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.
അതേസമയം, സ്വകാര്യ ബസുകൾ മറ്റ് വരുമാന സ്രോതസ്സുകൾ കൂടി കണ്ടെത്താൻ ശ്രമിക്കണമെന്ന മന്ത്രിയുടെ മുൻ പ്രസ്താവന വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ചർച്ചയ്ക്ക് പിന്നാലെ വിഷയം വിശദമായി പഠിക്കാൻ സർക്കാർ ഉന്നതതല വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കുക. നാറ്റ്പാക്ക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി, ട്രാൻസ്‌പോർട്ട് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നാറ്റ്പാക്ക് ശാസ്ത്രജ്ഞൻ ഡോ. സജ്ജയ് എന്നിവരടങ്ങുന്ന സമിതി ആറാഴ്ചയ്ക്കുള്ളിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

